നടന്നു മറഞ്ഞ ആള്‍ക്കൂട്ടങ്ങള്‍
O K Thyagarajan: Translation (Sreedevi PIllai)
എന്തൊരു തിരക്കാണ് മലയാളിക്കിന്ന്! മാദ്ധ്യമങ്ങള്‍ , രാഷ്ട്രീയം,
പ്രകടനങ്ങള്‍ , ഷോപ്പിങ് , ഇറക്കുമതി ചെയ്ത ആഡംബരക്കാറുകള്‍ , കൂറ്റന്‍
ബംഗ്ലാവുകള്‍ , പ്രതീക്ഷകള്‍ ....... അങ്ങനെയങ്ങനെ എന്തൊരു തിരക്കുകളാണ്
! എല്ലാ തെരുവോരങ്ങളിലും ആള്‍ക്കൂട്ടങ്ങളും ആള്‍ത്തിരക്കും തന്നെ.
സ്ത്രീകളുള്‍പ്പടെയുള്ള എത്രയോലക്ഷം ആളുകള്‍ അങ്ങനെ തിങ്ങിനിറഞ്ഞ
ജോലിസ്ഥലങ്ങള്‍ , ബസ്സുകള്‍ , തീവണ്ടികള്‍ , നിരത്തുകള്‍ , ഷോപ്പിങ്
സമുച്ചയങ്ങള്‍ തിരക്ക്... തിരക്ക് .... തിരക്ക് . ലോകത്തുള്ള മറ്റെല്ലാ
ആള്‍ക്കാരെയും പോലെതന്നെ മലയാളിക്കും നേരമില്ല, എന്നാലോ,
ഒരുപാടുയരങ്ങളില്‍ കയറിപ്പറ്റാനും ഒരുപാടൊരുപാട് കാര്യങ്ങള്‍ ചെയ്തു
തീര്‍ക്കാനും ഉള്ള തിരക്ക്.
ആള്‍ക്കൂട്ടങ്ങള്‍ എന്നുമെന്നും മാറിമറിഞ്ഞുകൊണ്ടിരുന്നു. പുതിയവ കൂട്ടം
കൂട്ടമായി എത്തിയപ്പോള്‍ പഴയവ ഏതോ യവനികയ്ക്കുള്ളിലേക്ക് മാഞ്ഞുമറഞ്ഞു
പോയി. അങ്ങനെ കേരളത്തിന്റെ സാമൂഹ്യ സാംസ്കാരിക വേദിയില്‍ നിന്ന്
മറഞ്ഞുപോയ ഒരാള്‍ക്കൂട്ടത്തിനെയാണ്‍ ഈ അവസരത്തില്‍ ഓര്‍മ്മിക്കുന്നത്.
നമ്മുടെ നാട്ടിലെ ബി ക്ലാസ്, സി ക്ലാസ് സിനിമാക്കൊട്ടകകള്‍ക്ക് മുന്നില്‍
ഉല്‍ഭവിക്കുകയും ഒരു സംസ്കാരമായി മലയാളത്തിനുമുന്നില്‍
പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്ന ആ ഒരുകൂട്ടം ആള്‍ക്കാര്‍.
അവരെവിടെപ്പോയി, ഇത്രപെട്ടന്ന്? 1907 ല്‍ തൃശ്ശൂരില്‍, കേരളത്തിലെ
ആദ്യമലയാള സിനിമാട്ടാക്കീസിനു മുന്നില്‍ ആവിര്‍ഭവിച്ച്,
ഒരുനൂറ്റാണ്ടുകൊണ്ട് മലയാളക്കരയാകെ ‘ഓരോ തുള്ളിച്ചോരയില്‍ നിന്നും
ഉയര്‍ന്ന ഒരായിരം പേരെപ്പോലെ’ തന്റെ അസ്തിത്വം പ്രഖ്യാപിച്ച് വന്ന ആ
സമൂഹം ഇന്ന് നിശ്ചലമായിരിക്കുന്നു. ഏതോ ജന്മദൌത്യം തീര്‍ത്തു
മടങ്ങുന്നവരെപ്പോലെ മടങ്ങിപ്പോകാന്‍ അവര്‍ എടുത്തത് വെറും പത്തു
വര്‍ഷങ്ങളോ? തീര്‍ച്ചയായും! ഒരുനൂറ്റാണ്ടോളം നിറഞ്ഞാടിയ ആ സമൂഹം
മടങ്ങിപ്പോകാനും മറഞ്ഞുപോകാനുമെടുത്തത് വെറും പത്തില്‍ത്താഴെ വര്‍ഷങ്ങള്‍
മാത്രം.
ആ ആള്‍ക്കൂട്ടത്തിലൊരാള്‍ ഞാനായിരുന്നു. ഞങ്ങള്‍ ആ പഴയ, ഇടിഞ്ഞുപൊളിഞ്ഞ്
താഴെവീഴാറായ, ഓലമേഞ്ഞ ഷെഡ്ഡുകള്‍ക്കുള്ളിലെ പരുക്കന്‍ മരക്കസേരകളില്‍
എത്രയോ തവണ ഇരുന്നിരിക്കുന്നു! ഓരോ തവണയും ഓരോ പുതിയ അനുഭവത്തിനായി,
അല്‍ഭുതത്തിനായി കാത്തിരുന്നു. മുന്‍പില്‍ നീട്ടിവലിച്ചുകെട്ടിയ
വെള്ളത്തുണിയില്‍ തെളിഞ്ഞത് ഒരു പുതിയ ലോകമായിരുന്നു, അനുഭൂതിയായിരുന്നു,
ഒരിക്കലും നഷ്ടബോധം തോന്നിയിട്ടില്ലാത്ത ഓര്‍മ്മക്കുറിപ്പുകളായിരുന്നു.
എണ്ണമില്ലാത്ത സിനിമകള്‍ കാണാനെടുത്ത എണ്ണമില്ലാത്ത മണിക്കൂറുകള്‍ !ആ
മണിക്കൂറുകള്‍ ഒരിക്കലും ഞങ്ങള്‍ക്ക് ഒരു നഷ്ടമായിരുന്നില്ല. ഒരു
സിനിമയും ഞങ്ങള്‍ക്കൊരു നഷ്ടബോധമോ കുറ്റബോധമോ നല്‍കിയില്ല, പകരം അവ
നല്‍കിയത് പിന്നീടേക്ക് കാത്തുവയ്ക്കാനായി വര്‍ണ്ണച്ചെപ്പുകളായിരുന്നു.
പുതിയ നടീനടന്മാര്‍, കഥകള്‍, പാട്ടുകള്‍, സംഭാഷണങ്ങള്‍..... അങ്ങനെ ഓരോ
സിനിമാക്കൊട്ടകയും ഒരു സ്വപ്നലോകം കാഴ്ചവച്ചു. ആ സ്വപ്നസഞ്ചാരം ഒരിക്കലും
തീരില്ലെന്ന് ഞങ്ങള്‍ വീണ്ടും വീണ്ടും സ്വപ്നം കണ്ടു.
കൊട്ടകകള്‍ക്കു മുന്നില്‍ ഈ ആള്‍ക്കൂട്ടങ്ങള്‍ രൂപം കൊള്ളുന്നത് എത്ര
കൌതുകകരമായ കാഴ്ചയായിരുന്നു! വളഞ്ഞു പുളഞ്ഞ്, ഗ്രാമങ്ങളില്‍നിന്നും,
നഗരപ്രാന്തങ്ങളില്‍നിന്നും, ഒരേ നദിയുടെ കൈവഴികള്‍ ഒരു സാഗരത്തില്‍
എത്തിച്ചേരുന്ന പോലെ, ആളുകള്‍ എത്തിക്കൊണ്ടിരുന്നു. അവരില്‍
അദ്ധ്യാപകരും, കല്ലുവെട്ടുകാരനുമുണ്ടായിരുന്നു, ബാങ്ക് ജോലിക്കാരനും
കര്‍ഷകത്തൊഴിലാളിയുമുണ്ടായിരുന്നു. അവര്‍തമ്മില്‍ വര്‍ഗ്ഗഭേദമോ,
ജാതിഭേദമോ ഉണ്ടായിരുന്നില്ല. വളരെ ശാന്തരായി, സിനിമ തുടങ്ങുന്നതിന്‍
അരമണിക്കൂര്‍ മുന്‍പേ എത്തി അവര്‍ ടിക്കറ്റ് കൌണ്ടറിന്റെ
കൊച്ചുകിളിവാതിലിനു മുന്നില്‍ കാത്തുനിന്നു. ടിക്കറ്റുകള്‍ക്ക് പല
നിരക്കുകളായിരുന്നെങ്കിലും ആ വ്യത്യാസമൊന്നും അതു മേടിക്കുന്നവരുടെ
മാനസികാവസ്ഥയ്ക്ക് മാറ്റമൊന്നും വരുത്തിയിരുന്നില്ല. അകത്തു കടന്നാല്‍
വ്യത്യസ്ത ഇരിപ്പിടങ്ങളിലിരിക്കുന്നവരെല്ലാവരും കാണുവാന്‍ പോകുന്നത് ഒരേ
ലോകമാണെന്നുള്ള തിരിച്ചറിവ് ആ ജനക്കൂട്ടത്തിനുണ്ടായിരുന്നു.
അതുകൊണ്ടുതന്നെ ഇരിപ്പിടങ്ങളുടെ ആര്‍ഭാടങ്ങളിലുപരി വെള്ളിത്തിരയില്‍
തെളിഞ്ഞുയരാന്‍ പോകുന്ന ജീവിതക്കാഴ്ചകളിലേക്കായിരുന്നു അവരുടെ മനസ്സുകള്‍
കേന്ദ്രീകരിച്ചിരുന്നത്. ദിനവുമുള്ള മൂന്നു ഷോകള്‍ക്കും
എത്തിച്ചേര്‍ന്നിരുന്ന ആ ആള്‍ക്കൂട്ടങ്ങള്‍ക്കെല്ലാം തന്നെ
അനുഭവേദ്യമായിരുന്നത് ഒരേ ജീവിതമായിരുന്നു, ഒരേ നിറമായിരുന്നു, ഒരേ
സുഗന്ധമായിരുന്നു. ടിക്കറ്റുകളുടെ വിലയില്‍ സ്വന്തം ജീവിതനിലവാരം
പ്രകടിപ്പിക്കാനായിരുന്നില്ല അവര്‍ എത്തിയിരുന്നത്. തനിക്കും,
കുടുംബത്തിനും, സുഹൃത്തുക്കള്‍ക്കുമൊപ്പം ഒരേ നിമിഷത്തിന്റെ സൌന്ദര്യം
പങ്കുവയ്ക്കുവാനായിരുന്നു.
ജീവിതനൌകയില്‍ നിന്നും നീലക്കുയിലില്‍ നിന്നും ഈ ജനക്കൂട്ടം
ചെമ്മീനിലെത്തിയപ്പോഴേക്കും വളര്‍ന്നു വലുതായി. ആളുകളുടെ എണ്ണത്തിലും,
കാഴ്ചപ്പാടുകളിലും ഈ വളര്‍ച്ച വളരെ പ്രകടമായിരുന്നു. ഓളവും തീരവും എന്ന
സിനിമ വലിയ ഒരു മാറ്റമാണ് പ്രേക്ഷകനിലുണ്ടാക്കിയത്. സ്വയംവരം,
നിര്‍മ്മാല്യം എന്നീ സിനിമകള്‍ കണ്ടിറങ്ങിയ ജനക്കൂട്ടം തങ്ങള്‍ക്കു
വന്നിരിക്കുന്ന മാറ്റം അഭിമാനത്തോടെ തിരിച്ചറിഞ്ഞു. ഒരു പുതിയ
കാഴ്ചപ്പാട്, സിനിമയെ നോക്കിക്കാണുന്ന രീതി, സിനിമ നിര്‍മ്മിക്കുന്ന
രീതി, ഇവയെല്ലാം അടിമുടി മാറിമറയുകയായിരുന്നു. 1970 ഓടെ ഈ മാറ്റം മലയാള
സിനിമാനിര്‍മ്മാതാക്കളിലും മലയാളി പ്രേക്ഷകരിലും വളരെ പ്രകടമായി.
നാടെങ്ങും രൂപംകൊണ്ട ഫിലിം സൊസൈറ്റികളിലൂടെ ലോകസിനിമ സാമാന്യ
ജനത്തിനരികിലെത്തി. നാടകരംഗത്തിന്റെ പിടിയില്‍ നിന്നും, അവയുടെ പരമ്പരാഗത
രീതികളില്‍ നിന്നും സിനിമയെ പുറത്തിറക്കാനും, സിനിമയ്ക്കായി ഒരു തനതു
ഭാഷ, ഒരു തനതു ശബ്ദം, ഒരു തനതു രീതി എന്നിവ രൂപപ്പെടുത്തിയെടുക്കാനും ഈ
ലോകക്ലാസ്സിക്കുകള്‍ പുതിയ സിനിമാപ്രവര്‍ത്തകര്‍ക്ക് പ്രചോദനം നല്‍കി.
ഒരു മാദ്ധ്യമെന്ന നിലയില്‍ സിനിമയ്ക്ക് ശക്തിയും വ്യക്തിത്വവും
കൈക്കൊണ്ടു. ഫ്രഞ്ച് - ഇറ്റാലിയന്‍ സിനിമകളുടെ ചുവടുപിടിച്ച്
മലയാളസിനിമയിലും ഒരു നവോത്ഥാനപ്രസ്ഥാനം രൂപപ്പെട്ടു. ഈ പ്രസ്ഥാനത്തിന്
ചുക്കാന്‍ പിടിച്ചത് പൂനയില്‍ പുതുതായി സ്ഥാപിതമായ ഫിലിം
ഇന്‍സ്റ്റിറ്റ്യൂട്ട് ആയിരുന്നു. ജനക്കൂട്ടം ഇതിനെല്ലാം സാക്ഷിയായി.
ഓലമേഞ്ഞ കൊട്ടകകളിലെ ഓട്ടവീണ വെള്ളത്തുണിയില്‍ വീണ വെളിച്ചം ലോകസിനിമയുടെ
വേദിയിലേക്ക് പ്രതിഫലിച്ചു.
സിനിമയ്ക്ക് പോവുക എന്നത് ഒരു പവിത്രമായ അനുഷ്ഠാനം പോലെയായിരുന്ന
കാലമായിരുന്നു അത്. പ്രദര്‍ശനവിജയം നേടിയ സിനിമകള്‍ കാണുവാന്‍ ഒരു ഗ്രാമം
മുഴുവനും കൊട്ടകയിലേക്ക് ഒഴുകിച്ചെന്നിരുന്ന കാലം.
അച്ഛനും,അമ്മയും,മക്കളും,സഹോദരീസഹോദരന്മാരും, സുഹൃത്തുക്കളുമെല്ലാം
ചേര്‍ന്നുള്ള ഒരു കൂട്ടായ്മ. ഒരേമനസ്സായി അവര്‍ സിനിമ കണ്ടു, ഒരേ
വികാരങ്ങള്‍ പങ്കുവച്ചു. ജാതിമതവര്‍ഗ്ഗഭേദങ്ങളൊന്നും കലുഷമാക്കാത്ത ഒരേ
അനുഭവം. ഒരേ ബസ്സില്‍ സഞ്ചരിച്ച്, ഒരേ മരക്കസേരകളില്‍ ഇടം പങ്കുവച്ച്
അവര്‍ സിനിമകണ്ടു. ഒരു സിനിമ പോലും നഷ്ടപ്പെടാനാകാത്ത ഒരു
മാനസികാവസ്ഥയായിരുന്നു അന്ന്. ഏതെങ്കിലുമൊരു സിനിമ കാണാതിരിക്കുക എന്നത്
ജീവിതത്തിലെ വലിയ നഷ്ടമായിത്തന്നെ കണക്കാക്കപ്പെട്ടു.
ശങ്കരാഭരണം,സാഗരസംഗമം തുടങ്ങിയവപോലെയുള്ള അന്യഭാഷാചിത്രങ്ങളും ഇടയ്ക്ക് ഈ
ജനക്കൂട്ടത്തെ തേടി വന്നു മനസ്സു കീഴടക്കിപ്പോയിരുന്നു.
എല്ലാം മാറിപ്പോയിരിക്കുന്നു. എന്തൊക്കെയോ മാറ്റങ്ങള്‍ ജനക്കൂട്ടത്തെ
തൊട്ട് കടന്നുപോയിരിക്കുന്നു. എന്താണെന്ന് ഏവര്‍ക്കുമറിയാം.
കാരണങ്ങളുമറിയാം. നമ്മുടെ സമൂഹത്തിലും മനസ്സുകളിലും ഈ മാറ്റങ്ങള്‍ ഇന്ന്
പ്രകടമാണ്. മാറ്റം ലോകപ്രകൃതമായതുകൊണ്ട് അതില്‍ കുറ്റം പറച്ചിലിനോ,
പരാതികള്‍ക്കോ ഇടവുമില്ല. പക്ഷേ മനസ്സിന്റെ കോണുകളിലെവിടെയോ ഒരു വേദന
അനുഭവപ്പെടുന്നു. ആ ജനക്കൂട്ടം, ആ ഒരുമ, ആ കൂട്ടായ്മ എവിടെപ്പോയി? ആ
സ്വപ്നാടകസംഘം ഒരു മരീചികപോലെ എവിടെയാണ് മറഞ്ഞുപോയത്? അവര്‍ ഒന്നായാണോ
അതോ കൂട്ടം തെറ്റിയാണോ മറഞ്ഞത്? സിനിമാക്കൊട്ടകകളില്‍ നിന്ന് ഇന്ന്
ചിത്രങ്ങള്‍ നമ്മുടെ സ്വീകരണമുറികളിലേക്കുതന്നെ എത്തിയിരിക്കുന്നു.
സൌകര്യങ്ങളുടെ അമിതപ്രഭാവത്തില്‍ കുഷനിട്ട സോഫയില്‍ , ശീതീകരിച്ച
സ്വീകരണമുറികളിലിരുന്നു കാണുന്ന സിനിമ മനസ്സില്‍ തൊട്ടുപോകുന്നുണ്ടോ?
അനുഭവങ്ങള്‍ നല്‍കുന്നുണ്ടോ? പഴയ സിനിമാക്കൊട്ടകകളുടെ സ്ഥാനത്ത്
ഉയര്‍ന്നുനില്‍ക്കുന്ന കല്യാണമണ്ഡപങ്ങളും, ഷോപ്പിങ് സമുച്ചയങ്ങളും
മറഞ്ഞുപോയ സ്വപ്നാടകരുടെ ശവപ്പറമ്പുകള്‍ പോലെ. ഇനിയൊരിക്കലെങ്കിലും അവര്‍
തിരിച്ചുവരുമോ? ഒരിക്കല്‍ക്കൂടി ഒന്നിച്ചിരിക്കാന്‍? ഒരു സിനിമകാണാന്‍?
ഞാന്‍ സ്വയം നഷ്ടപ്പെട്ടപോലെ.................................