dailyvideo

ഗന്ധര്‍വ ശ്രവണം! ദര്‍ശനം!! സാമീപ്യം!!! സ്വകാര്യ അനുഭവങ്ങളിലൂടെ.....


ഭാഗം മൂന്ന്‌


പുത്തന്‍ ബിലാത്തി പ്രവിശ്യയിലെ അസ്ഥി മരവിപ്പിക്കുന്ന ശൈത്യത്തില്‍ നിന്നും, അരുണാഭ ദേശത്തെ ഊഷ്മളതയിലേക്കുള്ള പറിച്ചു നടീല്‍ വേറിട്ട ഒരനുഭവം ആയിരുന്നു, എല്ലാ അര്‍ത്ഥത്തിലും!അറുപതുകളിലെ പട്ടാളക്കാര്‍ പാലക്കാടന്‍ തെങ്ങില്‍ തലപ്പുള്‍ കാണുമ്പോള്‍ അനുഭവിച്ചിരുന്ന ഒരു അനുഭൂതി തന്നെയായിരുന്നു ഫ്ലോറിഡയിലെ പനയോലകളുടെ ദൃശ്യം

പ്രധാനം ചെയ്തത്. പുതിയ ഒരു ദേശത്തേക്ക് പോകുമ്പോള്‍ ചെയ്തിരുന്ന പതിവനുസരിച്ച് ഒരാളുടെ

മേല്‍വിലാസവും കരുതിയിരുന്നു, ഡോക്ടര്‍ സണ്ണി ജോസഫ്‌! ഓര്‍ലാന്‍ഡോയിലെ അറിയപ്പെടുന്ന

സൈക്കോളജിസ്റ്റും ക്ലിനിക്കല്‍ സൈക്യാട്രിസ്ടും ആണ് സണ്ണി. ഞാന്‍ ചെന്ന സമയത്ത് വിളിച്ചപ്പോള്‍

ആളു സ്ഥലത്തില്ല. രണ്ടു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തിരിച്ചു വിളിച്ചു. അന്നൊരു ജൂലൈ 4th ആയിരുന്നു.

വൈകിട്ട് ഡിന്നറിനു ക്ഷണിച്ചു. ടൈഗര്‍ വൂട്സും ഷക്കീല്‍ ഒനീലും അയല്‍വാസികളായ ഓര്‍ലാന്‍ഡോ

അയില്‍സ് വര്‍ത്ത് എന്ന പ്രസ്റ്റീജ് കമ്മ്യുണിറ്റിയില്‍ കൊട്ടാര സദൃശ്യ ഭവനത്തിലാണ് കക്ഷിയുടെ വാസം


സണ്ണി തികഞ്ഞ ഒരു സംഗീത പ്രേമിയും സ്ഥലത്തെ അറിയപ്പെടുന്ന ഗായകനും ആണ് എന്നത് കൂടുതല്‍

സന്തോഷത്തിന് വക നല്‍കി. പരിചയപ്പെടലിനിടെ ക്യാപ്ടന്‍ ശര്‍മ്മയും വല്ലകിയും വിഷയമായപ്പോള്‍

അത്ഭുതം നടന്നു.എന്റെ കയ്യില്‍ പോലും ഇല്ലാതിരുന്ന ഞാന്‍ വര്‍ഷങ്ങളായി തേടി നടന്ന ആ പാട്ട്

സണ്ണിയുടെ കൈവശം ഉണ്ടായിരുന്നു.യേശുദാസിന്റെ മിക്കവാറും എല്ലാ പാട്ടുകളുടെയും ലൈബ്രറിയില്‍

നിന്നും നിമിഷ നേരത്തിനുള്ളില്‍ ഒരു കോപ്പി എടുത്തു തന്നു (ഈ പാട്ടിന്റെയും പാതിരാവില്‍ എന്ന

പാട്ടിന്റെയും മികച്ച കോപ്പികള്‍ ഷക്കീബ്എന്ന കുട്ടേട്ടന്റെ കയ്യില്‍ നിന്നും പിന്നീട് ലഭ്യമായത് നന്ദി

പൂര്‍വ്വം സ്മരിക്കുന്നു)


ഇതിനിടെ ഒരു കാര്യം വ്യക്തമായി,സണ്ണി യേശുദാസിന്റെ ഒരു തികഞ്ഞ ആരാധകന്‍ ആണെന്ന്! അത്

പുതിയ ഒരു സൌഹൃദത്തിന്റെ തുടക്കം ആയിരുന്നു.അമേരിക്കന്‍ ജീവിതത്തിനിടെ കിട്ടിയ ആദ്യത്തെ

യദാര്‍ത്ഥ സൌഹൃദം!സംഗീതത്തെ സ്നേഹിച്ചിരുന്ന സണ്ണിക്ക് എന്നെ സ്നേഹിക്കാതിരിക്കാന്‍

കഴിയുമായിരുന്നില്ല! കൂടുതല്‍ അടുത്തറിഞ്ഞപ്പോള്‍ മനസ്സിലായി, സണ്ണി യേശുദാസിന്റെ ഒരു

സാധാരണ ആരാധകന്‍ മാത്രമായിരുന്നില്ല.ഒരു വ്യക്തിയെ ഒരാള്‍ക്ക്‌ എത്ര മാത്രം ആരാധിക്കാന്‍

കഴിയും എന്ന് എന്നെ അമ്പരപ്പിച്ച പ്രതിഭാസമായിരുന്നു സണ്ണി. ദാസിന്റെതല്ലാത്ത ഒരു പാട്ട്

ശരിയായി ആസ്വദിക്കാന്‍ സണ്ണി കൂട്ടാക്കിയിരുന്നില്ല. ദാസിനെക്കുറിച്ചു ആരെങ്കിലും മോശമായി

പറഞ്ഞാല്‍ സണ്ണിയുടെ മുഖം ചുവക്കും, ശബ്ദം ഇടറും, കണ്ണുകള്‍ നിറയും. സ്വന്തം ഭാര്യയും മക്കളും

സഹോദരങ്ങളും ഒക്കെ ആ അദൃശ്യ വലയത്തിന് പുറത്താണ്. ആ സത്യം മറ്റാരെക്കാളും ദാസിന്

തന്നെ അറിയാം. ഓര്‍ലാന്‍ഡോ പരിസരത്തു എവിടെ വന്നാലും യേശുദാസ്‌ താമസിക്കുന്നത്

സണ്ണിയുടെ വീട്ടില്‍ ആയിരിക്കും.


യേശുദാസ്‌ എന്ന വ്യക്തിയുടെ കച്ചവടമനസ്സിനെക്കുറിച്ചുള്ള അപവാദങ്ങളെ ഞാന്‍ കേട്ടിട്ടുള്ളൂ.

ഒന്നും സത്യമായി തോന്നിയിട്ടില്ല. പക്ഷെ സമര്‍ഥമായ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ട്. ലോകത്തിലെ

എല്ലാ രാജ്യങ്ങളിലെയും മിക്കവാറും എല്ലാ പ്രധാന പട്ടണങ്ങളിലും സ്ഥിരമായി സന്ദര്‍ശിക്കുന്ന

അദ്ദേഹം എല്ലാ സ്ഥലങ്ങളിലും ഒരു വ്യക്തിയെ ചുണ്ണാമ്പ് ഇട്ടു വച്ചിട്ടുണ്ട്. അത് സ്ഥലത്തെ പ്രധാന

ബിസിനെസ്സ്കാരനോ ഭിഷഗ്വരനോ സര്‍വ്വോപരി അദ്ദേഹത്തിന്‍റെ തികഞ്ഞ ആരാധകനും

ആയിരിക്കും. അവര്‍ക്ക് അദ്ദേഹത്തിന്റെ ചിട്ടകളും ഇഷ്ടാനിഷ്ടങ്ങളും ഭക്ഷണക്രമവും എല്ലാം അറിഞ്ഞിരിക്കണം. ജീവിതത്തില്‍ കടുത്ത ചിട്ടകളും ശീലങ്ങളും പാലിക്കുന്ന ഒരു വ്യക്തിയെ

സംബന്ധിച്ചിടത്തോളം വളരെ ആത്യാവശ്യമായ ഒരു കാര്യം തന്നെയാണത്. ഓരോ സ്ഥലത്തും

ഇതിനു വേണ്ടി മത്സരിക്കുന്നവരില്‍നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ആള്‍ ആയിരിക്കും അവിടത്തെ

അദ്ദേഹത്തിന്റെ സ്ഥിരം ആതിഥേയന്‍. അതൊരു അലിഖിത പരസ്പര ധാരണയാണ്!

പശുവിന്റെ കടിയും കാക്കയുടെ വിശപ്പും എന്ന ആപ്തവാക്യം ഇവിടെ പ്രാവര്തികമാകുന്നു. ഈ ലിസ്റ്റ്

നൂറിലൊ ആയിരത്തിലോ പതിനായിരത്തിലോ ഒതുങ്ങുന്നതല്ല. അമേരിക്കയിലെ അന്‍പതു സ്റേറ്റ്കളില്‍

ഒന്നായ ഫ്ലോറിഡയിലെ നാല് പട്ടങ്ങളിലെ നാല് ആതിഥേയരെ എനിക്കറിയാം. അപ്പോള്‍ ലോകമാകെ

എത്ര കാക്കകള്‍ ഉണ്ടാകുമെന്ന് ഊഹിക്കാമല്ലോ!ഇത്രയും വ്യക്തികളെ മനസ്സില്‍ ഓര്‍ക്കുക അസാധ്യം

ഇറ്റലിയിലെ സിസിലിയില്‍ ഉള്ള കുഞ്ഞോനാച്ചനെ ആസ്ട്രേലിയയിലെ പെര്‍ത്തില്‍ വച്ച് യേശുദാസ്‌

തിരിച്ചറിഞ്ഞെന്നു വരില്ല, ഇത് കാക്കകള്‍ക്കും അറിയാവുന്ന നഗ്ന സത്യമാണ്. പക്ഷെ സണ്ണിയുടെ

കാര്യം വ്യത്യസ്തമാണ്.ആ ഭക്തിയുടെ തീവ്രത യേശുദാസിന് ശരിക്കും അറിയാവുന്നതും ആണ്.പല

വേദികളിലും യദാര്‍ത്ഥ സ്നേഹിതന്‍ എന്ന് സണ്ണി യെക്കുറിച്ച് മാത്രമേ യേശുദാസ്‌ പറഞ്ഞു ഞാന്‍

കേട്ടിട്ടുള്ളൂ!

സണ്ണിയുമായി പരിചയം ആയതിനെ ശേഷം,പല തവണ യേശുദാസ്‌ വന്നിരുന്നു എന്ന് പറഞ്ഞിരുന്നതല്ലാതെ ഒരു തവണ പോലും കാണാനുള്ള ഭാഗ്യം ലഭിച്ചിരുന്നില്ല.അങ്ങിനെ ഇരിക്കെ ഒരു

തവണ ലോട്ടറി അടിച്ചു. “ദാസേട്ടന്‍ വന്നിട്ടിട്ടുണ്ട്, വൈകിട്ട് ഡിന്നറിനു വരണം" എന്ന് ക്ഷണം

കിട്ടിയതനുസരിച്ചു കുടുംബ സമേതം അവിടെ ചെന്നു.അപ്പോള്‍ യേശുദാസ്‌ ഭാര്യയുമായി ഷോപ്പിങ്ങിന്

പോയോരിക്കുകയായിരുന്നു. ഞങ്ങള്‍ ഡൈനിംഗ് റൂമില്‍ സംസാരിച്ചിരുന്നു. ഒന്നര വയസ്സുകാരന്‍ അപ്പു

മാത്രം ലിവിംഗ് റൂമില്‍ കളിച്ചുകൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ എന്തോ ശബ്ദം കേട്ട് ചെന്ന്‌

നോക്കിയപ്പോള്‍ യേശുദാസും പ്രഭയും അപ്പുവിനെ കളിപ്പിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് കണ്ടത്. അവരെ

അതിശയിപ്പിച്ച ഒരു സംഭവം അവിടെ നടന്നിരുന്നു.യേശുദാസ്‌ വാതില്‍ തുറന്നു കടന്നു വന്ന സമയത്ത്

ഇതിനു മുന്‍പ് ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ഒന്നര വയസ്സുകാരന്‍ അപ്പു ”യേശുദാസ്‌" എന്ന് അതിശയത്തോടെവിളിച്ചത് അവരെയും ഞങ്ങള്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി. അവിടെ കൂടിയത്

എന്തിനെന്ന് അറിയാനുള്ള പ്രായം പോലും അവനില്ലായിരുന്നു. ടിവി യിലും വീഡിയോ യിലും ചില

ക്ലിപ്പുകള്‍കണ്ടിട്ടുണ്ടാവും.ഒരു ശിശുവിന്റ മനസ്സില്‍ പോലും ആ മാന്ത്രിക സ്വരം ചെലുത്തുന്ന സ്വാധീനം

ആയെ ആ സംഭവത്തെ വിശദീകരിക്കാന്‍ എനിക്കാവൂ.


അന്നത്തെ ആ കൂടിക്കാഴ്ച അവിസ്മരണീയമായിരുന്നു. പ്രോഗ്രാമുകളുടെയോ ആരാധകരുടെയോ തിരക്ക്

ഇല്ലാതെ വളരെ വ്യതസ്തമായ ഒരു അന്തരീക്ഷത്തില്‍ അദ്ദേഹം തികച്ചും മറ്റൊരു വ്യക്തിയായിരുന്നു.

പരിചയം വീണ്ടും പുതുക്കേണ്ടി വന്നുവെങ്കിലും അത്തവണ പെട്ടെന്ന് ഓര്‍ത്തടുത്തു. പിന്നീട് ഒരിക്കലും

അതിനു മിനക്കെടെണ്ടിയും വന്നിട്ടില്ല.മുന്നുനാല് മണിക്കൂറുകള്‍ കടന്നു പോയത് അറിഞ്ഞതേയില്ല.

ക്ഷണിക്കപ്പെട്ട ആ ചെറിയ സദസ്സില്‍ അദ്ദേഹം വളരെ വാചാലനായി. എല്ലാ വിഷയങ്ങളിലും

പറയാന്‍ ഏറെ. അതിനിടെ സംഗീതവും വിഷയമായി. സാധാരണ ഇങ്ങിനെയുള്ള മേല്പറഞ്ഞ

ആതിഥേയ സദസ്സുകളില്‍ സംഗീതവുമായി ബന്ധമുള്ളവരുടെ എണ്ണം കുറവായിരിക്കുമെന്നതിനാല്‍,

എന്റെ സാന്നിധ്യം അദ്ദേഹം വളരെ ഇഷ്ട്പ്പെട്ടിരുന്നതായി തോന്നി. സംഭാഷങ്ങളില്‍ അത് പലപ്പോഴും

പ്രകടിപ്പിക്കുകയും ചെയ്തു. രാഗങ്ങളെപ്പറ്റിയും അതിന്റെ ഭാവഭേദങ്ങളെപ്പറ്റിയും ഒക്കെ അവിടെ കൂടിയിരുന്ന

ചെറു സദസ്സിനു വിവരിച്ച കൂട്ടത്തില്‍ ഞാനും അറിയാതെ കൂടി. ഒരു ആത്മബന്ധം അറിയാതെ അവിടെ

ഉടലെടുക്കുകയായിരുന്നു.പിന്നീട് യേശുദാസ്‌ വരുമ്പോഴൊക്കെ സണ്ണി എന്നെ വളിക്കുന്നത്‌ പതിവാക്കി

അതിനു പിന്നില്‍ ഒരു സ്വാര്‍ത്ഥ താല്പര്യവും ഉണ്ടായിരുന്നു (സണ്ണി ക്ഷമിക്കണം). സ്റ്റേജിലോ

റെക്കോര്‍ഡിങ്ങിനോ അല്ലാതെ ആര് പറഞ്ഞാലും യേശുദാസ്‌ പാടുകയില്ല, ആവശ്യപ്പെടാന്‍ ആരും

ധൈര്യപ്പെടാറുമില്ല(ഒരിക്കല്‍ സണ്ണിയുടെ മകള്‍ക്ക് വേണ്ടിയുംപിന്നീടൊരിക്കല്‍ അപ്പുവിന് വേണ്ടിയും

പാടിയിട്ടുണ്ട്) പക്ഷെ സംഗീതത്തെക്കുറിച്ചും സംഗീതജ്ഞരെക്കുറിച്ചും രാഗങ്ങളെ കുറിച്ചും സംസാരിച്ചു

ഒരു പ്രത്യേക രീതിയില്‍ അപ്പ്രോച്ച് ചെയ്താല്‍ നല്ല മൂഡില്‍ ആകും.പിന്നെ ആ തൊണ്ടയില്‍ നിന്നും

വരുന്നത് സ്വര രാഗ ഗംഗാ പ്രവാഹം തന്നെയായിരിക്കും. ആരും പറഞ്ഞു കൊടുക്കാത്ത ആര്‍ക്കും വേണ്ടി

അല്ലാത്ത ആ ആലാപനം ഒരു അനുഭൂതി തന്നെയാണ്. അതുപോലെ ദീര്‍ഘദൂര ഡ്രൈവിങ്ങിനിടെ

ചെറുതായൊന്നു മൂളിക്കൊടുത്തല്‍ മതി ബാക്കി ഏറ്റെടുത്തുകൊള്ളും. (ദയവായി ദാസേട്ടന്‍ ഇത്

വായിക്കരുത്,വായിച്ചാലും മറന്നേക്കുക,വല്ലപ്പോഴും വീണു കിട്ടുന്ന ആ ഭാഗ്യം നഷ്ടമാകരുത്‌) സണ്ണി

മറന്നാലും യേശുദാസ്‌ ചോദിക്കും ”മ്യൂസിക്‌ ഡയറക്ടര്‍ എവിടെ" എന്ന് (സ്നേഹത്തില്‍ പൊതിഞ്ഞ ആ

ആ ടീസിംഗിനും ഒരു മധുരിമയുണ്ട്)


2004 ല്‍ ഒരു ഹ്രസ്വ ഒഴിവിനു നാട്ടില്‍ പോയിരുന്നു. പ്രായമായ മാതാപിതാക്കളെ കാണാനും, ഞങ്ങള്‍

ചെല്ലുന്നതറിഞ്ഞു ആലോചിച്ചുറപ്പിച്ച ഇളയ അളിയന്റെ കല്യാണം കൂടാനും. തിരക്കുകള്‍ കഴിഞ്ഞു

അവസാന രണ്ടു ദിവസം കുട്ടികളുമായി ചെറിയ ഒരു ടൂര്‍ നടത്തി. രണ്ടു ദിവസത്തെ പരിചയത്തിന്റെ

സ്വാതന്ത്ര്യത്തില്‍ സാരഥി സന്ദീപ്‌ എന്റെ മകള്‍ ചിന്നുവിന്റെ ചര്‍മ്മത്തിലെ നിറഭേദത്തെക്കുറിച്ച്

ആരാഞ്ഞതിനു vitiligo എന്ന പ്രതിവിധിയില്ലാത്ത അവസ്ഥാന്തരത്തെക്കുറിച്ച് പറയേണ്ടി വന്നു. ഉടന്‍

തൊടുപുഴയിലുള്ളഒരു അമ്മച്ചിയുടെ ഒറ്റമൂലി ചികിത്സയെക്കുറിച്ച് സന്ദീപ് പറഞ്ഞത് പ്രകാരം വണ്ടി

നേരെ തോടുപുഴയിലേക്ക് വിട്ടു. അവര്‍ ഒരു ചൂര്‍ണ്ണവും കുറച്ചു തൈലവും ചികിത്സാവിധിയും തന്നു വിട്ടു.

തിരികെ വന്നു കുറിപ്പടി വായിച്ചു നോക്കി. തൈലം പുറമേ പുരട്ടാനുള്ളതാണ്. ചൂര്‍ണ്ണം രാവിലെയും

വൈകിട്ടും പശുവിന്‍ പാലില്‍ പച്ചമഞ്ഞളും പത്തു കൃഷ്ണതുളസി ദളങ്ങളും ചേര്‍ത്തരച്ചു സേവിക്കണം.

പച്ചമഞ്ഞള്‍ അന്വേഷിച്ചു സംഘടിപ്പിച്ചു. പക്ഷെ കൃഷ്ണതുളസി? ഓര്‍ലാന്‍ഡോ മൊത്തം അലഞ്ഞു

തിരിഞ്ഞു രണ്ടു മൂട് സംഘടിപ്പിച്ചു. പക്ഷെ ദിവസേന ഇരുപതു ഇലകള്‍ ലഭ്യമാക്കാന്‍ ചെറിയ ഒരു കൃഷി

തന്നെ വേണ്ടിവരും. അതിനെക്കുറിച്ച് ആലോചിച്ചു വേവലാതി പൂണ്ട ഒരവസരത്തില്‍ യേശുദാസും

ഉണ്ടായിരുന്നു. അദ്ദേഹം ഫ്ലോറിഡയില്‍ പണ്ട് താമസിച്ചിരുന്ന വിറ്റുപോയ വീടിനു ചുറ്റും വേലി ആയി

നട്ടു വളര്‍ത്തിയിരുന്ന കൃഷ്ണതുളസി ചെടികളെ ഓര്‍ത്ത്‌ സഹതപിച്ചു. കൃഷ്ണതുളസിയുടെ സത്ത് കടയില്‍

കിട്ടുമോ എന്ന് അന്വേഷിക്കാന്‍ ഉപദേശിച്ചു. പക്ഷെ കിട്ടിയില്ല. തല്‍ക്കാലം ഉള്ള ഇലകള്‍ അടര്‍ത്തി

ചികിത്സ തുടര്‍ന്ന്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ചട്ടിയിലെ ചെടി മൊട്ടയായി. ആകെയുണ്ടാടിരുന്ന ഒരു

ചട്ടി ചെടി തന്ന ഡോ. അരവിന്ദാക്ഷനോടുള്ള നന്ദി മാത്രം മിച്ചമായി. ചികിത്സയും നിന്നുപോയി.


ആഴ്ചകള്‍ പലതും കടന്നു പോയി. ഒരു ഞായറാഴ്ച വൈകിട്ട് ഫോണ്‍ ശബ്ദിച്ചു. ഫോണെടുത്ത ജൂഡിയുടെ

അമ്പരപ്പ് കേട്ടാണ് ഞാന്‍ ശ്രദ്ധിച്ചത്. മറുതലയ്ക്കല്‍ ഗന്ധര്‍വ സ്വരം, “മോളെ ഇത് ദാസേട്ടനാണ്, സ്റ്റീവി ഉണ്ടോ?” പണ്ട് യേശുദാസ്‌ ന്യയോര്‍ക്കില്‍ വച്ച് തുണ്ട് കടലാസ്സില്‍ എഴുതിത്തന്ന നമ്പര്‍ അതുപോലെ

വച്ചിട്ടുണ്ട്. ഒരിക്കലും ഉപയോഗിക്കാന്‍ ധൈര്യം വന്നിട്ടില്ല. ഒരിക്കലും എന്റെ നമ്പര്‍ ചോദിച്ചിട്ടില്ല,

കൊടുത്തിട്ടുമില്ല. ഞാന്‍ ഫോണെടുത്തു.


“ദാസേട്ടന്‍ എവിടെ നിന്നാ?”


“ഞാന്‍ ടാമ്പാ എയര്‍ പോര്‍ട്ടില്‍ നിന്നാ, നാട്ടില്‍ നിന്നും വരുന്ന വഴിയാ, കൃഷ്ണതുളസിയുടെ എക്സ്ട്രാക്റ്റ് കൊണ്ടുവന്നിട്ട്ടുണ്ട്. എന്ത് ചെയ്യണം?”


എത്ര മിനിട്ട് മരവിച്ചു നിന്നു എന്നോര്‍മയില്ല, അപ്പോഴത്തെ അവസ്ഥ വിവരിക്കാനുള്ള ഭാഷയും കൈവശം

ഇല്ല. സമചിത്തത കൈവരിച്ചശേഷം ചോദിച്ചു,


“ദാസേട്ടന്‍ എങ്ങോട്ടാ?


“ഞാന്‍ ഗെയിന്‍സ്‌ വില്ലില്‍ മകന്റെ അടുത്തേയ്ക്ക് പോകുന്നു"


വിശാല്‍ അന്ന് അവിടെയാണ് പഠിച്ചിരുന്നത്. ഓര്‍ലാന്‍ഡോയില്‍ നിന്നും ടാമ്പായ്ക് രണ്ടു മണിക്കൂര്‍,

ടാമ്പായില്‍ നിന്നും ഗെയിന്‍സ്‌ വില്ലിലെയ്ക്ക് രണ്ടു മണിക്കൂര്‍. ഓര്‍ലാന്‍ഡോയില്‍ നിന്നും

ഗെയിന്‍സ്‌വില്ലിലെയ്ക്ക് രണ്ടു മണിക്കൂര്‍. ഈ മൂന്നു സ്ഥലങ്ങളും ഒരു ത്രികോണാകൃതിയില്‍ കിടക്കുന്നു. ഞാന്‍

ചോദിച്ചു


”ദാസേട്ടന്‍ എന്നാണ് ഒര്‍ലാന്‍ഡോയിലേക്ക് വരുന്നത്?”


“അടുത്താഴ്ച വരും"


“അന്നേരം കൊണ്ടുവരാമോ"


“വേല കയ്യിലിരിക്കട്ടെ, ചെന്നയില്‍ നിന്നും ഇവിടെ വരെ എനിക്ക് കൊണ്ടുവരാമെന്കില്‍ നിങ്ങള്‍ ഗെയിന്‍സ്‌ വില്ലില്‍ വന്നു വാങ്ങണം!”


“ശരി, ഞങ്ങള്‍ ബുധനാഴ്ച വരാം"


സ്വന്തം കൂടപ്പിറപ്പുകള്‍ പോലും അങ്ങോട്ട്‌ ആവശ്യപ്പെട്ടാലും ചെയ്യാത്ത മഹാകാര്യം ചെയ്തിട്ടാണ് ഒന്നും ചെയ്തിട്ടില്ലാത്ത മട്ടില്‍ തമാശിക്കുന്നതും കുട്ടികളെപ്പോലെ വാശി പിടിക്കുന്നതും. ദൈവമേ ആരാണീ

മനുഷ്യന്‍? എങ്ങിനെയാണ് ഇതൊക്കെ വിശ്വസിക്കുക? മഞ്ഞു പാളികള്‍ ഓരോന്നായി ഉരുകുകയായിരുന്നു,

പറഞ്ഞത് പോലെ ബുധനാഴ്ച വൈകുന്നരം ജോലി കഴിഞ്ഞു ഗെയിന്‍സ്‌വില്ലില്‍ ചെന്നു. കണ്ട കാഴ്ച

സ്തംഭിപ്പിക്കുന്നതായിരുന്നു.രണ്ടു വലിയ ജാറുകളില്‍ കോയമ്പത്തൂരിലെ ആര്യവൈദ്യശാലയില്‍ പ്രത്യേകം

പറഞ്ഞു തയ്യാറാക്കി റെഫ്രിജറേറ്റട് കൊറിയറില്‍ മദിരാശിയിലെ വിലാസത്തില്‍ അയച്ച ലേബലോട്

കൂടിയ, കൃഷ്ണതുളസിയുടെ സത്ത്! അത് മദിരാശിയില്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചു, മൂന്നോ നാലോ പ്ലെയിനിലും

റെഫ്രിജറേറ്റ് ചെയ്തു, ഗെയിന്‍സ്‌വില്ലിലെ അപ്പാര്‍ട്ട്മെന്റിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ചു വച്ചിരിക്കുന്നു. ആ ദിവസം

എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. യേശുദാസ്‌ എന്ന അമാനുഷിക പ്രതിഭാസത്തെ അമ്പരപ്പോടെ അകലെ നിന്നു വീക്ഷിച്ച കാലവും, ഗന്ധര്‍വ സ്വരത്തിന് സഗീതം പകര്‍ന്ന കാലവും,

ആരാധനയോടെ പരിചയം പുതുക്കിയ കാലവും, സൌഹൃദത്തിന്റെ പരിമളം പടര്‍ത്തിയ കാലവുമൊക്ക

ഒന്നൊന്നായി കൊഴിഞ്ഞു വീണു.മലയാണ്മയുടെ മുലപ്പാല്‍ നുകരുന്ന കോടിക്കണക്കിനു ജനങ്ങള്‍

സ്നേഹപൂര്‍വ്വം ദാസേട്ടന്‍ എന്ന് വിളിക്കുന്ന സാക്ഷാല്‍ ഗന്ധര്‍വന്‍, മാതാപിതാക്കള്‍ ജീവിച്ചിരിക്കെത്തന്നെ സഹോദരങ്ങള്‍ അന്ന്യരായിത്തീര്‍ന്ന എനിക്ക് സ്വന്തം ജ്യേഷ്ഠസഹോദരന്‍ ആയി

മാറുകയായിരുന്നു.

Posted by Ajay Menon on 6:35 PM. Filed under . You can follow any responses to this entry through the RSS 2.0

0 comments for �ഗന്ധര്‍വ ശ്രവണം! ദര്‍ശനം!! സാമീപ്യം!!! സ്വകാര്യ അനുഭവങ്ങളിലൂടെ.....�

Leave comment

About Me

Followers

Recent Entries

Recent Comments

Photo Gallery