സപ്തസ്വരങ്ങളെ തൊട്ടിലിലാട്ടിയ സംഗീത പ്രതിഭ
മലയാളികളുടെ പ്രിയങ്കരനായ ഗായകനും സംഗീത സംവിധായകനായിരുന്നു ശ്രീ എം ജി രാധാകൃഷ്ണന്‍. അദ്ദേഹത്തിന്റെ ഊര്‍ജ്ജസ്വലത നിറഞ്ഞ, സ്വന്തം വ്യക്തിത്വം വിളിച്ചു പറയുന്ന ശബ്ദവും എന്റെ ശ്രദ്ധയില്‍ പെട്ടത് 1975 -1985 കാലഘട്ടത്തിലാണ്.
തിരുവനന്തപുരം കോവളം കടല്‍തീരത്തടിയുന്ന വിദേശ സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചു വരുന്ന സമയമായിരുന്നു എഴുപതുകളുടെ ആദ്യം. കിഴക്കേക്കോട്ട ബസ് സ്റ്റാന്‍ഡില്‍ മാത്രമല്ല തിരുവനന്തപുരം മുഴുവന്‍ കണ്ടിരുന്ന ഇവരുടെ പ്രകൃതിയെയും ആകാരത്തെയും സരസമായ രീതിയില്‍ അവതരിപ്പിച്ച ശ്രീ കെ ജി സേതുനാഥിന്റെ വരികള്‍ക്ക് ചേരുന്ന ശബ്ദവും സംഗീതവും നല്‍കി രാധാകൃഷ്ണന്‍ ആലപിച്ചപ്പോള്‍ "കടലിന്നക്കരെ" എന്ന ഗാനം ഏറെ രസകരമായി. ആ ഗാനം ഇങ്ങനെ പോകുന്നു:
കടലിന്നക്കരെ കല്പ്പവൃക്ഷത്തിലെ
കടന്നല്‍ക്കൂടൊന്നു പൊട്ടീ
തകര്‍ന്നുജീവിതച്ചിപ്പീ
പറന്നൊരായിരം ഹിപ്പി
ഹിപ്പീ ഹിപ്പീ ഹിപ്പീ
പറന്നൊരായിരം ഹിപ്പി
സഞ്ചരിക്കുന്ന ചാരായക്കുപ്പീ
സഞ്ചിക്കുള്ളിലോ ചരസ്സുടപ്പി
നിനക്ക് ലോകം കഞ്ചാവ് ബീഡി
നിരത്തി വില്‍ക്കുമോരാഭണ വീഥി
ഹിപ്പീ ഹിപ്പീ ഹിപ്പീ
പറന്നൊരായിരം ഹിപ്പി
നേര്‍ത്ത ചെമ്പ് കമ്പി കൊണ്ടു
നെയ്തെടുത്ത തലമുടി
കവിളില്‍ രണ്ടു വീതുളി
കണ്ണിലുണ്ടു ചാണ്ടുളി
ഹിപ്പീ ഹിപ്പീ ഹിപ്പീ
പറന്നൊരായിരം ഹിപ്പി
മിഥ്യയാണ് ലോകമെന്നു നീയറിഞ്ഞു
മദ്യമാണ് സത്യമെന്ന് നീ പറഞ്ഞു
പഞ്ചറായ പാന്റുമിട്ട്
പാപ്പരായി നീയലഞ്ഞു
പഞ്ചഭൂതവും നിനക്ക് വഴിമാറുന്നു
ഹിപ്പീ ഹിപ്പീ ഹിപ്പീ
പറന്നൊരായിരം ഹിപ്പി...
അക്കാലത്തെ ഇമേജുകളില്‍ മായാത്ത ഒന്നായിരുന്നു അത്. അതിനു ശേഷമാണ് ആകാശവാണിയിലൂടെയുള്ള അദ്ദേഹത്തിന്റെ ലളിതഗാന പാഠങ്ങള്‍ ഒന്നൊഴിയാതെ ഞാന്‍ കേള്‍ക്കാന്‍ തുടങ്ങിയത്. വളരെ ലളിതമായും തന്മയത്വത്തോടുകൂടിയും ആയിരുന്നു അദ്ദേഹം ആ പാഠങ്ങള്‍ പഠിപ്പിച്ചിരുന്നത്. സംഗീതത്തിന്റെ ആദ്യാക്ഷരങ്ങള്‍ പോലും അറിയാതിരുന്ന എനിക്ക് പോലും പഠിക്കാന്‍ പറ്റുന്ന രീതിയില്‍ ആയിരുന്നു അവ അദ്ദേഹം അവതരിപ്പിച്ചത്. (എം ജി രാധാകൃഷ്ണന്റെ ലളിതഗാന പാഠങ്ങള്‍ ഉള്ള ദിവസം മാത്രം എന്തുകൊണ്ട് കോളേജിലേക്കുള്ള ബസ് ബ്രേക്ക് ഡൌണ്‍ ആകുന്നു എന്ന് എന്റെ ഭാഗ്യത്തിന് ആരും ചോദിച്ചില്ല!).....അത് കേട്ടിരുന്നു സമയം കടന്നു പോകുന്നത് അറിയുകയേ ഇല്ല ....
അക്കാലത്ത് തന്നെ ആകാശവാണിയിലൂടെ പുറത്തു വന്ന "നേരമില്ലാത്ത നേരത്ത്" എന്ന കെ ജി സേതുനാഥ് തന്നെ രചിച്ച ഗാനവും രാധാകൃഷ്ണന്റെ ശബ്ദവും സംഗീതവും രസകരമാക്കി. വളരെ തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ ശല്യപ്പെടുത്താന്‍ വരുന്ന കാറ്റിനോട് പരാതി പറയുന്ന ഗായകന്‍.
നേരമില്ലാത്ത നേരത്ത് വന്നൊരു
കാര്യം പറഞ്ഞ കാറ്റേ - ഇളം കാറ്റേ
നേരാണോ ഇത് നേരമ്പോക്കാണോ
നാണിപ്പിക്കാന്‍ വന്നതാണോ - എന്നെ
നാണിപ്പിക്കാന്‍ വന്നതാണോ.........
ഈ ഗാനം ഇപ്പോഴും എന്റെ മനസ്സില്‍ സന്തോഷവും മുഖത്ത് ചിരിയും കൊണ്ടുവരുന്ന ഒന്നാണ്. ഈ ഗാനങ്ങള്‍ ഇത്രയും ഹൃദ്യമാക്കാന്‍ അദ്ദേഹത്തിന്റെ ഇമ്പവും പ്രസരിപ്പും നിറഞ്ഞ ശബ്ദത്തിനേ കഴിയൂ എന്നെനിക്ക് തോന്നുന്നു.
ആകാശവാണിയിലെ മുപ്പത്താറോളം വര്‍ഷങ്ങള്‍ക്കിടയില്‍ അദ്ദേഹം സംഗീതം നല്‍കിയ അനേകമനേകം നല്ല ഗാനങ്ങള്‍ നമുക്ക് ലഭിച്ചു. ശാസ്ത്രീയ സംഗീതത്തില്‍ അഗാധമായ അറിവു മുതല്‍ക്കൂട്ടായി ഉണ്ടായിരുന്നു. എങ്കിലും സംഗീത വിദഗ്ധര്‍ക്ക് മാത്രമല്ല, സാധാരണക്കാര്‍ക്കും ആസ്വദിക്കാന്‍ പറ്റിയ ലളിതഗാനങ്ങളായി രചനകളെ മാറ്റിയെടുക്കാന്‍ രാധാകൃഷ്ണനുള്ള കഴിവ് അപാരമായിരുന്നു. അദ്ദേഹത്തിന്റെ പല ഗാനങ്ങളും കാലത്തെയും സിനിമ സംഗീതത്തെപ്പോലും അതിജീവിച്ചു ഇപ്പോഴും ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചിരിക്കുന്നത് അതുകൊണ്ടാണ് . "സപ്തസ്വരങ്ങളെ", "ബ്രഹ്മകമലദളം", ഘനശ്യാമസന്ധ്യാഹൃദയം" പോലെയുള്ള ഗാനങ്ങള്‍ .
"രാധാകൃഷ്ണന്‍" എന്ന് മാതാപിതാക്കള്‍ നല്‍കിയ പേരിനെ അന്വര്‍ത്ഥമാക്കും വിധം അദ്ദേഹം സംഗീതം നല്‍കിയ ഒരുപാട് പ്രണയഗാനങ്ങള്‍ "രാധാ-കൃഷ്ണ" പ്രണയത്തെപ്പറ്റിയായിരുന്നു എന്നത് ശ്രദ്ധേയമാണ്.
"നീലക്കടമ്പുകളെ നിങ്ങളും കണ്ടോ നീരദവര്‍ണ്ണനെ, കണ്ണനെ?"
"ഓടക്കുഴല്‍വിളി ഒഴുകിയൊഴുകി വരും"
"രാധാ-മാധവ സങ്കല്‍പ്പത്തിന്‍"
ഇവ കൂടാതെ "അഷ്ടപദി" എന്ന പേരില്‍ ഇറങ്ങിയ ആല്‍ബത്തിലുള്ള ഗാനങ്ങള്‍ എല്ലാം തന്നെ സൂപ്പര്‍ ഹിറ്റായവയാണ്.
"ജയദേവ കവിയുടെ ഗീതികള്‍ കേട്ടെന്റെ രാധേ ഉറക്കമായോ?"
"അഷ്ടപദീലയം തുള്ളിത്തുളുമ്പുന്ന"
"ഓടക്കുഴലേ ഓടക്കുഴലേ"
മയില്‍പ്പീലി മുടി ചൂടും"
ശ്രുതിമധുരങ്ങളും ഹൃദയാവര്‍ജ്ജകങ്ങളും ആയ ഈ ഗാനങ്ങളൊക്കെ ആര്‍ക്കാണ് മറക്കാന്‍ കഴിയുക?
എഴുപതുകളില്‍ പിന്നണി ഗായകനായി സിനിമയിലെത്തിയ രാധാകൃഷ്ണന്റെ "വ്യത്യസ്തമായ" ശബ്ദം അദ്ദേഹത്തിന് ഏറെ അവസരങ്ങള്‍ നേടികൊടുത്തില്ല. എന്നിരുന്നാലും, "അഭയ"ത്തിലെ "മാറ്റുവിന്‍ ചട്ടങ്ങളെ", "നിങ്ങളെന്നെ കമ്മ്യൂണിസ്ടാക്കി " യിലെ "പല്ലനയാറിന്‍ തീരത്തില്‍ ", "ശരശയ്യ"യിലെ " ഉത്തിഷ്ഠത ജാഗ്രത" എന്നീ ഗാനങ്ങളിലെ ആഹ്വാനത്തിന്റെ ശംഖൊലിനാദം രാധാകൃഷ്ണന്റെ ദൃഡമായ ശബ്ദത്തില്‍ ജനങ്ങളുടെ കാതിലെത്തി. അദ്ദേഹം പാടിയ ചലച്ചിത്ര ഗാനങ്ങളില്‍ നല്ലൊരു ശതമാനം ഭക്തിഗാനങ്ങളായിരുന്നു.
പിന്നീട് ചലച്ചിത്ര സംഗീത സംവിധാനത്തില്‍ ശ്രദ്ധ പതിപ്പിച്ച അദ്ദേഹം മുന്നൂറില്‍പ്പരം ഗാനങ്ങള്‍ക്ക് സംഗീതം നല്‍കി. ഗ്രാമീണ (folk) രീതിയില്‍ ചിട്ടപ്പെടുത്തിയ അദ്ദേഹത്തിന്റെ "ആരവം", "കുമ്മാട്ടി", "തമ്പ്" എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ അന്നത്തെ ചലച്ചിത്ര ഗാന രംഗത്ത് ഒരു പുതുമഴയുടെ ഉണര്‍വുണ്ടാക്കി. "തകര" യിലെ നായിക അനുഭവിക്കുന്ന മനോവ്യഥയില്‍ അവളുടെ ഘനീഭവിച്ച ഏകാന്തതയെ കീറിമുറിച്ചു കൊണ്ടുയരുന്ന നിലവിളിയുടെ കൂര്‍ത്ത കണ്ണാടിച്ചീളുകള്‍ "മൌനമേ...നിറയും മൌനമേ..." എന്ന ഗാനത്തിലൂടെ നമ്മുടെ മനസ്സിലും മുറിവുകള്‍ ഉണ്ടാക്കി.
സിനിമാഗാനങ്ങളില്‍ മാത്രമല്ല, ലളിതഗാനങ്ങളില്‍ക്കൂടിയും ഗ്രാമീണതയുടെ ലാളിത്യവും, ശാലീനതയും സൌകുമാര്യവും ഊറ്റിപ്പകര്‍ത്താന്‍ രാധാകൃഷ്ണനുള്ള കഴിവ് അനന്യം തന്നെയായിരുന്നു. ആകാശവാണിയിലൂടെ നമുക്കെല്ലാം പ്രിയപ്പെട്ട
"അന്നത്തോണീ പൂന്തോണീ"
"മുത്തുകൊണ്ടെന്റെ മുറം നിറഞ്ഞു"
"പൂമുണ്ടും തോളത്തിട്ട്"
"പൂക്കൈതയാറ് അവള്‍ പൂക്കൈതയാറ്"
എന്നീ നിത്യഹരിത ലളിതഗാനങ്ങള്‍ അവയില്‍ ചിലത് മാത്രം. ഇവയില്‍ "പൂക്കൈതയാറ്" എന്ന ഗാനം എനിക്ക് പത്തു മുപ്പതു കൊല്ലം മുന്‍പ് കേട്ട ഒരോര്‍മ്മ മാത്രം ആയിരുന്നു. തിരഞ്ഞിട്ടെങ്ങും കിട്ടാഞ്ഞ ഈ ഗാനം എം ജി രാധാകൃഷ്ണന്റേതു തന്നെ എന്ന് ആകാശവാണിയില്‍ വിളിച്ചു സ്ഥിരീകരിച്ചു. ഒരുകാലത്ത് യുവജനോത്സവങ്ങളിലും മറ്റു വേദികളിലും ഒക്കെ മുടങ്ങാതെ കേട്ടിരുന്ന ഒരു ഗാനമാണ് ഇത്. അങ്ങനെ എത്രയെത്ര ഗാനങ്ങള്‍ !
സഹൃദയ മനസ്സുകളില്‍ എന്നെന്നും ജീവിക്കുന്ന ഈ മനോഹര ഗാനങ്ങള്‍ നമുക്ക് നല്‍കിയ എം ജി രാധാകൃഷ്ണനെ അര്‍ഹിക്കുന്ന ബഹുമതികള്‍ അധികാരികളില്‍ നിന്നും ലഭിച്ചില്ല എന്ന ചിന്ത വല്ലാതെ വിഷമിപ്പിച്ചിരുന്നു എന്ന് വായിച്ചു. അദ്ദേഹത്തിന്‍റെ സംഗീതത്തിനും ശബ്ദത്തിനും കേരളീയര്‍ ഹൃദയം നിറഞ്ഞു നല്‍കിയ സ്വീകരണവും അംഗീകാരവും അദ്ദേഹത്തിന് ഒരല്‍പമെങ്കിലും ആശ്വാസം നല്‍കി എന്ന് നമുക്കാശിക്കാം.
നിന്നെ ഞാന്‍ ഏറ്റേറ്റു പാടിയാലും
എന്നും ശ്രുതിപ്പിഴ കാണും
എന്‍ താളവും പിഴച്ചേക്കുമെന്‍ ജീവിത-
സംഗീതവും നിലച്ചേക്കും ...
ശ്രുതി പിഴയ്ക്കാതെ, താളം പിഴയ്ക്കാതെ, ആ സംഗീതം നിലച്ചു.....
സപ്തസ്വരങ്ങളെ തൊട്ടിലിലാട്ടിയ ആ സംഗീത പ്രതിഭയ്ക്ക് മുന്നില്‍ എന്റെ ആദരാഞ്ജലികള്‍ ....
ആ ആത്മാവിനു നിത്യശാന്തി.....