dailyvideo

ഈണം... തുയിലുണര്‍ത്തീണം...

ഇന്ദു

ഒരു കാലഘട്ടത്തിലെ തലമുറയുടെ ജീവിതത്തിന്റെ ഭാഗം ആയിരുന്നു ആകാശവാണിയും അതിലെ മികവുറ്റ പല പരിപാടികളും... റേഡിയോ നാടകങ്ങള്‍, കണ്ടതും കേട്ടതും, ലളിത സംഗീത പാഠം, രഞ്ജിനി, ബാലലോകം, യുവവാണി, മഹിളാലയം, ചലച്ചിത്ര ശബ്ദരേഖ, തൊഴില്‍ മണ്ഡലം, കാര്‍ഷിക രംഗം... അങ്ങിനെ നീളുന്നു നിര...
പലരുടേയും മനസ്സില്‍ പുതുമ നഷ്ടപ്പെടാതെ ഇന്നും ആ റേഡിയോ കാലങ്ങള്‍ ഉണ്ടാവണം... ഒരു നല്ല കാലത്തിന്റെ സുഖമുള്ള ഓര്‍മ്മകളായ്‌... മധുര സ്മരണകളായ്‌...

അന്നത്തെ ഏറ്റവും ജനപ്രീതിയുള്ള ഒരു പ്രോഗ്രാം ആയിരുന്നു രാവിലെ പ്രക്ഷേപണം ചെയ്തിരുന്ന ലളിത സംഗീത പാഠങ്ങള്‍.
ആ പ്രോഗ്രാമിനായി കാത്തിരുന്ന്, വരികള്‍ എഴുതി പഠിച്ചിരുന്ന, ആരാവും വാദ്യവൃന്ദത്തോട് കൂടി പാടുക എന്നറിയാന്‍ ആകാംക്ഷയോടെ ഇരിക്കുമായിരുന്ന ഞാനുള്‍പ്പെടുന്ന ഒരു തലമുറ...
ഒരു കാലത്ത് സിനിമാഗാനങ്ങളെക്കാള്‍ പ്രിയംകരമായിരുന്നു അന്നത്തെ ആകാശവാണി ലളിതഗാനങ്ങള്‍...
ഈ ഗാനങ്ങള്‍ ഇത്രയും ജനകീയമാക്കുവാന്‍ ലളിതഗാനങ്ങളുടെ ചക്രവര്‍ത്തി എന്നു വിശേഷിപ്പിക്കാവുന്ന, എം. ജി രാധാകൃഷ്ണന്‍ നല്‍കിയ പങ്ക് നിസ്സാരമല്ല... (കെ.പി.ഉദയഭാനുവിനെയും പെരുമ്പാവൂരിനെയും മറക്കുന്നില്ല)

ആകാശവാണി ലളിതഗാനം എന്ന് കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസ്സിലേയ്ക്ക് ആദ്യം ഓടിയെത്തുന്നത് എത് ഗാനമായിരിക്കും എന്നതില്‍ സംശയമില്ല, നമ്മുടെ ഗാനഗന്ധര്‍വ്വന്റെ ഗാംഭീര്യമുള്ള ശബ്ദത്തില്‍ അനശ്വരമായ “ഘനശ്യാമ സന്ധ്യാഹൃദയം...” തന്നെയാവും...
യേശുദാസിന് മാത്രം പാടുവാനല്ലേ എം.ജി രാധാകൃഷ്ണനും കാവാലവും ചേര്‍ന്ന് ഈ മനോഹരഗാനം ഒരുക്കിയതെന്ന് പലപ്പോഴും തോന്നാറുണ്ട്..
മറ്റേതൊരു ശബ്ദത്തില്‍ കേട്ടാലും ആ ഒരു ഭാവം, മാധുര്യം അനുഭവപ്പെടുന്നില്ല...
യേശുദാസ് എം.ജി.ആറിനു വേണ്ടി പാടിയ ഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍, അതു ചലച്ചിത്ര ഗാനങ്ങളാണെങ്കിലും ലളിതഗാനങ്ങളാണെങ്കിലും, അദ്ദേഹം യേശുദാസിനു വേണ്ടി മാത്രം ഒരുക്കിയ ഈണങ്ങളാണെന്ന് ശ്രോതാക്കളെ അനുഭവപ്പെടുത്തുന്നു ഓരോ ഗാനങ്ങളും... യേശുദാസിന്റെ ശബ്ദത്തിനും ഒരു പ്രത്യേക ഭാവം വരുന്നു ആ ഗാനങ്ങളില്‍... കൂട്ടുകാരന്റെ (കൂട്ടുകാരുടെ ? ) സ്നേഹം ഗാനങ്ങളിലൂടെ പകര്‍ന്ന് കൊടുക്കുന്നതാവാം...

യേശുദാസ്-എം.ജി.ആർ കൂട്ടുകെട്ടില്‍ പിറന്ന ലളിതഗാനങ്ങളും ചലച്ചിത്ര ഗാനങ്ങളും ഓര്‍ത്തുനോക്കൂ..

"രാധാമാധവ സങ്കല്‍പ്പത്തിന്‍ രാഗവൃന്ദാവനമേ...
നിന്റെ യമുനാതീരത്ത് നിന്നും കൌമാരഗന്ധികള്‍ പൂത്തൂ .. "

എന്തൊരു വശ്യത ആണ് അനുഭവപ്പെടുത്തുന്നത് കേള്‍വിക്കാരില്‍...

ഒരു ചാനല്‍ പ്രോഗ്രാമില്‍ എം.ജി. ആര്‍ തന്നെ പറയുകയുണ്ടായി... ആ ഗാനത്തിലെ 'ഒന്നറിയാന്‍ ഒന്ന് തൊടാന്‍..." & 'ഒന്ന് തൊടാന്‍ ഒന്നലിയാന്‍ ..' ദാസ് പാടിയാലേ ശരിയാവുകയുള്ളൂ എന്ന്‌...
ഒരു സംഗീത സംവിധായകന്‍ ഗായകന് കൊടുക്കാവുന്ന ഏറ്റവും വലിയ അംഗീകാരം...

"പൂമുണ്ടും തോളത്തിട്ട് പൂക്കച്ച കെട്ടും കെട്ടി
പൂരക്കളി കാണാന്‍ വന്നു മാരന്‍ പൂമാരന്‍
പുതു പുത്തന്‍ പൂമാരന്‍... "

ഒരു നാടന്‍ സ്പര്‍ശം കലര്‍ന്ന ഈ ഗാനത്തില്‍ കുസൃതി കലര്‍ന്ന സ്വരം യേശുദാസിന്...

"പ്രാണസഖി നിന്‍ മടിയില്‍ മയങ്ങും വീണക്കമ്പിയില്‍
ഒരു ഗാനമായ് സങ്കല്‍പ്പത്തില്‍ വിരുന്നു വന്നു ഞാന്‍
സഖീ സഖീ വിരുന്നു വന്നു ഞാന്‍..."

പ്രാണസഖിയോടുള്ള പ്രണയം മുഴുവന്‍ ആ ശബ്ദത്തിലുണ്ട്, ഗാനത്തിലും...

മുക്കുറ്റി തിരുതാളി... (ആരവം), ഓര്‍മ്മകള്‍ ഓര്‍മ്മകള്‍...(രണ്ടു ജന്മം), ഓ മൃദുലേ...(ഞാന്‍ ഏകനാണ്), അനുരാഗസുധയാല്‍ ...(യൌവ്വനം ദാഹം), കുടയോളം ഭൂമി... (തകര), വനമാലി നിന്‍ (അട്ടഹാസം), ഒരു ദലം മാത്രം... (ജാലകം), പനിനീര്‍ പൂവിതളില്‍ (സര്‍വകലാശാല), ഒരു വാക്കില്‍ ഒരു നോക്കില്‍ (അയിത്തം), പഴം തമിഴ് പാട്ടിഴയും... (മണിച്ചിത്രത്താഴ്) -- ആ സൌഹൃദത്തിലെ ചില ഗാനങ്ങള്‍ മാത്രം...

പിന്നീട് ശബ്ദത്തിന് സ്വല്പം മാറ്റം വന്നതിനു ശേഷം, യേശുദാസ് പാടിയ മനോഹരഗാനങ്ങളില്‍ ചിലതും എം. ജി. ആറിന്റെ സംഗീതത്തിലുള്ളതാണ്... എന്തമ്മേ ചുണ്ടത്ത് മല്ലിക്കൊഴുന്ത്... (കുലം), തിര നുരയും... (അനന്തഭദ്രം), ഇനിയുമെന്‍ പാട്ടിലേക്കിറ്റിറ്റു വീഴുന്ന... (പകല്‍)

തിര നുരയും... എന്ന ഗാനം ആ വര്‍ഷത്തെ മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാന അവാര്‍ഡും നേടി...
കൂട്ടുകാരന്‍ പാടിയ ഗാനത്തിന് തന്നെ അവാര്‍ഡ് കിട്ടിയതില്‍ അദ്ദേഹത്തിന് ഏറെ സന്തോഷമായിരുന്നു...
രണ്ടു പേര്‍ക്കും കൂടെ കിട്ടിയ അംഗീകാരമായി കരുതി അദ്ദേഹം...

മലയാളത്തിലെ മിക്ക ഗായകര്‍ക്കും അവരുടെ സംഗീത ജീവിതത്തിലെ ഏറ്റവും നല്ല ഗാനങ്ങള്‍ സമ്മാനിച്ചു എം. ജി ആര്‍.
കെ. എസ്. ചിത്ര, അരുന്ധതി, വേണുഗോപാല്‍ തുടങ്ങിയവരുടെ ചലച്ചിത്ര പിന്നണിഗാന രംഗത്തേക്കുള്ള ചുവടുവയ്പ്പിനും അദ്ദേഹം കാരണക്കാരനായി...

എസ്. ജാനകിയുടെ ഏറ്റവും മികച്ച രണ്ടു ഗാനങ്ങള്‍... മൌനമേ.. നിറയും മൌനമേ.. (തകര) & നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍...(ചാമരം) രാധാകൃഷ്ണ സംഗീതത്തില്‍ പിറന്നവയാണ്.. ജാനകിയമ്മയ്ക്ക് മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്കാരവും നേടിക്കൊടുത്തു ഈ രണ്ടു ഗാനങ്ങളും...

എം.ജി ആറിന്റെ സംഗീതത്തില്‍ ചിത്ര സ്വരം പകര്‍ന്ന ഏതാനും ചില ഗാനങ്ങള്‍--- രജനീ പറയൂ..(ഞാന്‍ ഏകനാണ്), ഉണ്ണി ഉറങ്ങാരിരാരോ..(ജാലകം), ഈണം തുയിലുണര്‍ത്തീണം..(നൊമ്പരത്തിപ്പൂവ്), അംഗോപാംഗം സ്വരമുഖരം..(ദേവാസുരം), വരുവാനില്ലാരും...(മണിച്ചിത്രത്താഴ്), ഞാറ്റുവേലക്കിളിയേ...(മിഥുനം), ചന്ദനശിലയില്‍...(കുലം), കാറ്റേ നീ വീശരുതിപ്പോള്‍... (കാറ്റു വന്നു വിളിച്ചപ്പോള്‍), മീനക്കോടിക്കാറ്റേ... (കണ്ണെഴുതി പൊട്ടും തൊട്ട്), ശിവമല്ലിക്കാവില്‍...(അനന്തഭദ്രം), പൊന്നാര്യന്‍ പാടം... (രക്തസാക്ഷികള്‍ സിന്ദാബാദ്)

ജ്യേഷ്ഠന്റെ ഏറ്റവും നല്ല ചില ഈണങ്ങള്‍ക്ക് സ്വരം പകരാനുള്ള ഭാഗ്യം എം.ജി ശ്രീകുമാറിനുണ്ടായി.
സൂര്യകിരീടം വീണുടഞ്ഞു...(ദേവാസുരം), അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ...(അദ്വൈതം), നിലാവിന്റെ നീലഭാസ്മക്കുറിയണിഞ്ഞവളേ...(അഗ്നിദേവന്‍), പൂമകള്‍ വാഴുന്ന കോവിലില്‍ നിന്നൊരു... (കാറ്റു വന്നു വിളിച്ചപ്പോള്‍) -- എം.ജി. ശ്രീകുമാറിന്റെ ഏറ്റവും നല്ല ഗാനങ്ങളില്‍ ചിലത്...

എത്ര പൂക്കാലം ഇനിയെത്ര മധുമാസം...(രാക്കുയിലിന്‍ രാഗസദസ്സില്‍)-- അരുന്ധതി എന്ന ഗായികയ്ക്ക് ഏറെ പ്രശസ്തി നേടിക്കൊടുത്ത ഗാനം... എം.ജി. ശ്രീകുമാറിന്റെ കൂടെ പാടിയ കിളിയേ കിളിയേ കിളിമകളേ... (ധീം തരികിടതോം) എന്ന ഗാനവും കേള്‍ക്കാനേറെ ഇമ്പമുള്ളത്...

ശാരദേന്ദു മയൂഖമാലകള്‍...(യേശുദാസ്), ജയദേവകവിയുടെ ഗീതികള്‍... (പി ജയചന്ദ്രന്‍), ശരറാന്തല്‍ വെളിച്ചത്തില്‍ (കമുകറ), ഓടക്കുഴല്‍ വിളി (സുജാത), മുത്തു കൊണ്ടെന്റെ മുറം നിറഞ്ഞു..( ലത രാജു), അഷ്ടപദീലയം...(പട്ടണക്കാട്), ഓടക്കുഴലേ... ഓടക്കുഴലേ... & രാധയെ കാണാത്ത മുകില്‍വര്‍ണ്ണനോ (കെ.എസ്. ബീന), മയങ്ങി പോയി (അരുന്ധതി), ബ്രഹ്മകമലദല യുഗങ്ങളിലുണരും... (കൃഷ്ണചന്ദ്രന്‍), ഹരിതവനത്തിന്റെ കുളിര്‍ഛായയില്‍ & രാമനില്ലാതൊരു കീർത്തനമോ...(വേണുഗോപാല്‍) തുടങ്ങിയവ ലളിത സംഗീതാസ്വാദകരുടെ മനസ്സില്‍ മങ്ങാതെ സൂക്ഷിക്കുന്ന ഗാനങ്ങളില്‍ ചിലതാണ്...

ആ സംഗീത സംവിധായകനെ അംഗീകരിക്കാന്‍ പലരും മടിച്ചു..
അദ്ദേഹത്തിന്റെ സംഗീതത്തെ കുറിച്ച് പല വിവാദങ്ങളുണ്ടായപ്പോഴും, ആരോടും പരാതിയും പരിഭവവുമില്ലാതെ തന്റെ സ്വന്തം സംഗീത വഴികളിലൂടെ നടന്നൂ ആ കലാകാരന്‍... ആ സംഗീതം ഇഷ്ടപ്പെടുന്നവര്‍ക്ക് അതേറെ പ്രിയംകരമാവുകയും ചെയ്യുന്നു... തികച്ചും വ്യത്യസ്തമായ സംഗീതം...

എം.ജി. രാധാകൃഷ്ണന്‍... ലളിതഗാനങ്ങളുടെ ചക്രവര്‍ത്തി അരങ്ങൊഴിഞ്ഞു എന്ന് വിശ്വസിക്കുവാന്‍ പ്രയാസം.
അദ്ദേഹം സംഗീതം നല്‍കിയ ലളിതഗാനങ്ങള്‍ ഒന്നും തന്നെ ലളിതങ്ങളായിരുന്നില്ല എന്നതാണ് വാസ്തവം. എന്തോ ഒരു മാസ്മരികത ഉണ്ടായിരുന്നു ആ ഗാനങ്ങളിലെല്ലാം...

ചില ഓര്‍മ്മച്ചിത്രങ്ങളിലൂടെ...
ഞങ്ങളുടെ കുടുംബവുമായി വളരെ അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നു അദ്ദേഹം... എന്റെ അച്ഛന്റെ അമ്മയെ അദ്ദേഹത്തിന്റെ അച്ഛന്‍ സംഗീതം പഠിപ്പിച്ചിട്ടുണ്ട്‌.. അന്ന് മുതലുള്ള ബന്ധം... പിന്നീട് എന്റെ അച്ഛന്‍ കുറച്ച് നാള്‍ അദ്ദേഹം നടത്തിയിരുന്ന ലളിത സംഗീത ക്ലാസ്സുകളില്‍ പോകുമായിരുന്നു... എന്റെ കസിന്‍ അദ്ദേഹത്തിന്റെയും ഓമനക്കുട്ടി ടീച്ചറുടെയും ശിഷ്യ ആണ്...
കുടുംബത്തിലെ മിക്ക കല്യാണങ്ങള്‍ക്കൊക്കെ കുടുംബസമേതം വരുമായിരുന്നു അദ്ദേഹം...
അപ്പോഴെല്ലാം കാണിക്കുന്ന രസകരങ്ങളായ കുറേ കൊച്ചു കൊച്ചു കാര്യങ്ങള്‍, തമാശകള്‍... എല്ലാം ആരാധനയോടെ കാണുമായിരുന്നു...
ആ പാട്ടുകളോടുള്ള ഇഷ്ടം കൊണ്ട്, എന്നും ആരാധനയായിരുന്നു ആ സംഗീതകാരനോട്...
പെട്ടെന്ന് വന്ന ഒരു വിദേശ യാത്ര കാരണം എന്റെ കല്യാണത്തിനു വരാന്‍ കഴിഞ്ഞില്ല അദ്ദേഹത്തിന്, എങ്കിലും മുന്‍കൂട്ടി തന്ന അനുഗ്രഹം കൂടെ ഉണ്ടെന്ന സന്തോഷം...

ഇപ്രാവശ്യം നാട്ടില്‍ ചെന്നപ്പോള്‍ അറിഞ്ഞിരുന്നു ഗുരുതരാവസ്ഥയില്‍ ആണെന്ന്...
അച്ഛനും അമ്മയും വീട്ടില്‍ ചെന്നപ്പോള്‍ ഗേറ്റ് അടഞ്ഞു കിടക്കുകയായിരുന്നു... എപ്പോഴും എല്ലാവര്‍ക്കുമായി തുറന്നു കിടക്കാറുള്ള, (അങ്ങനെ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു) 'മേടയില്‍' വീടിന്റെ ഗേറ്റ് അടഞ്ഞു കിടന്നൂന്നു കേട്ടപ്പോഴേ ഒരു വിഷമം തോന്നി...
ഇത്ര പെട്ടെന്ന് പോകേണ്ടിയിരുന്ന ആളല്ലാ അദ്ദേഹം...
പ്രണാമം...

Posted by Ajay Menon on 11:50 AM. Filed under . You can follow any responses to this entry through the RSS 2.0

0 comments for �ഈണം... തുയിലുണര്‍ത്തീണം...�

Leave comment

About Me

Followers

Recent Entries

Recent Comments

Photo Gallery