മൌനം ചാമരം വീശുമ്പോള്‍
ശ്രീദേവി പിള്ള
മൌനം സ്വരങ്ങളാക്കി, സ്വരമാലകളാക്കി, കാതോര്‍ത്തിരുന്ന മനസ്സുകളിലേക്ക് പകര്‍ന്നു, കുളിര്‍ചാമരം വീശിയ സംഗീതജ്ഞന്‍. എം ജി രാധാകൃഷ്ണന്‍ . പക്ഷേ ആ പേര് അതിനും എത്രയോ മുന്‍പു തന്നെ മലയാളികള്‍ മനഃപാഠമാക്കിയിരുന്നു! ഇന്നത്തെ അത്യന്താധുനിക സംഗീതശ്രവണ യന്ത്രങ്ങളൊന്നും അക്കാലത്ത് അവ കണ്ടുപിടിച്ചവരുടെ സ്വപ്നങ്ങളില്‍ പോലും ഉണ്ടായിരുന്നോ എന്ന് സംശയമാണ്. സംഗീതസ്നേഹികള്‍ക്ക് കൂട്ടായി ആകാശവാണിമാത്രമായിരുന്നു അന്ന്. ചൂടായി വരാന്‍ ഏറെ സമയമെടുക്കുന്ന ഭീമന്‍ വാല്‌വ് റേഡിയോകളും, മര്‍ഫിയുടെയും ഫിലിപ്സിന്റെയും ചെറിയ ട്രാന്‍സിസ്റ്ററ് റേഡിയോകളും ഏകാന്തതകളിലെ സഹയാത്രികരായിരുന്ന കാലം. ശരശയ്യയിലെ ‘ശാരികേ ശാരികേ‘ എന്ന ഗാനം കേള്‍ക്കുമ്പോള്‍ , യേശുദാസിന്റെ കാമുകശബ്ദത്തിനപ്പുറം, ജയചന്ദ്രന്റെ ഭാവസ്വരത്തിനപ്പുറം മനസ്സിലുറഞ്ഞ സംഗീതം സ്വരപ്പെടുത്തി, തെല്ലൊന്നു പരുക്കനാക്കി, എന്നാല്‍, ആത്മാവലിയിച്ചിണക്കിയെടുത്ത ആ ശബ്ദം അല്‍ഭുതമായിത്തന്നെ നിലകൊണ്ടു. ‘ഉണ്ണിഗ്ഗണപതിയേ‘ കേട്ട് അല്‍ഭുതം വീണ്ടും വര്‍ദ്ധിച്ചു. ആരാണത്? ടി പി രാധാമണിയുടെ അനൌണ്‍സ്മെന്റ് പിന്നാലെ. ‘നിങ്ങള്‍ ഇപ്പോള്‍ കേട്ട ഗാനം ആലപിച്ചത് എം ജി രാധാകൃഷ്ണനും മാധുരിയും.’
ബാല്യകാലത്തിലെ വര്‍ണ്ണപ്പൊലിമയ്ക്ക് ചാരുതപകര്‍ന്ന് ആ സ്വരവും സംഗീതവും വീണ്ടും ആകാശവാണി ലളിതസംഗീത പാഠത്തിലൂടെ മഴവില്‍ക്കൊതുമ്പിലേറിവന്നു. തൊട്ടുമുന്നിലിരിക്കുന്ന സ്നേഹമയനായ അദ്ധ്യാപകന്റെ മുന്നിലെന്നപോലെ ലളിതസംഗീതപാഠത്തിനായി അമ്മയുടെ പഴയ മര്‍ഫി ട്രാന്‍സിസ്റ്ററിന്റെ മുന്നിലിരുന്നുകൊടുത്തു. ‘ഒന്നുകൂടിപ്പാടൂ‘ എന്ന ഗംഭീരസ്വരം അറിയാതെ തന്നോട്തന്നെ എന്ന അറിവുപോലെ വരികള്‍ ഏറ്റുപാടിച്ചു. ‘പൂക്കൈതയാറ് അവള്‍ പൂക്കൈതയാറ് അവളൊരായിരം കഥപറഞ്ഞു.........‘ ആകാശവാണിയിലെ വാദ്യവൃന്ദത്തോടെ അവസാനിച്ച ആപാട്ട് ഇന്നിതുവരെ ഒരാവര്‍ത്തി കേട്ടിട്ടില്ല. എങ്കിലും റ്റിവിയിലും, എഫ് എം റേഡിയോകളിലുമൊക്കെ അലറിവിളിക്കുന്ന ഒരുപാടൊരുപാട് പാട്ടുകള്‍ക്കുമേലെ ഒരക്ഷരം പോലും തെറ്റാതെ, ഒരു വരിയുടെ ഈണം പോലും മറക്കാതെ പൂക്കൈതയാറ് സുസ്മേരവദനയായി ഒഴുകുന്നു. ‘കളകളം പാടിവരും കാട്ടരുവി‘ ഇതേ ജനുസ്സില്‍പ്പെട്ട ഒരു ഗാനമാണ്. ‘പോരുമ്പോഴമ്മനിന്നോടെന്തുപറഞ്ഞു, നിന്റെ തീരത്തെ തരുലതകളെന്തുമൊഴിഞ്ഞു? ‘ വരികളും ഈണവും കല്ലില്‍കൊത്തിയതുപോലെ മനസ്സില്‍ ഉറഞ്ഞുകിടക്കുന്നു. സ്കൂള്‍ സ്റ്റേജുകളില്‍ നിന്ന് അഭിമാനത്തൊടെ ഏറ്റുവാങ്ങിയ നിരന്തരമായ കരഘോഷങ്ങള്‍ക്കും എണ്ണമില്ലാത്ത സമ്മാനങ്ങള്‍ക്കും കാരണം രൂപമില്ലാതെ മുന്നിലിരുന്നു പഠിപ്പിച്ചു തന്ന ആ ഗുരുനാഥന്റെ ലളിതസംഗീതപാഠങ്ങളാണ്.
സുജാതയെന്ന കൊച്ചുമിടുക്കി അന്നത്തെ എന്റെ കുഞ്ഞുഹൃദയത്തെയും, മറ്റനേകായിരം ഹൃദയങ്ങളേയും പിടിച്ചടക്കി ജൈത്രയാത്ര തുടങ്ങിയ കാലം. മുത്തുകൊണ്ടെന്റെ മുറം നിറഞ്ഞു. ആ ഗാനത്തിലൂടെ എത്രയെത്ര മനസ്സുകളാണ് കുളിര്‍ത്തുനിറഞ്ഞത്! അലസയായി മയങ്ങുന്ന ദ്വാപരയുഗസന്ധ്യയിലെ ആ ഓടക്കുഴല്‍ വിളി ഈ യുഗസന്ധ്യകളിലെ പ്രണയികളുടെ മനസ്സിലേക്ക് ഒഴുക്കിയുണര്‍ത്തി അനശ്വരമാക്കിയത് എം ജി രാധാകൃഷ്ണനും സുജാതയുമല്ലാതെ മറ്റാരുമല്ല. ഓടക്കുഴല്‍ വിളി എന്ന ഗാനത്തിന്റെ പോപുലാരിറ്റി കടക്കാന്‍ ഇനിയൊരു സംഗീതസംവിധായകന്‍ ജനിച്ചുവരണം. യുഗങ്ങളിലൊരിക്കല്‍ മാത്രം സംഭവിക്കുന്നതുപോലെയാണ് അനശ്വരതയുടെ പടവുകളിലേറി ഇന്നും മനസ്സിനെ മയക്കിനിര്‍ത്തുന്ന ഓടക്കുഴല്‍ വിളി.
ഘനശ്യാമസന്ധ്യാഹൃദയം ഒരിടിമുഴക്കത്തോടുകൂടിത്തന്നെയാണ് മലയാള ലളിതസംഗീതത്തറവാട്ടുമുറ്റത്ത് പെയ്തിറങ്ങിയത്. ആ മുഴക്കം മൂന്നുപതിറ്റാണ്ടിന്നിപ്പുറവും അതേ നിറവോടെ, ഉജ്വലതയോടെ, പ്രതിദ്ധ്വനിക്കുന്നു എന്നതുതന്നെയാണ് എം ജി രാധാകൃഷ്ണന്‍ എന്ന സംഗീതസംവിധായകന്റെ മുന്നില്‍ ഒരുപിടിപ്പൂക്കള്‍ അര്‍പ്പിച്ച് അനുഗ്രഹം വാങ്ങുവാന്‍ ഇന്നും സംഗീതസ്നേഹികളെ ആവേശിതരാക്കുന്നത്. ഗാനങ്ങള്‍ എന്നാല്‍ സിനിമാഗാനങ്ങള്‍ എന്ന് നിസ്സംശയം പ്രഖ്യാപിക്കുന്ന മലയാളി എം ജി രാധാകൃഷ്ണന്റെ ലളിതഗാനങ്ങള്‍ കേട്ടു തുടങ്ങിയതോടെ തെല്ലൊന്നു സംശയാലുവായി. ഏതു സിനിമാഗാനത്തോടും കിടപിടിക്കുന്ന, അല്ലെങ്കില്‍ ഒരുപടി മുന്നില്‍ത്തന്നെ നില്‍ക്കുന്ന ഭാവഗാനങ്ങള്‍.. ഒന്നാം സ്ഥാനം ആര്‍ക്കുകൊടുക്കണം? ജയദേവകവിയ്ക്കു കൊടുക്കണോ? പൂമുണ്ടും തോളിലിട്ടു പൂക്കച്ചക്കെട്ടും കെട്ടി വരുന്ന അന്‍പുറ്റ മണിമാരന് കൊടുക്കണോ? നേരമില്ലാത്ത നേരത്തു വന്ന് കാര്യം പറഞ്ഞ കാറ്റിനു കൊടുക്കണോ?
മൂന്നു പതിറ്റാണ്ടു മുന്‍പുള്ള ഒരു സുവര്‍ണ്ണകാലത്തിന്റെ ഓര്‍മ്മകളില്‍ മഴവില്ലിന്റെ മണിവീണ സ്വരം മുഴക്കിയത് കേള്‍പ്പിച്ചു തന്ന ഒരാത്മാവ്, ഒരു സ്വരം, പത്രത്താളുകളില്‍ വല്ലപ്പോഴുമൊരിക്കല്‍ കാണാന്‍ കഴിഞ്ഞിരുന്ന ഒരു ദീപ്തമായ മുഖം.നമസ്കരിക്കുന്നു.
അപസ്വരങ്ങളുണരാതെ എന്നുമെന്നും മീട്ടിയിരുന്ന ആ ഗന്ധര്‍വഗായകന്റെ മണിവീണയ്ക്കുമുന്നില്‍ ഒരുകുടന്ന പൂക്കള്‍ അര്‍പ്പിക്കുന്നു.