dailyvideo

ഗുരുവിനെ ഓര്‍ക്കുമ്പോള്‍

രവി ശങ്കര്‍ (ഗായകന്‍)

തന്നെ സാര്‍, മാഷ് എന്നൊകെ വിളിക്കുന്നത് അദ്ദേഹം ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. ചിലര്‍ സ്നേഹത്തോടെ ‘രാധാകൃഷ്ണന്‍‘ എന്നു വിളിച്ചു. ‘രാധപ്പന്‍‘ എന്നോ മറ്റോ പഴയ നാട്ടുകാരും സുഹൃത്തുക്കളും വിളിച്ചിരുന്നു എന്നും കേട്ടിട്ടുണ്ട്. ബഹുഭൂരിഭാഗം പേര്‍ക്കും അദ്ദേഹം ‘രാധാകൃഷ്ണന്‍ ചേട്ടന്‍‘ ആയിരുന്നു. വളരെക്കുറച്ചു പേര്‍ മാത്രമേ ‘സാര്‍’ എന്നു വിളിച്ചിരുന്നുള്ളു. എന്നോടും പറഞ്ഞിരുന്നു നീ എന്നെ സാര്‍ എന്നൊന്നും വിളിക്കണ്ടാ എന്ന്. ഞാനും അദ്ദേഹത്തിന്റെ മകന്‍ രാജകൃഷ്ണനും സമപ്രായക്കാരായതുകൊണ്ടും, എന്റെയുള്ളില്‍ അദ്ദേഹത്തോടുള്ള ആരാധനയും ആദരവും കൊണ്ടുമൊക്കെയോ എങ്ങിനെയോ, ‘അങ്കിള്‍’ എന്നു വിളിക്കാന്‍ മനസ്സു ശീലിച്ചു. എന്റെ അടുത്ത ബന്ധുവും, ചേട്ടനെപ്പോലെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ശ്രീ മഹാദേവന്‍ തമ്പി രചിച്ച ഒരു ഗാനം റേഡിയോവില്‍ ലളിതസംഗീതപാഠത്തില്‍ പഠിപ്പിച്ചിരുന്നത് ശ്രദ്ധിച്ചപ്പോഴാണ്, എം ജി രാധാകൃഷ്ണന്‍ എന്ന പേര്‍ ആദ്യം മനസ്സില്‍ പതിഞ്ഞത്. അന്ന് ഞാന്‍ ഒരു എല്‍ പി സ്കൂള്‍ വിദ്യാര്‍ഥി. പിന്നെ മകനെ സ്കൂളില്‍ കൊണ്ടുവിടാന്‍ കാറില്‍ വന്നിറങ്ങുന്ന ആ സെലിബ്രിറ്റിയെ, വിദ്യാധിരാജാ സ്കൂളിനു മുന്‍പില്‍ വച്ച് അച്ഛനും അമ്മയും എപ്പോഴൊക്കെയോ കാണിച്ചുതന്നു. ഒരുപക്ഷേ ഞാന്‍ ജീവിതത്തില്‍ ആദ്യമായി നേരില്‍ക്കാണുന്ന സെലിബ്രിറ്റി! പിന്നീട് പലപ്പോഴായി കണ്ടിരുന്നു എങ്കിലും ഒരു ചെറിയ പരിചയം എന്ന നിലയിലേക്കുപോലും ആ ബന്ധം വളര്‍ന്നിരുന്നില്ല. പക്ഷേ ദൈവനിശ്ചയം പോലെ ‘സാഫല്യം’ എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ സംഗീതസംവിധാനത്തില്‍ ‘പൊന്നോലപ്പന്തലില്‍’ എന്നുതുടങ്ങുന്ന ഗാനം പാടിയാണ് പിന്നണിഗാനരംഗത്ത് ഞാന്‍ എന്റെ ആദ്യചുവട് വയ്ക്കുന്നത്. ശ്രീ കിരീടം ഉണ്ണിയാണത് നിര്‍മ്മിച്ചത്. അവിടെ വേരുപിടിച്ച ബന്ധം, നാള്‍ക്കുനാള്‍ ശക്തിപ്രാപിച്ചു. ഒരുപാട് യാത്രകള്‍, റിക്കോര്‍ഡിങ്ങുകള്‍, അമ്പലങ്ങള്‍ അങ്ങനെ അങ്ങനെ ....... ചെറിയ കാര്യങ്ങള്‍ക്ക് പെട്ടന്ന് ദേഷ്യപ്പെടുകയും, വളരെ വലിയ കാര്യങ്ങള്‍ സരസമായിക്കണ്ട് ഒഴിയുകയും ചെയ്തിരുന്ന ആ വ്യക്തിത്വത്തിന്റെ റേഞ്ച് അല്ലെങ്കില്‍ വ്യാപ്തി എന്നെ വിസ്മയപ്പെടുത്തിയിരുന്നു.


എം ജി രാധാകൃഷ്ണന്‍ എന്ന വലിയ വ്യക്തിത്വത്തിന്റെ ഒരു ഭാവം വ്യക്തമാക്കാനൊരു സന്ദര്‍ഭം ഞാന്‍ കുറിക്കുകയാണ്. തിരുവനന്തപുരത്തെ ഒരു വലിയ സ്റ്റുഡിയോയുടെ മട്ടുപ്പാവില്‍ നില്‍ക്കുകയായിരുന്നു അങ്കിള്‍. ഞാന്‍ കാണുമ്പോള്‍ വെറുതേ നീലാകാശത്തിലേക്ക് നോക്കി നില്‍ക്കുന്നു. വളരെ അസുലഭമായ ഒരു സന്ദര്‍ഭമായിത്തോന്നി എനിക്കത്. കാരണം എപ്പോഴും കാര്യങ്ങളും നര്‍മ്മങ്ങളും ഒക്കെ പറഞ്ഞ് വെറ്റിലയും മുറുക്കി ഒക്കെയേ എല്ലാവരും കണ്ടിട്ടുള്ളു അങ്കിളിനെ. പ്രത്യേകിച്ചും ഇങ്ങനെ ഒരു റെക്കോര്‍ഡിങ് സ്റ്റുഡിയോവില്‍ വച്ച്. ഞാന്‍ വെറുതേ അടുത്തു ചെന്ന് കാര്യം ചോദിച്ചു. ഒന്നുകില്‍ ഒരു കുസൃതി നിറഞ്ഞ ഉത്തരം അല്ലെങ്കില്‍ ഒരു ട്യൂണിന്റെ കാര്യം ഇതിലേതെങ്കിലുമാണ് ഞാന്‍ പ്രതീക്ഷിച്ചത്. പക്ഷേ അദ്ദേഹത്തിന്റെ ഉത്തരം ഇതായിരുന്നു, ‘എടാ ഇങ്ങനെ തെളിഞ്ഞ ആകാശത്തില്‍ മേഘങ്ങള്‍ പറന്നുപോകുന്നതുനോക്കി അഞ്ചുമിനിറ്റ് നിന്നാല്‍ മതി, മനസ്സിനു ഭാരം കുറയുന്നതായും, ചിന്തകള്‍ക്ക് ഗഹനത വരുന്നതായും നമുക്ക് നേരിട്ട് അനുഭവിച്ചറിയാം’ എന്ന്. പിന്നീട് പലപ്പോഴും മനസ്സിന്റെ സാന്നിദ്ധ്യം തിരിച്ചുപിടിക്കാനും ഒരുപക്ഷേ ഒരു ‘ഈസി മെഡിറ്റേഷന്‍’ ആയിപ്പോലും ഞാന്‍ ഇതു ഉപയോഗിക്കുന്നു.

ഒരുപാട്പേര്‍ പറഞ്ഞിരുന്നത് അങ്കിളിന് ജോലിക്കിടയില്‍ പെട്ടന്നു ദേഷ്യം വരും, കണ്ണുപൊട്ടുന്നപോലെ വഴക്കുപറയും എന്നൊക്കെയാണ്. പക്ഷേ എനിക്ക് ഒരുതവണപോലും അങ്ങനെ ഒരനുഭവം ഉണ്ടായിട്ടില്ല. മനസ്സ് ഇപ്പോള്‍ പറയുന്നു അങ്കിളിന് എന്നെ ഇഷ്ടമായിരുന്നു എന്ന്. അദ്ദേഹത്തിന്റെ മകന്‍ ഉള്‍പ്പടെ പലരും എന്നോട് ഇഥ് പറഞ്ഞിട്ടും ഉണ്ട്. അതുകൊണ്ടുതന്നെ എന്റെ സംഗീതയാത്രയില്‍ എന്നും എന്റെ ഗുരുനാഥന്റെ അനുഗ്രഹം എനിക്ക് ശക്തിയും ഊര്‍ജ്ജവുമായി ഉണ്ടാകും എന്ന് വിശ്വസിക്കുന്നു. ഒപ്പം ആ കാല്‍ക്കല്‍ എന്റെ ശതകോടി നമസ്കാരവും അര്‍പ്പിക്കുന്നു.

Posted by Ajay Menon on 6:30 PM. Filed under . You can follow any responses to this entry through the RSS 2.0

0 comments for �ഗുരുവിനെ ഓര്‍ക്കുമ്പോള്‍�

Leave comment

About Me

Followers

Recent Entries

Recent Comments

Photo Gallery