പറയൂ നിൻ ഗാനത്തിൻ..
ഹരികൃഷ്ണന്‍
കുറേ ദിവസമായി എവിടെ തുടങ്ങണം എന്നറിയാതെ കുഴങ്ങുകയായിരുന്നു - രാധാകൃഷ്ണൻ ചേട്ടനെപ്പറ്റി കുറേയധികം എഴുതാനുണ്ടായിട്ടോ, തീരെ കുറച്ചുമാത്രം ഉണ്ടായിട്ടോ അല്ല. ‘കുന്നിൽ തടഞ്ഞ പുഴ പോലെ’ അസ്വസ്ഥമായ ഒരു മാനസികാവസ്ഥ കൊണ്ടുമാണെന്നു തോന്നുന്നില്ല. കുസൃതി നിറഞ്ഞ കൌമാരങ്ങൾക്കോ, സ്വപ്നങ്ങൾ ഊയലാടുന്ന യൌവ്വനങ്ങൾക്കോ മാത്രം സ്വന്തമാക്കാൻ പറ്റുന്ന ഒരു തിളക്കം എന്നും കണ്ണുകളിൽ പേറിയിരുന്ന, സുന്ദരനായ ഒരു മനുഷ്യന്റെ മരണക്കുറിപ്പെഴുതാൻ വിരലുകൾ മടിക്കുന്നു. ഞാനും നിങ്ങളും അടങ്ങുന്ന രണ്ടു മൂന്നു തലമുറകൾക്കു മുമ്പിൽ ശബ്ദസൌന്ദര്യം കൊണ്ടും ആലാപനചാരുത കൊണ്ടും സംഗീതശാസ്ത്രജ്ഞാനം കൊണ്ടും നിറഞ്ഞു നിന്ന ഒരു ജ്വാല തണുത്തുറഞ്ഞ മരണത്തിനു മുമ്പിൽ കെട്ടടങ്ങി എന്നു സമ്മതിക്കാൻ മനസ്സു് ഇനിയും വിസമ്മതിക്കുന്നതു കൊണ്ടാവാം. തികച്ചും വ്യക്തിപരം എന്നു തോന്നാവുന്ന കാര്യങ്ങൾ വായിക്കുവാൻ ആ ർക്കെങ്കിലും താല്പര്യം ഉണ്ടാവുമോ, മുഷിപ്പിക്കാത്ത രീതിയിൽ എങ്ങനെ അതെഴുതാനാവും എന്നൊക്കെയുള്ള സംശയങ്ങൾ ബാക്കി നിൽക്കുന്നതുമാവാം.
ഏതായാലും ഈ കുറിപ്പു് ഒരു ഓർമ്മച്ചെപ്പു തുറക്കൽ മാത്രം. സ്വകീയം എന്നു മാത്രം പറയാവുന്ന ചില ഓർമ്മകൾ പങ്കുവെയ്ക്കുന്നു. ചില ഗാനങ്ങൾ പരാമൃഷ്ടമായേക്കാം എന്നതിനപ്പുറം അദ്ദേഹത്തിന്റെ പാട്ടുകളെക്കുറിച്ചുള്ള ഒരു പഠനമോ ഗവേഷണമോ അല്ല ഈ ലേഖനം. അതിനുള്ള തയ്യാറെടുപ്പുകൾ തീർച്ചയായും ഇതെഴുതുമ്പോൾ ചെയ്തിട്ടില്ല. പക്ഷെ ഇതൊരു രാധാകൃഷ്ണസ്തുതിഗീതമാക്കൽ അല്ല എന്റെ ഉദ്യമം. ശ്രുതിലയസൌന്ദര്യങ്ങൾ തഴുകിത്തലോടിയിരുന്ന, ഊഷ്മളമായ ഒരു ജീവിതം ഒരു ഭാഗത്തു നിൽക്കെത്തന്നെ, വിവാദഭരിതവും മാനുഷികദൌർബ്ബല്യങ്ങളുടെ നിഴലുകൾ വീണതുമായ കുറെ ഏടുകളും ആളുകൾക്കു പറയാനുണ്ടാവും. പക്ഷെ അതൊക്കെ മനുഷ്യസഹജമാണെന്നും ആത്യന്തികമായി കലാകാരന്മാരെല്ലാം പച്ചയായ മനുഷ്യർ മാത്രമാണെന്നും വിശ്വസിക്കാനാനെനിക്കിഷ്ടം. ആദ്യം അവരിൽ നക്ഷത്രതുല്യമായ അതിമാനുഷികത ചാർത്തിക്കൊടുത്തിട്ടു്, പിന്നെ ആ നക്ഷത്രങ്ങളിലെ കളങ്കങ്ങളെ ഒന്നൊന്നായി പെറുക്കിയെടുത്തു പിന്നാമ്പുറ വിചാരണ ചെയ്യുന്നതു് സമൂഹത്തിന്റെ ഒരു വിശ്രമവിനോദമാണു്. പലപ്പോഴും ഒട്ടൊക്കെ ക്രൂരമായിപ്പോകാറുണ്ടു് അത്തരം മൃഗയാവിനോദങ്ങൾ എന്നതും സത്യം. നമുക്കു് രണ്ടും ചെയ്യാതിരിക്കാം.
എഴുപതുകളുടെ ആദ്യപാദം - 72 ലോ 73 ലോ ആയിരിക്കണം, കോട്ടയം തിരുനക്കര ചിറപ്പിനാണു് രാധാകൃഷ്ണൻ ചേട്ടന്റെ കച്ചേരി ആദ്യമായി കേൾക്കുന്നതു്. അന്നു ഞാൻ സ്കൂൾ വിദ്യാർത്ഥി. കോട്ടയം പട്ടണത്തിൽ നിന്നു ഇരുപതോ ഇരുപത്തിയഞ്ചോ കിലോമീറ്റർ ദൂരെ നിന്നു വരുന്ന ഞങ്ങൾ കുട്ടികൾക്കു്, പട്ടണത്തിൽ വരുന്നതു തന്നെ പകുതി ഉത്സവമാണു് അന്നൊക്കെ. രാജ്മഹാൾ, സ്റ്റാർ, (പിന്നീടു് ആനന്ദ്) തീയേറ്ററുകളിൽ നിന്നെവിടെനിന്നെങ്കിലും പുതിയ ഒരു സിനിമ, ആര്യഭവനിൽ നിന്നു മസാലദോശ ഇതൊക്കെ ആ പട്ടണവിശേഷങ്ങളിൽ പെടും. ധാരാളം ബന്ധുക്കൾ കോട്ടയത്തുണ്ടെങ്കിലും എന്നും വരാൻ പറ്റില്ലല്ലോ - പക്ഷെ തിരുനക്കര ഉത്സവങ്ങൾക്കുറപ്പു്. രാത്രി ഉത്സവാഘോഷങ്ങൾ കഴിഞ്ഞു് ഒന്നുകിൽ ഓട്ടോറിക്ഷയിൽ (അന്നു പറഞ്ഞിരുന്നതു് “ലാംബ്രെട്ട പിടിക്കുക” എന്നയിരുന്നു - ചിലർക്കെങ്കിലും ഓർമ്മയുണ്ടാവും പഴയ വലിയ ലാംബ്രെട്ടാ) , അല്ലെങ്കിൽ വയസ്കരക്കുന്നിന്റെ മുകളിലൂടെ നടന്നു്, വല്ല്യമ്മാവന്റെ വീട്ടിലേക്കു പോവുന്നതും ഒക്കെ നല്ല ഓർമ്മ. വല്ല്യമ്മാവൻ എന്നാൽ മുത്തശ്ശിയുടെ ചേട്ടൻ. എഴുപതുകൾ ഒക്കെ ആയപ്പോഴേയ്ക്കും വല്ല്യമ്മാവന്റെ മക്കൾ, ചേട്ടന്മാർ, ഒക്കെ ജോലി ആയി ഇന്ത്യയിലെ പല സ്ഥലങ്ങളിൽ ആയിക്കഴിഞ്ഞിരുന്നു. ഉത്സവത്തിനു കൊണ്ടു പോകാൻ പിന്നെ ഒരു ചേച്ചി മാത്രം ബാക്കി. അതുകൊണ്ടു് രാത്രികാല ഗാനമേളകൾ, കച്ചേരികൾ ഇതൊക്കെ ഒരു ചോദ്യചിഹ്നം പോലെ ആയി മാറി.
എങ്കിലും രാധാകൃഷ്ണൻ ചേട്ടന്റെ കച്ചേരി എങ്ങനെ എങ്കിലും കാണണം എന്നായി - എനിക്കു മാത്രമല്ല, എല്ലാവർക്കും. മുത്തശ്ശി ഉൾപ്പെടെ. കാരണം, അപ്പോഴേയ്ക്കും തന്റെ പ്രിയപ്പെട്ട ബാല്യകാലസുഹൃത്തിന്റെ മകനാണു് എം. ജി. രാധാകൃഷ്ണൻ എന്നതു് മുത്തശ്ശി, വളരെ യദൃച്ഛയാ എങ്കിലും, അറിഞ്ഞിരുന്നു. കള്ളിച്ചെല്ലമ്മയും, ശരശയ്യയും അപ്പോഴേക്കും വന്നു കഴിഞ്ഞിരുന്നു എന്നതു മാത്രമല്ല, ലളിതസംഗീതപാഠത്തിലൂടെ തിരുവനന്തപുരം-ആലപ്പുഴ റേഡിയോ നിലയങ്ങളുടെ പരിധിയിൽ പെടുന്ന എല്ലാ വീടുകളിലേയും ചിരപരിചിതനായിക്കഴിഞ്ഞിരുന്നല്ലോ അതിനു മുമ്പു തന്നെ രാധാകൃഷ്ണൻ ചേട്ടൻ. രാവിലെ ഏഴേമുക്കാൽ മുതൽ എട്ടു വരെയോ എട്ടേകാൽ വരെയോ ഉള്ള ഈ പരിപാടി ഒരാഘോഷമായിരുന്നു, അല്ലെങ്കിൽ ഒരാഘോഷം ആക്കി മാറ്റിയിരുന്നു അദ്ദേഹം. ‘പല്ലവിയുടെ സാഹിത്യം എഴുതിയെടുത്തുകൊള്ളൂ” എന്ന തുടക്കം മുതൽ , ആ പരിപാടിയുടെ സഞ്ചാരക്രമങ്ങൾ ഇപ്പോഴും, ഒരു മൂന്നു ദശാബ്ദക്കാലം കഴിഞ്ഞും, മനസ്സിൽ നിന്നു മായാതെ നിൽക്കുന്നു. ഞാനാദ്യം എഴുതിയെടുത്തു പഠിച്ചതു് “ചഞ്ചൽ, ചടുല മിഴികളിൽ കണ്ടൂ, കുസുമശരപരാഗം വിധുമുഖീ” എന്ന ഒരു പാട്ടായിരുന്നു എന്നോർക്കുന്നു. ആരാണു രചന എന്നോർമ്മയില്ല - ഒരു പക്ഷെ ബിച്ചു തിരുമല ആയിരുന്നിരിക്കാം. പിന്നീടു വന്ന പ്രസിദ്ധവും അപ്രസിദ്ധവും ആയ എത്രയോ പാട്ടുകൾ. അതൊക്കെ എഴുതിവെച്ചിരുന്ന “പാട്ടുബുക്കു്” കൈയ്യിൽ നിന്നു നഷ്ടപ്പെടാതെ സൂക്ഷിക്കാൻ അന്നു തോന്നിയില്ല എന്നതു മാത്രം ഒരു ദുഃഖമായി അവശേഷിക്കുന്നു.
എസ്. രത്നാകരനും, പിന്നീടു് ആർ. സോമശേഖരനും, (പിന്നീടു മറ്റു പലരും) ഇതു നടത്തിയിരുന്നു എങ്കിലും “എംജീയാർ“ തന്നെയായിരുന്നു അന്നും ഇന്നും എന്നും ലളിതസംഗീതപാഠത്തിന്റെ താരം. സംഗീതസംവിധായകൻ ശരത്തിന്റെ ഒരു വി. കെ. എൻ. ശൈലി കടമെടുത്താൽ “ലളിതസംഗീതപാഠത്തിന്റെ പപ്പുപിള്ള”. ശരിയാണു് - അതൊരു വശ്യമായ താരശോഭ തന്നെ ആയിരുന്നു. പി. പദ്മരാജനും, വേണു നാഗവള്ളിയും ഒക്കെ ആകാശവാണിയിൽ നിന്നായിരുന്നെങ്കിലും, അദ്ദേഹത്തിനു നേടാൻ കഴിഞ്ഞ ആ ഒരു നക്ഷത്രപരിവേഷം സമാനതകൾക്കകലേ തന്നെ ആയിരുന്നു. ആ ശാരീരഭംഗി, ഹൃദയത്തിന്റെ ഉള്ളിൽ നിന്നു വരുന്ന മാതിരി, വയലിന്റെ ഈണം പോലെ ഹൃദയത്തെ തൊട്ടു തലോടിത്തഴുകിപ്പോവുന്ന ആ സ്വരം - കേരളം അതു വളരെ ഇഷ്ടപ്പെട്ടിരുന്നു. എന്നിട്ടും ഒരു പ്രഖ്യാത സിനിമാപിന്നണിഗായകൻ ആയി അദ്ദേഹം എന്തുകൊണ്ടു മാറിയില്ല? എന്തു കൊണ്ടു് അദ്ദേഹത്തിനെത്തേടി കൂടുതൽ അവസരങ്ങൾ വന്നില്ല? മദ്രാസിൽ സ്ഥിരതാമസം ആക്കാൻ കഴിയാഞ്ഞതാണോ - അദ്ദേഹത്തിനു് അതു പറ്റുമായിരുന്നില്ലല്ലോ - കാരണം? അതോ സംഗീതസംവിധായകൻ എന്ന തന്റെ താരപരിവേഷം, പ്രശസ്തി, അതിനു തടസ്സം ആയി വന്നോ? പലപ്പോഴും സംഭവിക്കാറുള്ളതു പോലെ ഒരു സംഗീതസംവിധായകനെ മറ്റു സംഗീതസംവിധായകർ പാടാൻ വിളിക്കാതിരുന്നതായിരിക്കുമോ?
****************************
മൂന്നര മണിക്കൂർ കച്ചേരി ഒരനുഭവം ആയിരുന്നു. നഗുമോമു ഗനലേനി തുടങ്ങി അനവദ്യസുന്ദരങ്ങളായ കീർത്തനങ്ങൾ ഒന്നൊന്നായി ഒഴുകി വരുന്നു. ശ്രീ മാവേലിക്കര കൃഷ്ണൻ കുട്ടി നായരുടെ മൃദംഗവും ഞാൻ അന്നാദ്യമായി കേ ൾക്കുകയാണു്. ആരും താളമിടാതെ ഇരുന്നില്ല - ഉത്സവപ്പരിപാടികളിൽ സാധാരണ കാണാറുള്ളതു പോലെ ഒരാളും ചായകുടിക്കാൻ പോലും എണീറ്റു പോയില്ല. കച്ചേരിയുടെ അവസാനം ‘ ചില ‘ലളിത’ സംഗീതപ്രയോഗങ്ങളും - ജയവിജയന്മാർ സംഗീതം ചെയ്ത “ഹിപ്പി ഹിപ്പീ ഹിപ്പീ” തുടങ്ങി ഒന്നു രണ്ടെണ്ണം. സത്യം - ജനക്കൂട്ടം വൺസ് മോർ വിളിക്കുന്ന ഒരു ശാസ്ത്രീയസംഗീതക്കച്ചേരി ഞാൻ അന്നു നടാടെ കാണുകയാണു്. ‘മദ്രാസ് സംഗീത അക്കാദമി’ ശീലിൽ പെട്ട യാഥാസ്ഥിതികർ ആരെങ്കിലും പുരികം ചുളിച്ചിരുന്നോ എന്നെനിക്കറിയില്ല, പക്ഷെ, ശാസ്ത്രീയസംഗീതപരിപാടികളെ ജനഹൃദയങ്ങളിലേക്കു് ഇത്രയും അടുപ്പിച്ച ഒരു സംഗീതവിദ്വാൻ വേറെ ഉണ്ടായിരുന്നോ അന്നു് എന്നെനിക്കു സംശയമാണു്. മഹാരഥന്മാരായ സംഗീതഗുരുകാരണവന്മാർ, അതുല്യപ്രതിഭാധനരായ മറ്റു വാഗ്ഗേയകാരന്മാർ - ഇവരോടൊന്നും ഗുരുനിന്ദ കാണിച്ചുകൊണ്ടോ അവരെ മറന്നുകൊണ്ടോ അല്ല ഞാൻ ഇതെഴുതുന്നതു്. ശാസ്ത്രീയസംഗീതരംഗത്തെ “സാംബശിവൻ” രാധാകൃഷ്ണൻ ചേട്ടനായിരുന്നു എന്നു ഞാൻ വിശ്വസിക്കുന്നു. സംഗീതസഭകളിൽ പാടുന്നതു പോലെയല്ല ഉത്സവങ്ങൾക്കു പാടുക എന്നറിയുക. അവിടെ ജനഹൃദയങ്ങളിലേക്കു് എത്തിപ്പെടാൻ പറ്റണം - എങ്കിലേ അവർ പരിപാടി വിജയിപ്പിക്കൂ. പിന്നീടു് വല്ലപ്പോഴും, കോട്ടയത്തും എറണാകുളത്തും തിരുവനന്തപുരത്തും ഒക്കെയായി രാധാകൃഷ്ണൻ ചേട്ടന്റെ സദിരുകളിൽ പങ്കെടുത്തപ്പോഴോക്കെ ഈ വിശ്വാസത്തെ ഒന്നടിവരയിടുകയേ ഞാൻ ചെയ്തിട്ടുള്ളൂ - അപവാദങ്ങൾ ഇല്ലായ്കയല്ല എന്നു പറഞ്ഞുകൊണ്ടു തന്നെ. മരണശേഷം പ്രത്യേകിച്ചു്, മാദ്ധ്യമങ്ങളിൽ അദ്ദേഹം “ലളിതസംഗീതചക്രവ ർത്തി” ആയി മാത്രം പ്രശംസിക്കപ്പെടുമ്പോഴൊക്കെ, ഞാനോർക്കാറുണ്ടു് - ഉത്സവവേദികളിൽ മുതൽ സംഗീതസഭകളിൽ വരെ കേരളത്തിനകത്തും പുറത്തും വർഷങ്ങളോളം സദസ്യരുടെ ‘ബലേ ഭേഷ്’ നേടി അദ്ദേഹം നടത്തിയ സദിരുകളെ എന്തേ എല്ലവരും മറന്നു പോവുന്നതു്?
******************************
അന്നു കച്ചേരി കഴിഞ്ഞു പിന്നണിയിൽ വെച്ചു കണ്ടു. പിന്നെ രണ്ടോ മൂന്നോ വർഷങ്ങൾക്കു ശേഷം തൈക്കാട് മേടയിൽ വീട്ടിലും മുത്തശ്ശിയോടൊപ്പം പോയി. ബാല്യകാലസുഹൃത്തിനെ കാണുക എന്നതായിരുന്നു മുത്തശ്ശിയുടെ ലക്ഷ്യം - ഞാൻ അകമ്പടി പോയെന്നു മാത്രം. രാധാകൃഷ്ണൻ ചേട്ടൻ ഒരു പരിപാടിക്കായി ഇറങ്ങാൻ നിൽക്കുന്നു. ഓമനക്കുട്ടി റ്റീച്ചർ വീട്ടിൽ ഉണ്ടായിരുന്നു എന്നോർക്കുന്നു. ഫോൺ ബന്ധങ്ങൾ ഒക്കെ അപൂർവ്വമായിരുന്ന അക്കാലത്തു് ഒരു സ്ഥിരം ബന്ധപ്പെടലിലേക്കെത്തിപ്പെടാൻ ആ സന്ദർശനം കൊണ്ടു കഴിയുമായിരുന്നില്ല എന്നതാണു സത്യം.
പിന്നീടു് കാണുന്നതു് സി. എം. എസ്. കോളേജിന്റെ ആർട്സ് ക്ലബ് ഉദ്ഘാടനത്തിനു് ക്ഷണിക്കാൻ ഞങ്ങൾ ഒന്നു രണ്ടു സുഹൃത്തുക്കൾ ചേർന്നു പോകുമ്പോഴാണു്. കാവാലം, നെടുമുടി വേണു, പിന്നെ രാധാകൃഷ്ണൻ ചേട്ടൻ - ഇവരായിരുന്നു ഉദ്ഘാടനസംഘം. വീട്ടിൽ പോയാണു ക്ഷണിച്ചതു്. മടി കാരണം പഴയ കഥ ഒന്നും പറഞ്ഞില്ല. അപ്പോഴേക്കും ‘തമ്പു്’ വന്നു കഴിഞ്ഞിരുന്നു. ആരവം ഇറങ്ങാൻ പോവുന്നു. വലിയ സിനിമാസംഗീതസംവിധായകൻ ഒക്കെ ആണല്ലോ, ഓർമ്മയില്ല എന്നോ മറ്റോ പറഞ്ഞാലോ. കൂട്ടുകാരുടെ മുമ്പിൽ മുഖം നഷ്ടപ്പെടില്ലേ? പറയാനുള്ള മടിയുടെ പ്രധാന കാരണം അതു തന്നെയായിരുന്നു.
1979 ലെ ചിങ്ങമാസക്കാലത്തെ ഒരു ശനിയാഴ്ച്ച രാവിലെ പത്തിനായിരുന്നു ആ ഉദ്ഘാടനച്ചടങ്ങു്. ഓഡിറ്റോറിയത്തിനുള്ളിൽ വെച്ചല്ല, പുറത്തു തുറസ്സായ മനോഹരമായ കാറ്റാടി,ചൂളമരങ്ങൾക്കു നടുവിലാണു വേദി. ചാമരം സിനിമ കണ്ടവർ ഓർക്കുന്നുണ്ടാവും സി.എം.എസ്. കാമ്പസ്. പച്ചപ്പു നിറഞ്ഞ വേദിയുടെ മുമ്പിൽ വർണ്ണശബളമായ വേഷങ്ങളിൽ, വിരിഞ്ഞു നിൽക്കുന്ന ഒരായിരം പൂക്കൾ പോലെ, “One thousand saw I at a glance, tossing their heads in sprightly dance" എന്ന Wordsworth കവിതാശകലം പോലെ, ഒരായിരം സുന്ദരിമാർ. പിന്നിൽ ആരവങ്ങളുമായി ബെൽബോട്ടങ്ങളിൽ ആൺകുട്ടികൾ. പാട്ടും ചുവടുവെയ്പ്പും, ചൊൽക്കാഴ്ച്ചയുമായി വേദി കയ്യടക്കി - അവർ മൂന്നു പേരും കൂടെ. ഒരൊന്നൊന്നര മണിക്കൂർ അരങ്ങു തകർത്താഘോഷിച്ചു. ‘മുക്കുറ്റി, തിരുതാളി‘യിലായിരുന്നു തുടക്കം. ഗാനസ്രഷ്ടാവും, സംഗീതസ്രഷ്ടാവും, അഭിനേതാവും കൂടി തുടക്കം മുതലേ തകർത്താടി. അതിഥികളും സദസ്യരും പരസ്പരം കയ്യിലെടുത്തു എന്നു തന്നെ പറയണം.
സിനിമാസംഗീതസംവിധായകൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ ഉയർച്ച തുടങ്ങുന്നതു് ഏകദേശം ആ സമയത്തു തന്നെ - ചെയ്ത പാട്ടുകളുടെ ജനസ്വീകാര്യതയും മേന്മയും വെച്ചു നോക്കിയാൽ ഇതു പോലെ അരങ്ങു തക ർത്താടേണ്ട ആളായിരുന്നു. അദ്ദേഹം. തകര വന്നു. മലയാളഗാനരംഗത്തെ എണ്ണം പറഞ്ഞ ഗാനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന “മൌനമേ“ വന്നു. അതിനു പുറകെ കുറേയേറെ നക്ഷത്രങ്ങൾ വന്നെത്തിയെങ്കിലും അദ്ദേഹത്തിന്റെ കഴിവിനു ചേരുന്ന ഒരുയർച്ച, ഒരു അംഗീകാരം, സിനിമാലോകം നൽകിയോ എന്നതു സംശയം തന്നെ. ചെയ്യാത്ത ഗാനത്തിനു് അവാർഡ് നൽകി അദ്ദേഹത്തെ അപമാനിച്ചു എന്നല്ലാതെ അർഹിക്കുന്ന ഔപചാരികാംഗീകാരങ്ങൾ ഒന്നും നൽകിയതുമില്ല. അതീവചാരുതയോടെ ചെയ്ത ആ ഗാനത്തിന്റെ ഹൃദയത്തിലേക്കു് ഒരു ചാട്ടുളി എറിയാനേ മലയാള സംഗീതരംഗത്തെ ആ കാരണവർക്കു പോലും പറ്റിയുള്ളൂ. “നിറഞ്ഞു വരുന്ന മൌനത്തിനു്“ ആരോഹണം എന്തു കൊണ്ടാണു് അഭികാമ്യമല്ലാത്തതു് എന്നദ്ദേഹത്തിനു വേണമെങ്കിൽ ദേവരാജൻ മാഷോടു തിരിച്ചു ചോദിക്കാമായിരുന്നു. മൌനമാണെങ്കിലും അതു കൊഴിയുന്ന മൌനമല്ലല്ലോ നിറയുന്ന മൌനമല്ലേ, നിറയൽ ആരോഹണപ്രക്രിയ അല്ലേ എന്നു വളരെ മെല്ലെയെങ്കിലും ഒന്നു ചോദിക്കേണ്ടിയിരുന്നു എന്നു ഞാൻ വിചാരിച്ചിട്ടുണ്ടു് പലപ്പോഴും.
ഈ സംശയങ്ങൾ, ഇത്തരം ചോദ്യങ്ങൾ ഇനിയുള്ള തലമുറയ്ക്കു് അപ്രസക്തമായേക്കാം. കാരണം സംഗീതത്തിന്റെ മനമറിഞ്ഞ ആ മഹാസംഗീതകാരന്റെ, ഗായകന്റെ, കുറച്ചു പാട്ടുകളല്ലേ അവർ കേട്ടിട്ടുണ്ടാവൂ. പക്ഷെ ആ ദീപശിഖയുടെ ജാജ്ജ്വല്യശോഭയറിഞ്ഞ, ആ സാഗരഗീതത്തിന്റെ പ്രൌഢഗാംഭീര്യമറിഞ്ഞ, ആ സുഗമ സംഗീതത്തിന്റെ ചിരമാധുര്യമറിഞ്ഞ, ഞാനും നിങ്ങളും അടങ്ങുന്ന തലമുറകൾക്കു് അതൊരു പ്രഹേളിക ആയിത്തന്നെയേ അവശേഷിക്കൂ...
******************************
ജൂലൈ രണ്ടിനു്, ടെലിവിഷനിലൂടെ, തണുത്തുറഞ്ഞ പേടകത്തിനുള്ളിൽ, ആ ശരീരം കാണുമ്പോൾ മനസ്സിലാകെ കുറ്റബോധമായിരുന്നു. എന്റെ കവിളിലും മനസ്സിലും വീണ കണ്ണുനീരു് നേരിട്ടല്ലെങ്കിലും എത്രയോ തവണ അദ്ദേഹത്തോടു മാപ്പു ചോദിച്ചു കഴിഞ്ഞിരിക്കുന്നു... “നുകരാത്ത തേനിന്റെ മധുരിമയും അത്രയ്ക്കപൂർവ്വമായ ചാരുതയും“ ഒട്ടേറെ സമ്മാനിച്ച ഗുണനിധേ മാപ്പു്..