ഹൃസ്വസംഗീതസാഹിത്യ മത്സരം
മത്സരതീയതികള് - ഡിസംബര്‍ 15 മുതല്‍ ജനുവരി 15 വരെ
കൂട്ടരേ...
എം എസ് ഐ ഒരു പുതിയ മത്സരപംക്തി തുടങ്ങുന്നു.
ഇതില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം...
നമുക്കേവര്‍ക്കും പ്രിയപ്പെട്ട ചില ഗാനങ്ങളുണ്ടാവും...
എന്നാല്‍ ചില ഇഷ്ടഗാനങ്ങള്‍ ഓര്‍മ്മകളിലേക്കുള്ള മടക്കയാത്രയാണ്... പ്രിയപ്പെട്ടവരെ ഓര്‍മ്മപ്പെടുത്തലാണ്...
ജീവിതത്തിലെ വ്യത്യസ്ത കാലഘട്ടങ്ങളില്‍ നമ്മളിഷ്ടപ്പെട്ടിരുന്ന ഗാനങ്ങളും പലതാവും...
ഈ ഗാനങ്ങളെല്ലാം പ്രിയമുള്ളതാവാന് പല കാരണങ്ങളുമുണ്ടാവും...
കുഞ്ഞുന്നാളില്‍ മനസ്സില്‍ പതിഞ്ഞ ആദ്യഗാനം, അമ്മ / അച്ഛന് / അമ്മൂമ്മ / അപ്പൂപ്പന് പാടിത്തന്നിരുന്ന ഗാനങ്ങള്‍, നാടിനേയും പ്രിയപ്പെട്ടവരേയും ഓര്‍മ്മിപ്പിക്കുന്ന ഗാനങ്ങള്‍,
ജീവിതത്തിലെ സുപ്രധാന നിമിഷങ്ങളെ ഓര്‍മ്മപ്പെടുത്തുന്ന ഗാനങ്ങള്‍, ഇഷ്ട ഗായകന് / ഗായിക പാടിയ ഗാനങ്ങള്‍, വരികളും സംഗീതവും ഏറെ ഇഷ്ടമുള്ള ഗാനങ്ങള്‍...
ഇനിയും എത്രയോ കാരണങ്ങള്‍ കൊണ്ടാകാം ചില ഗാനങ്ങള്‍ നമ്മുടെ മനസ്സില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്...
നിങ്ങളുടെ ഇഷ്ടഗാനം ഏതെന്നും എന്തുകൊണ്ട് ആ ഗാനം ഇഷ്ടപ്പെടുന്നുവെന്നും കഴിയുന്നത്ര ചുരുക്കി (നൂറ് വാക്കില്‍ കവിയാതെ) മലയാളത്തിലോ / ഇംഗ്ലീഷിലോ എഴുതി ഈമെയിലില്‍ ormakal@malayalasangeetham.info എന്ന വിലാസത്തില്‍ അയക്കുക
20,000 രൂപയുടെ പാരിതോഷികങ്ങള്‍ വിജയികളെ കാത്തിരിയ്ക്കുന്നു !
- ഏറ്റവും നല്ല ലേഖനത്തിന് 5000 രൂപ സ്പെഷ്യല്‍ ജൂറി സമ്മാനം
- ഓരോ വിഭാഗത്തിലും ഒന്നാം സമ്മാനം 2500 രൂപയുടെ പുസ്തകങ്ങള്‍
- രണ്ടാം സമ്മാനം 1000 രൂപയുടെ പുസ്തകങ്ങള്‍
- മൂന്നാം സമ്മാനം 500 രൂപയുടെ പുസ്തകങ്ങള്‍
നല്ലതെന്ന് ജൂറി നിശ്ചയിക്കുന്ന എല്ലാ ലേഖനങ്ങളും പുസ്തകരൂപത്തില്‍ എം എസ് ഐ 2011ല്‍ പ്രസിദ്ധീകരിയ്ക്കും
മത്സരനിയമങ്ങള്‍:
- സമയപരിധി : ഒരു മാസം - ഡിസംബര്‍ 15, 2010 മുതല്‍ ജനുവരി 15, 2011 വരെ
- ഒര് മത്സരാര്‍ത്ഥിക്ക് എത്ര ഗാനങ്ങളെ കുറിച്ച് വേണമെങ്കിലും എഴുതാം
- നിങ്ങളുടെ ഇഷ്ടഗാനം ഏതെന്നും എന്തുകൊണ്ട് ആ ഗാനം ഇഷ്ടപ്പെടുന്നുവെന്നും കഴിയുന്നത്ര ചുരുക്കി - നൂറ് വാക്കില്‍ കവിയാതെ - മലയാളത്തിലോ / ഇംഗ്ലീഷിലോ എഴുതി ഈമെയിലില്‍ ormakal@malayalasangeetham.info എന്ന വിലാസത്തില്‍ അയക്കുക
- മത്സരം മൂന്ന് വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു
- സിനിമാഗാനങ്ങള്‍, ലളിതഗാനങ്ങള്‍ , നാടകഗാനങ്ങള്‍ എന്നാണ് മൂന്ന് വിഭാഗങ്ങള്‍
- ഓരോ വിഭാഗത്തിനും പ്രത്യേകം പ്രത്യേകം പാരിതോഷികങ്ങള്‍
- വിവരങ്ങള്‍ എം എസ് ഐ പോലുള്ളിടങ്ങളില്‍ നിന്ന് ശേഖരിയ്ക്കുകയാണെങ്കില് അവയുടെ ഉറവിടം കൃത്യമായി രേഖപ്പെടുത്തണം
- കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക - admin@malayalasangeetham.info
ശ്രീദേവി പിള്ള
മൌനം സ്വരങ്ങളാക്കി, സ്വരമാലകളാക്കി, കാതോര്‍ത്തിരുന്ന മനസ്സുകളിലേക്ക് പകര്‍ന്നു, കുളിര്ചാമരം വീശിയ സംഗീതജ്ഞന്. എം ജി രാധാകൃഷ്ണന് . പക്ഷേ ആ പേര് അതിനും എത്രയോ മുന്‍പു തന്നെ മലയാളികള്‍ മനഃപാഠമാക്കിയിരുന്നു! ഇന്നത്തെ അത്യന്താധുനിക സംഗീതശ്രവണ യന്ത്രങ്ങളൊന്നും അക്കാലത്ത് അവ കണ്ടുപിടിച്ചവരുടെ സ്വപ്നങ്ങളില്‍ പോലും ഉണ്ടായിരുന്നോ എന്ന് സംശയമാണ്. സംഗീതസ്നേഹികള്‍ക്ക് കൂട്ടായി ആകാശവാണിമാത്രമായിരുന്നു അന്ന്. ചൂടായി വരാന്‍ ഏറെ സമയമെടുക്കുന്ന ഭീമന് വാല്‍വ് റേഡിയോകളും, മര്‍ഫിയുടെയും ഫിലിപ്സിന്റെയും ചെറിയ ട്രാന്സിസ്റ്ററ് റേഡിയോകളും ഏകാന്തതകളിലെ സഹയാത്രികരായിരുന്ന കാലം. ശരശയ്യയിലെ ‘ശാരികേ ശാരികേ‘ എന്ന ഗാനം കേള്‍ക്കുമ്പോള്‍ , യേശുദാസിന്റെ കാമുകശബ്ദത്തിനപ്പുറം, ജയചന്ദ്രന്റെ ഭാവസ്വരത്തിനപ്പുറം മനസ്സിലുറഞ്ഞ സംഗീതം സ്വരപ്പെടുത്തി, തെല്ലൊന്നു പരുക്കനാക്കി, എന്നാല്‍, ആത്മാവലിയിച്ചിണക്കിയെടുത്ത ആ ശബ്ദം അല്ഭുതമായിത്തന്നെ നിലകൊണ്ടു. ‘ഉണ്ണിഗ്ഗണപതിയേ‘ കേട്ട് അല്‍ഭുതം വീണ്ടും വര്‍ദ്ധിച്ചു. ആരാണത്? ടി പി രാധാമണിയുടെ അനൌണ്സ്മെന്റ് പിന്നാലെ. ‘നിങ്ങള്‍ ഇപ്പോള്‍ കേട്ട ഗാനം ആലപിച്ചത് എം ജി രാധാകൃഷ്ണനും മാധുരിയും.’
ബാല്യകാലത്തിലെ വര്ണ്ണപ്പൊലിമയ്ക്ക് ചാരുതപകര്‍ന്ന് ആ സ്വരവും സംഗീതവും വീണ്ടും ആകാശവാണി ലളിതസംഗീത പാഠത്തിലൂടെ മഴവില്ക്കൊതുമ്പിലേറിവന്നു. തൊട്ടുമുന്നിലിരിക്കുന്ന സ്നേഹമയനായ അദ്ധ്യാപകന്റെ മുന്നിലെന്നപോലെ ലളിതസംഗീതപാഠത്തിനായി അമ്മയുടെ പഴയ മര്‍ഫി ട്രാന്‍സിസ്റ്ററിന്റെ മുന്നിലിരുന്നുകൊടുത്തു. ‘ഒന്നുകൂടിപ്പാടൂ‘ എന്ന ഗംഭീരസ്വരം അറിയാതെ തന്നോട്തന്നെ എന്ന അറിവുപോലെ വരികള്‍ ഏറ്റുപാടിച്ചു. ‘പൂക്കൈതയാറ് അവള് പൂക്കൈതയാറ് അവളൊരായിരം കഥപറഞ്ഞു.........‘ ആകാശവാണിയിലെ വാദ്യവൃന്ദത്തോടെ അവസാനിച്ച ആപാട്ട് ഇന്നിതുവരെ ഒരാവര്‍ത്തി കേട്ടിട്ടില്ല. എങ്കിലും റ്റിവിയിലും, എഫ് എം റേഡിയോകളിലുമൊക്കെ അലറിവിളിക്കുന്ന ഒരുപാടൊരുപാട് പാട്ടുകള്ക്കുമേലെ ഒരക്ഷരം പോലും തെറ്റാതെ, ഒരു വരിയുടെ ഈണം പോലും മറക്കാതെ പൂക്കൈതയാറ് സുസ്മേരവദനയായി ഒഴുകുന്നു. ‘കളകളം പാടിവരും കാട്ടരുവി‘ ഇതേ ജനുസ്സില്‍പ്പെട്ട ഒരു ഗാനമാണ്. ‘പോരുമ്പോഴമ്മനിന്നോടെന്തുപറഞ്ഞു, നിന്റെ തീരത്തെ തരുലതകളെന്തുമൊഴിഞ്ഞു? ‘ വരികളും ഈണവും കല്ലില്കൊത്തിയതുപോലെ മനസ്സില്‍ ഉറഞ്ഞുകിടക്കുന്നു. സ്കൂള്‍ സ്റ്റേജുകളില്‍ നിന്ന് അഭിമാനത്തൊടെ ഏറ്റുവാങ്ങിയ നിരന്തരമായ കരഘോഷങ്ങള്‍ക്കും എണ്ണമില്ലാത്ത സമ്മാനങ്ങള്‍ക്കും കാരണം രൂപമില്ലാതെ മുന്നിലിരുന്നു പഠിപ്പിച്ചു തന്ന ആ ഗുരുനാഥന്റെ ലളിതസംഗീതപാഠങ്ങളാണ്.
സുജാതയെന്ന കൊച്ചുമിടുക്കി അന്നത്തെ എന്റെ കുഞ്ഞുഹൃദയത്തെയും, മറ്റനേകായിരം ഹൃദയങ്ങളേയും പിടിച്ചടക്കി ജൈത്രയാത്ര തുടങ്ങിയ കാലം. മുത്തുകൊണ്ടെന്റെ മുറം നിറഞ്ഞു. ആ ഗാനത്തിലൂടെ എത്രയെത്ര മനസ്സുകളാണ് കുളിര്ത്തുനിറഞ്ഞത്! അലസയായി മയങ്ങുന്ന ദ്വാപരയുഗസന്ധ്യയിലെ ആ ഓടക്കുഴല്‍ വിളി ഈ യുഗസന്ധ്യകളിലെ പ്രണയികളുടെ മനസ്സിലേക്ക് ഒഴുക്കിയുണര്ത്തി അനശ്വരമാക്കിയത് എം ജി രാധാകൃഷ്ണനും സുജാതയുമല്ലാതെ മറ്റാരുമല്ല. ഓടക്കുഴല്‍ വിളി എന്ന ഗാനത്തിന്റെ പോപുലാരിറ്റി കടക്കാന്‍ ഇനിയൊരു സംഗീതസംവിധായകന് ജനിച്ചുവരണം. യുഗങ്ങളിലൊരിക്കല്‍ മാത്രം സംഭവിക്കുന്നതുപോലെയാണ് അനശ്വരതയുടെ പടവുകളിലേറി ഇന്നും മനസ്സിനെ മയക്കിനിര്‍ത്തുന്ന ഓടക്കുഴല്‍ വിളി.
ഘനശ്യാമസന്ധ്യാഹൃദയം ഒരിടിമുഴക്കത്തോടുകൂടിത്തന്നെയാണ് മലയാള ലളിതസംഗീതത്തറവാട്ടുമുറ്റത്ത് പെയ്തിറങ്ങിയത്. ആ മുഴക്കം മൂന്നുപതിറ്റാണ്ടിന്നിപ്പുറവും അതേ നിറവോടെ, ഉജ്വലതയോടെ, പ്രതിദ്ധ്വനിക്കുന്നു എന്നതുതന്നെയാണ് എം ജി രാധാകൃഷ്ണന് എന്ന സംഗീതസംവിധായകന്റെ മുന്നില്‍ ഒരുപിടിപ്പൂക്കള്‍ അര്‍പ്പിച്ച് അനുഗ്രഹം വാങ്ങുവാന്‍ ഇന്നും സംഗീതസ്നേഹികളെ ആവേശിതരാക്കുന്നത്. ഗാനങ്ങള്‍ എന്നാല്‍ സിനിമാഗാനങ്ങള്‍ എന്ന് നിസ്സംശയം പ്രഖ്യാപിക്കുന്ന മലയാളി എം ജി രാധാകൃഷ്ണന്റെ ലളിതഗാനങ്ങള്‍ കേട്ടു തുടങ്ങിയതോടെ തെല്ലൊന്നു സംശയാലുവായി. ഏതു സിനിമാഗാനത്തോടും കിടപിടിക്കുന്ന, അല്ലെങ്കില്‍ ഒരുപടി മുന്നില്‍ത്തന്നെ നില്ക്കുന്ന ഭാവഗാനങ്ങള്‍.. ഒന്നാം സ്ഥാനം ആര്‍ക്കുകൊടുക്കണം? ജയദേവകവിയ്ക്കു കൊടുക്കണോ? പൂമുണ്ടും തോളിലിട്ടു പൂക്കച്ചക്കെട്ടും കെട്ടി വരുന്ന അന്പുറ്റ മണിമാരന്‍ കൊടുക്കണോ? നേരമില്ലാത്ത നേരത്തു വന്ന് കാര്യം പറഞ്ഞ കാറ്റിനു കൊടുക്കണോ?
മൂന്നു പതിറ്റാണ്ടു മുന്‍പുള്ള ഒരു സുവര്‍ണ്ണകാലത്തിന്റെ ഓര്‍മ്മകളില്‍ മഴവില്ലിന്റെ മണിവീണ സ്വരം മുഴക്കിയത് കേള്‍പ്പിച്ചു തന്ന ഒരാത്മാവ്, ഒരു സ്വരം, പത്രത്താളുകളില്‍ വല്ലപ്പോഴുമൊരിക്കല്‍ കാണാന്‍ കഴിഞ്ഞിരുന്ന ഒരു ദീപ്തമായ മുഖം.നമസ്കരിക്കുന്നു.
അപസ്വരങ്ങളുണരാതെ എന്നുമെന്നും മീട്ടിയിരുന്ന ആ ഗന്ധര്‍വഗായകന്റെ മണിവീണയ്ക്കുമുന്നില് ഒരുകുടന്ന പൂക്കള്‍ അര്‍പ്പിക്കുന്നു.
ഭാഗം മൂന്ന്
പുത്തന്‍ ബിലാത്തി പ്രവിശ്യയിലെ അസ്ഥി മരവിപ്പിക്കുന്ന ശൈത്യത്തില്‍ നിന്നും, അരുണാഭ ദേശത്തെ ഊഷ്മളതയിലേക്കുള്ള പറിച്ചു നടീല്‍ വേറിട്ട ഒരനുഭവം ആയിരുന്നു, എല്ലാ അര്‍ത്ഥത്തിലും!അറുപതുകളിലെ പട്ടാളക്കാര്‍ പാലക്കാടന്‍ തെങ്ങില്‍ തലപ്പുള് കാണുമ്പോള്‍ അനുഭവിച്ചിരുന്ന ഒരു അനുഭൂതി തന്നെയായിരുന്നു ഫ്ലോറിഡയിലെ പനയോലകളുടെ ദൃശ്യം
പ്രധാനം ചെയ്തത്. പുതിയ ഒരു ദേശത്തേക്ക് പോകുമ്പോള്‍ ചെയ്തിരുന്ന പതിവനുസരിച്ച് ഒരാളുടെ
മേല്‍വിലാസവും കരുതിയിരുന്നു, ഡോക്ടര്‍ സണ്ണി ജോസഫ്! ഓര്‍ലാന്‍ഡോയിലെ അറിയപ്പെടുന്ന
സൈക്കോളജിസ്റ്റും ക്ലിനിക്കല്‍ സൈക്യാട്രിസ്ടും ആണ് സണ്ണി. ഞാന്‍ ചെന്ന സമയത്ത് വിളിച്ചപ്പോള്‍
ആളു സ്ഥലത്തില്ല. രണ്ടു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തിരിച്ചു വിളിച്ചു. അന്നൊരു ജൂലൈ 4th ആയിരുന്നു.
വൈകിട്ട് ഡിന്നറിനു ക്ഷണിച്ചു. ടൈഗര്‍ വൂട്സും ഷക്കീല്‍ ഒനീലും അയല്‍വാസികളായ ഓര്‍ലാന്‍ഡോ
അയില്‍സ് വര്‍ത്ത് എന്ന പ്രസ്റ്റീജ് കമ്മ്യുണിറ്റിയില്‍ കൊട്ടാര സദൃശ്യ ഭവനത്തിലാണ് കക്ഷിയുടെ വാസം
സണ്ണി തികഞ്ഞ ഒരു സംഗീത പ്രേമിയും സ്ഥലത്തെ അറിയപ്പെടുന്ന ഗായകനും ആണ് എന്നത് കൂടുതല്‍
സന്തോഷത്തിന് വക നല്കി. പരിചയപ്പെടലിനിടെ ക്യാപ്ടന് ശര്‍മ്മയും വല്ലകിയും വിഷയമായപ്പോള്‍
അത്ഭുതം നടന്നു.എന്റെ കയ്യില്‍ പോലും ഇല്ലാതിരുന്ന ഞാന്‍ വര്‍ഷങ്ങളായി തേടി നടന്ന ആ പാട്ട്
സണ്ണിയുടെ കൈവശം ഉണ്ടായിരുന്നു.യേശുദാസിന്റെ മിക്കവാറും എല്ലാ പാട്ടുകളുടെയും ലൈബ്രറിയില്‍
നിന്നും നിമിഷ നേരത്തിനുള്ളില്‍ ഒരു കോപ്പി എടുത്തു തന്നു (ഈ പാട്ടിന്റെയും പാതിരാവില്‍ എന്ന
പാട്ടിന്റെയും മികച്ച കോപ്പികള്‍ ഷക്കീബ്എന്ന കുട്ടേട്ടന്റെ കയ്യില്‍ നിന്നും പിന്നീട് ലഭ്യമായത് നന്ദി
പൂര്‍വ്വം സ്മരിക്കുന്നു)
ഇതിനിടെ ഒരു കാര്യം വ്യക്തമായി,സണ്ണി യേശുദാസിന്റെ ഒരു തികഞ്ഞ ആരാധകന് ആണെന്ന്! അത്
പുതിയ ഒരു സൌഹൃദത്തിന്റെ തുടക്കം ആയിരുന്നു.അമേരിക്കന്‍ ജീവിതത്തിനിടെ കിട്ടിയ ആദ്യത്തെ
യദാര്‍ത്ഥ സൌഹൃദം!സംഗീതത്തെ സ്നേഹിച്ചിരുന്ന സണ്ണിക്ക് എന്നെ സ്നേഹിക്കാതിരിക്കാന്‍
കഴിയുമായിരുന്നില്ല! കൂടുതല്‍ അടുത്തറിഞ്ഞപ്പോള്‍ മനസ്സിലായി, സണ്ണി യേശുദാസിന്റെ ഒരു
സാധാരണ ആരാധകന് മാത്രമായിരുന്നില്ല.ഒരു വ്യക്തിയെ ഒരാള്‍ക്ക് എത്ര മാത്രം ആരാധിക്കാന്‍
കഴിയും എന്ന് എന്നെ അമ്പരപ്പിച്ച പ്രതിഭാസമായിരുന്നു സണ്ണി. ദാസിന്റെതല്ലാത്ത ഒരു പാട്ട്
ശരിയായി ആസ്വദിക്കാന്‍ സണ്ണി കൂട്ടാക്കിയിരുന്നില്ല. ദാസിനെക്കുറിച്ചു ആരെങ്കിലും മോശമായി
പറഞ്ഞാല്‍ സണ്ണിയുടെ മുഖം ചുവക്കും, ശബ്ദം ഇടറും, കണ്ണുകള്‍ നിറയും. സ്വന്തം ഭാര്യയും മക്കളും
സഹോദരങ്ങളും ഒക്കെ ആ അദൃശ്യ വലയത്തിന് പുറത്താണ്. ആ സത്യം മറ്റാരെക്കാളും ദാസിന്
തന്നെ അറിയാം. ഓര്‍ലാന്‍ഡോ പരിസരത്തു എവിടെ വന്നാലും യേശുദാസ് താമസിക്കുന്നത്
സണ്ണിയുടെ വീട്ടില്‍ ആയിരിക്കും.
യേശുദാസ് എന്ന വ്യക്തിയുടെ കച്ചവടമനസ്സിനെക്കുറിച്ചുള്ള അപവാദങ്ങളെ ഞാന്‍ കേട്ടിട്ടുള്ളൂ.
ഒന്നും സത്യമായി തോന്നിയിട്ടില്ല. പക്ഷെ സമര്‍ഥമായ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ട്. ലോകത്തിലെ
എല്ലാ രാജ്യങ്ങളിലെയും മിക്കവാറും എല്ലാ പ്രധാന പട്ടണങ്ങളിലും സ്ഥിരമായി സന്ദര്‍ശിക്കുന്ന
അദ്ദേഹം എല്ലാ സ്ഥലങ്ങളിലും ഒരു വ്യക്തിയെ ചുണ്ണാമ്പ് ഇട്ടു വച്ചിട്ടുണ്ട്. അത് സ്ഥലത്തെ പ്രധാന
ബിസിനെസ്സ്കാരനോ ഭിഷഗ്വരനോ സര്‍വ്വോപരി അദ്ദേഹത്തിന്റെ തികഞ്ഞ ആരാധകനും
ആയിരിക്കും. അവര്‍ക്ക് അദ്ദേഹത്തിന്റെ ചിട്ടകളും ഇഷ്ടാനിഷ്ടങ്ങളും ഭക്ഷണക്രമവും എല്ലാം അറിഞ്ഞിരിക്കണം. ജീവിതത്തില്‍ കടുത്ത ചിട്ടകളും ശീലങ്ങളും പാലിക്കുന്ന ഒരു വ്യക്തിയെ
സംബന്ധിച്ചിടത്തോളം വളരെ ആത്യാവശ്യമായ ഒരു കാര്യം തന്നെയാണത്. ഓരോ സ്ഥലത്തും
ഇതിനു വേണ്ടി മത്സരിക്കുന്നവരില്നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ആള് ആയിരിക്കും അവിടത്തെ
അദ്ദേഹത്തിന്റെ സ്ഥിരം ആതിഥേയന്. അതൊരു അലിഖിത പരസ്പര ധാരണയാണ്!
പശുവിന്റെ കടിയും കാക്കയുടെ വിശപ്പും എന്ന ആപ്തവാക്യം ഇവിടെ പ്രാവര്തികമാകുന്നു. ഈ ലിസ്റ്റ്
നൂറിലൊ ആയിരത്തിലോ പതിനായിരത്തിലോ ഒതുങ്ങുന്നതല്ല. അമേരിക്കയിലെ അന്‍പതു സ്റേറ്റ്കളില്‍
ഒന്നായ ഫ്ലോറിഡയിലെ നാല് പട്ടങ്ങളിലെ നാല് ആതിഥേയരെ എനിക്കറിയാം. അപ്പോള്‍ ലോകമാകെ
എത്ര കാക്കകള്‍ ഉണ്ടാകുമെന്ന് ഊഹിക്കാമല്ലോ!ഇത്രയും വ്യക്തികളെ മനസ്സില്‍ ഓര്‍ക്കുക അസാധ്യം
ഇറ്റലിയിലെ സിസിലിയില്‍ ഉള്ള കുഞ്ഞോനാച്ചനെ ആസ്ട്രേലിയയിലെ പെര്‍ത്തില്‍ വച്ച് യേശുദാസ്
തിരിച്ചറിഞ്ഞെന്നു വരില്ല, ഇത് കാക്കകള്‍ക്കും അറിയാവുന്ന നഗ്ന സത്യമാണ്. പക്ഷെ സണ്ണിയുടെ
കാര്യം വ്യത്യസ്തമാണ്.ആ ഭക്തിയുടെ തീവ്രത യേശുദാസിന് ശരിക്കും അറിയാവുന്നതും ആണ്.പല
വേദികളിലും യദാര്‍ത്ഥ സ്നേഹിതന് എന്ന് സണ്ണി യെക്കുറിച്ച് മാത്രമേ യേശുദാസ് പറഞ്ഞു ഞാന്‍
കേട്ടിട്ടുള്ളൂ!
സണ്ണിയുമായി പരിചയം ആയതിനെ ശേഷം,പല തവണ യേശുദാസ് വന്നിരുന്നു എന്ന് പറഞ്ഞിരുന്നതല്ലാതെ ഒരു തവണ പോലും കാണാനുള്ള ഭാഗ്യം ലഭിച്ചിരുന്നില്ല.അങ്ങിനെ ഇരിക്കെ ഒരു
തവണ ലോട്ടറി അടിച്ചു. “ദാസേട്ടന് വന്നിട്ടിട്ടുണ്ട്, വൈകിട്ട് ഡിന്നറിനു വരണം" എന്ന് ക്ഷണം
കിട്ടിയതനുസരിച്ചു കുടുംബ സമേതം അവിടെ ചെന്നു.അപ്പോള്‍ യേശുദാസ് ഭാര്യയുമായി ഷോപ്പിങ്ങിന്
പോയോരിക്കുകയായിരുന്നു. ഞങ്ങള്‍ ഡൈനിംഗ് റൂമില്‍ സംസാരിച്ചിരുന്നു. ഒന്നര വയസ്സുകാരന് അപ്പു
മാത്രം ലിവിംഗ് റൂമില്‍ കളിച്ചുകൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ എന്തോ ശബ്ദം കേട്ട് ചെന്ന്
നോക്കിയപ്പോള്‍ യേശുദാസും പ്രഭയും അപ്പുവിനെ കളിപ്പിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് കണ്ടത്. അവരെ
അതിശയിപ്പിച്ച ഒരു സംഭവം അവിടെ നടന്നിരുന്നു.യേശുദാസ് വാതില്‍ തുറന്നു കടന്നു വന്ന സമയത്ത്
ഇതിനു മുന്‍പ് ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ഒന്നര വയസ്സുകാരന് അപ്പു ”യേശുദാസ്" എന്ന് അതിശയത്തോടെവിളിച്ചത് അവരെയും ഞങ്ങള്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി. അവിടെ കൂടിയത്
എന്തിനെന്ന് അറിയാനുള്ള പ്രായം പോലും അവനില്ലായിരുന്നു. ടിവി യിലും വീഡിയോ യിലും ചില
ക്ലിപ്പുകള്കണ്ടിട്ടുണ്ടാവും.ഒരു ശിശുവിന്റ മനസ്സില്‍ പോലും ആ മാന്ത്രിക സ്വരം ചെലുത്തുന്ന സ്വാധീനം
ആയെ ആ സംഭവത്തെ വിശദീകരിക്കാന്‍ എനിക്കാവൂ.
അന്നത്തെ ആ കൂടിക്കാഴ്ച അവിസ്മരണീയമായിരുന്നു. പ്രോഗ്രാമുകളുടെയോ ആരാധകരുടെയോ തിരക്ക്
ഇല്ലാതെ വളരെ വ്യതസ്തമായ ഒരു അന്തരീക്ഷത്തില്‍ അദ്ദേഹം തികച്ചും മറ്റൊരു വ്യക്തിയായിരുന്നു.
പരിചയം വീണ്ടും പുതുക്കേണ്ടി വന്നുവെങ്കിലും അത്തവണ പെട്ടെന്ന് ഓര്‍ത്തടുത്തു. പിന്നീട് ഒരിക്കലും
അതിനു മിനക്കെടെണ്ടിയും വന്നിട്ടില്ല.മുന്നുനാല് മണിക്കൂറുകള്‍ കടന്നു പോയത് അറിഞ്ഞതേയില്ല.
ക്ഷണിക്കപ്പെട്ട ആ ചെറിയ സദസ്സില്‍ അദ്ദേഹം വളരെ വാചാലനായി. എല്ലാ വിഷയങ്ങളിലും
പറയാന്‍ ഏറെ. അതിനിടെ സംഗീതവും വിഷയമായി. സാധാരണ ഇങ്ങിനെയുള്ള മേല്പറഞ്ഞ
ആതിഥേയ സദസ്സുകളില്‍ സംഗീതവുമായി ബന്ധമുള്ളവരുടെ എണ്ണം കുറവായിരിക്കുമെന്നതിനാല്‍,
എന്റെ സാന്നിധ്യം അദ്ദേഹം വളരെ ഇഷ്ട്പ്പെട്ടിരുന്നതായി തോന്നി. സംഭാഷങ്ങളില്‍ അത് പലപ്പോഴും
പ്രകടിപ്പിക്കുകയും ചെയ്തു. രാഗങ്ങളെപ്പറ്റിയും അതിന്റെ ഭാവഭേദങ്ങളെപ്പറ്റിയും ഒക്കെ അവിടെ കൂടിയിരുന്ന
ചെറു സദസ്സിനു വിവരിച്ച കൂട്ടത്തില്‍ ഞാനും അറിയാതെ കൂടി. ഒരു ആത്മബന്ധം അറിയാതെ അവിടെ
ഉടലെടുക്കുകയായിരുന്നു.പിന്നീട് യേശുദാസ് വരുമ്പോഴൊക്കെ സണ്ണി എന്നെ വളിക്കുന്നത് പതിവാക്കി
അതിനു പിന്നില്‍ ഒരു സ്വാര്‍ത്ഥ താല്പര്യവും ഉണ്ടായിരുന്നു (സണ്ണി ക്ഷമിക്കണം). സ്റ്റേജിലോ
റെക്കോര്‍ഡിങ്ങിനോ അല്ലാതെ ആര് പറഞ്ഞാലും യേശുദാസ് പാടുകയില്ല, ആവശ്യപ്പെടാന്‍ ആരും
ധൈര്യപ്പെടാറുമില്ല(ഒരിക്കല്‍ സണ്ണിയുടെ മകള്‍ക്ക് വേണ്ടിയുംപിന്നീടൊരിക്കല് അപ്പുവിന് വേണ്ടിയും
പാടിയിട്ടുണ്ട്) പക്ഷെ സംഗീതത്തെക്കുറിച്ചും സംഗീതജ്ഞരെക്കുറിച്ചും രാഗങ്ങളെ കുറിച്ചും സംസാരിച്ചു
ഒരു പ്രത്യേക രീതിയില്‍ അപ്പ്രോച്ച് ചെയ്താല്‍ നല്ല മൂഡില്‍ ആകും.പിന്നെ ആ തൊണ്ടയില്‍ നിന്നും
വരുന്നത് സ്വര രാഗ ഗംഗാ പ്രവാഹം തന്നെയായിരിക്കും. ആരും പറഞ്ഞു കൊടുക്കാത്ത ആര്‍ക്കും വേണ്ടി
അല്ലാത്ത ആ ആലാപനം ഒരു അനുഭൂതി തന്നെയാണ്. അതുപോലെ ദീര്‍ഘദൂര ഡ്രൈവിങ്ങിനിടെ
ചെറുതായൊന്നു മൂളിക്കൊടുത്തല് മതി ബാക്കി ഏറ്റെടുത്തുകൊള്ളും. (ദയവായി ദാസേട്ടന് ഇത്
വായിക്കരുത്,വായിച്ചാലും മറന്നേക്കുക,വല്ലപ്പോഴും വീണു കിട്ടുന്ന ആ ഭാഗ്യം നഷ്ടമാകരുത്) സണ്ണി
മറന്നാലും യേശുദാസ് ചോദിക്കും ”മ്യൂസിക് ഡയറക്ടര്‍ എവിടെ" എന്ന് (സ്നേഹത്തില്‍ പൊതിഞ്ഞ ആ
ആ ടീസിംഗിനും ഒരു മധുരിമയുണ്ട്)
2004 ല്‍ ഒരു ഹ്രസ്വ ഒഴിവിനു നാട്ടില്‍ പോയിരുന്നു. പ്രായമായ മാതാപിതാക്കളെ കാണാനും, ഞങ്ങള്‍
ചെല്ലുന്നതറിഞ്ഞു ആലോചിച്ചുറപ്പിച്ച ഇളയ അളിയന്റെ കല്യാണം കൂടാനും. തിരക്കുകള്‍ കഴിഞ്ഞു
അവസാന രണ്ടു ദിവസം കുട്ടികളുമായി ചെറിയ ഒരു ടൂര്‍ നടത്തി. രണ്ടു ദിവസത്തെ പരിചയത്തിന്റെ
സ്വാതന്ത്ര്യത്തില്‍ സാരഥി സന്ദീപ് എന്റെ മകള്‍ ചിന്നുവിന്റെ ചര്‍മ്മത്തിലെ നിറഭേദത്തെക്കുറിച്ച്
ആരാഞ്ഞതിനു vitiligo എന്ന പ്രതിവിധിയില്ലാത്ത അവസ്ഥാന്തരത്തെക്കുറിച്ച് പറയേണ്ടി വന്നു. ഉടന്‍
തൊടുപുഴയിലുള്ളഒരു അമ്മച്ചിയുടെ ഒറ്റമൂലി ചികിത്സയെക്കുറിച്ച് സന്ദീപ് പറഞ്ഞത് പ്രകാരം വണ്ടി
നേരെ തോടുപുഴയിലേക്ക് വിട്ടു. അവര്‍ ഒരു ചൂര്‍ണ്ണവും കുറച്ചു തൈലവും ചികിത്സാവിധിയും തന്നു വിട്ടു.
തിരികെ വന്നു കുറിപ്പടി വായിച്ചു നോക്കി. തൈലം പുറമേ പുരട്ടാനുള്ളതാണ്. ചൂര്‍ണ്ണം രാവിലെയും
വൈകിട്ടും പശുവിന് പാലില്‍ പച്ചമഞ്ഞളും പത്തു കൃഷ്ണതുളസി ദളങ്ങളും ചേര്‍ത്തരച്ചു സേവിക്കണം.
പച്ചമഞ്ഞള്‍ അന്വേഷിച്ചു സംഘടിപ്പിച്ചു. പക്ഷെ കൃഷ്ണതുളസി? ഓര്‍ലാന്‍ഡോ മൊത്തം അലഞ്ഞു
തിരിഞ്ഞു രണ്ടു മൂട് സംഘടിപ്പിച്ചു. പക്ഷെ ദിവസേന ഇരുപതു ഇലകള്‍ ലഭ്യമാക്കാന്‍ ചെറിയ ഒരു കൃഷി
തന്നെ വേണ്ടിവരും. അതിനെക്കുറിച്ച് ആലോചിച്ചു വേവലാതി പൂണ്ട ഒരവസരത്തില്‍ യേശുദാസും
ഉണ്ടായിരുന്നു. അദ്ദേഹം ഫ്ലോറിഡയില്‍ പണ്ട് താമസിച്ചിരുന്ന വിറ്റുപോയ വീടിനു ചുറ്റും വേലി ആയി
നട്ടു വളര്‍ത്തിയിരുന്ന കൃഷ്ണതുളസി ചെടികളെ ഓര്‍ത്ത് സഹതപിച്ചു. കൃഷ്ണതുളസിയുടെ സത്ത് കടയില്‍
കിട്ടുമോ എന്ന് അന്വേഷിക്കാന്‍ ഉപദേശിച്ചു. പക്ഷെ കിട്ടിയില്ല. തല്ക്കാലം ഉള്ള ഇലകള്‍ അടര്‍ത്തി
ചികിത്സ തുടര്‍ന്ന്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ചട്ടിയിലെ ചെടി മൊട്ടയായി. ആകെയുണ്ടാടിരുന്ന ഒരു
ചട്ടി ചെടി തന്ന ഡോ. അരവിന്ദാക്ഷനോടുള്ള നന്ദി മാത്രം മിച്ചമായി. ചികിത്സയും നിന്നുപോയി.
ആഴ്ചകള്‍ പലതും കടന്നു പോയി. ഒരു ഞായറാഴ്ച വൈകിട്ട് ഫോണ്‍ ശബ്ദിച്ചു. ഫോണെടുത്ത ജൂഡിയുടെ
അമ്പരപ്പ് കേട്ടാണ് ഞാന്‍ ശ്രദ്ധിച്ചത്. മറുതലയ്ക്കല്‍ ഗന്ധര്‍വ സ്വരം, “മോളെ ഇത് ദാസേട്ടനാണ്, സ്റ്റീവി ഉണ്ടോ?” പണ്ട് യേശുദാസ് ന്യയോര്‍ക്കില്‍ വച്ച് തുണ്ട് കടലാസ്സില്‍ എഴുതിത്തന്ന നമ്പര്‍ അതുപോലെ
വച്ചിട്ടുണ്ട്. ഒരിക്കലും ഉപയോഗിക്കാന്‍ ധൈര്യം വന്നിട്ടില്ല. ഒരിക്കലും എന്റെ നമ്പര്‍ ചോദിച്ചിട്ടില്ല,
കൊടുത്തിട്ടുമില്ല. ഞാന്‍ ഫോണെടുത്തു.
“ദാസേട്ടന് എവിടെ നിന്നാ?”
“ഞാന്‍ ടാമ്പാ എയര്‍ പോര്‍ട്ടില്‍ നിന്നാ, നാട്ടില്‍ നിന്നും വരുന്ന വഴിയാ, കൃഷ്ണതുളസിയുടെ എക്സ്ട്രാക്റ്റ് കൊണ്ടുവന്നിട്ട്ടുണ്ട്. എന്ത് ചെയ്യണം?”
എത്ര മിനിട്ട് മരവിച്ചു നിന്നു എന്നോര്‍മയില്ല, അപ്പോഴത്തെ അവസ്ഥ വിവരിക്കാനുള്ള ഭാഷയും കൈവശം
ഇല്ല. സമചിത്തത കൈവരിച്ചശേഷം ചോദിച്ചു,
“ദാസേട്ടന് എങ്ങോട്ടാ?
“ഞാന്‍ ഗെയിന്‍സ് വില്ലില്‍ മകന്റെ അടുത്തേയ്ക്ക് പോകുന്നു"
വിശാല്‍ അന്ന് അവിടെയാണ് പഠിച്ചിരുന്നത്. ഓര്‍ലാന്‍ഡോയില്‍ നിന്നും ടാമ്പായ്ക് രണ്ടു മണിക്കൂര്‍,
ടാമ്പായില്‍ നിന്നും ഗെയിന്‍സ് വില്ലിലെയ്ക്ക് രണ്ടു മണിക്കൂര്‍. ഓര്‍ലാന്‍ഡോയില്‍ നിന്നും
ഗെയിന്സ്വില്ലിലെയ്ക്ക് രണ്ടു മണിക്കൂര്‍. ഈ മൂന്നു സ്ഥലങ്ങളും ഒരു ത്രികോണാകൃതിയില്‍ കിടക്കുന്നു. ഞാന്‍
ചോദിച്ചു
”ദാസേട്ടന് എന്നാണ് ഒര്‍ലാന്‍ഡോയിലേക്ക് വരുന്നത്?”
“അടുത്താഴ്ച വരും"
“അന്നേരം കൊണ്ടുവരാമോ"
“വേല കയ്യിലിരിക്കട്ടെ, ചെന്നയില്‍ നിന്നും ഇവിടെ വരെ എനിക്ക് കൊണ്ടുവരാമെന്കില് നിങ്ങള്‍ ഗെയിന്‍സ് വില്ലില്‍ വന്നു വാങ്ങണം!”
“ശരി, ഞങ്ങള്‍ ബുധനാഴ്ച വരാം"
സ്വന്തം കൂടപ്പിറപ്പുകള്‍ പോലും അങ്ങോട്ട് ആവശ്യപ്പെട്ടാലും ചെയ്യാത്ത മഹാകാര്യം ചെയ്തിട്ടാണ് ഒന്നും ചെയ്തിട്ടില്ലാത്ത മട്ടില്‍ തമാശിക്കുന്നതും കുട്ടികളെപ്പോലെ വാശി പിടിക്കുന്നതും. ദൈവമേ ആരാണീ
മനുഷ്യന്? എങ്ങിനെയാണ് ഇതൊക്കെ വിശ്വസിക്കുക? മഞ്ഞു പാളികള്‍ ഓരോന്നായി ഉരുകുകയായിരുന്നു,
പറഞ്ഞത് പോലെ ബുധനാഴ്ച വൈകുന്നരം ജോലി കഴിഞ്ഞു ഗെയിന്‍സ്വില്ലില്‍ ചെന്നു. കണ്ട കാഴ്ച
സ്തംഭിപ്പിക്കുന്നതായിരുന്നു.രണ്ടു വലിയ ജാറുകളില്‍ കോയമ്പത്തൂരിലെ ആര്യവൈദ്യശാലയില്‍ പ്രത്യേകം
പറഞ്ഞു തയ്യാറാക്കി റെഫ്രിജറേറ്റട് കൊറിയറില്‍ മദിരാശിയിലെ വിലാസത്തില്‍ അയച്ച ലേബലോട്
കൂടിയ, കൃഷ്ണതുളസിയുടെ സത്ത്! അത് മദിരാശിയില്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചു, മൂന്നോ നാലോ പ്ലെയിനിലും
റെഫ്രിജറേറ്റ് ചെയ്തു, ഗെയിന്സ്വില്ലിലെ അപ്പാര്‍ട്ട്മെന്റിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ചു വച്ചിരിക്കുന്നു. ആ ദിവസം
എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. യേശുദാസ് എന്ന അമാനുഷിക പ്രതിഭാസത്തെ അമ്പരപ്പോടെ അകലെ നിന്നു വീക്ഷിച്ച കാലവും, ഗന്ധര്‍വ സ്വരത്തിന് സഗീതം പകര്‍ന്ന കാലവും,
ആരാധനയോടെ പരിചയം പുതുക്കിയ കാലവും, സൌഹൃദത്തിന്റെ പരിമളം പടര്‍ത്തിയ കാലവുമൊക്ക
ഒന്നൊന്നായി കൊഴിഞ്ഞു വീണു.മലയാണ്മയുടെ മുലപ്പാല്‍ നുകരുന്ന കോടിക്കണക്കിനു ജനങ്ങള്‍
സ്നേഹപൂര്‍വ്വം ദാസേട്ടന് എന്ന് വിളിക്കുന്ന സാക്ഷാല്‍ ഗന്ധര്വന്, മാതാപിതാക്കള്‍ ജീവിച്ചിരിക്കെത്തന്നെ സഹോദരങ്ങള്‍ അന്ന്യരായിത്തീര്ന്ന എനിക്ക് സ്വന്തം ജ്യേഷ്ഠസഹോദരന് ആയി
മാറുകയായിരുന്നു.
രവി ശങ്കര്‍ (ഗായകന്)
തന്നെ സാര്‍, മാഷ് എന്നൊകെ വിളിക്കുന്നത് അദ്ദേഹം ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. ചിലര്‍ സ്നേഹത്തോടെ ‘രാധാകൃഷ്ണന്‘ എന്നു വിളിച്ചു. ‘രാധപ്പന്‘ എന്നോ മറ്റോ പഴയ നാട്ടുകാരും സുഹൃത്തുക്കളും വിളിച്ചിരുന്നു എന്നും കേട്ടിട്ടുണ്ട്. ബഹുഭൂരിഭാഗം പേര്‍ക്കും അദ്ദേഹം ‘രാധാകൃഷ്ണന് ചേട്ടന്‘ ആയിരുന്നു. വളരെക്കുറച്ചു പേര് മാത്രമേ ‘സാര്‍’ എന്നു വിളിച്ചിരുന്നുള്ളു. എന്നോടും പറഞ്ഞിരുന്നു നീ എന്നെ സാര്‍ എന്നൊന്നും വിളിക്കണ്ടാ എന്ന്. ഞാനും അദ്ദേഹത്തിന്റെ മകന് രാജകൃഷ്ണനും സമപ്രായക്കാരായതുകൊണ്ടും, എന്റെയുള്ളില്‍ അദ്ദേഹത്തോടുള്ള ആരാധനയും ആദരവും കൊണ്ടുമൊക്കെയോ എങ്ങിനെയോ, ‘അങ്കിള്‍’ എന്നു വിളിക്കാന്‍ മനസ്സു ശീലിച്ചു. എന്റെ അടുത്ത ബന്ധുവും, ചേട്ടനെപ്പോലെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ശ്രീ മഹാദേവന് തമ്പി രചിച്ച ഒരു ഗാനം റേഡിയോവില്‍ ലളിതസംഗീതപാഠത്തില്‍ പഠിപ്പിച്ചിരുന്നത് ശ്രദ്ധിച്ചപ്പോഴാണ്, എം ജി രാധാകൃഷ്ണന് എന്ന പേര് ആദ്യം മനസ്സില്‍ പതിഞ്ഞത്. അന്ന് ഞാന്‍ ഒരു എല്‍ പി സ്കൂള്‍ വിദ്യാര്‍ഥി. പിന്നെ മകനെ സ്കൂളില്‍ കൊണ്ടുവിടാന്‍ കാറില്‍ വന്നിറങ്ങുന്ന ആ സെലിബ്രിറ്റിയെ, വിദ്യാധിരാജാ സ്കൂളിനു മുന്പില് വച്ച് അച്ഛനും അമ്മയും എപ്പോഴൊക്കെയോ കാണിച്ചുതന്നു. ഒരുപക്ഷേ ഞാന്‍ ജീവിതത്തില്‍ ആദ്യമായി നേരില്‍ക്കാണുന്ന സെലിബ്രിറ്റി! പിന്നീട് പലപ്പോഴായി കണ്ടിരുന്നു എങ്കിലും ഒരു ചെറിയ പരിചയം എന്ന നിലയിലേക്കുപോലും ആ ബന്ധം വളര്‍ന്നിരുന്നില്ല. പക്ഷേ ദൈവനിശ്ചയം പോലെ ‘സാഫല്യം’ എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ സംഗീതസംവിധാനത്തില്‍ ‘പൊന്നോലപ്പന്തലില്‍’ എന്നുതുടങ്ങുന്ന ഗാനം പാടിയാണ് പിന്നണിഗാനരംഗത്ത് ഞാന്‍ എന്റെ ആദ്യചുവട് വയ്ക്കുന്നത്. ശ്രീ കിരീടം ഉണ്ണിയാണത് നിര്‍മ്മിച്ചത്. അവിടെ വേരുപിടിച്ച ബന്ധം, നാള്‍ക്കുനാള്‍ ശക്തിപ്രാപിച്ചു. ഒരുപാട് യാത്രകള്‍, റിക്കോര്‍ഡിങ്ങുകള്‍, അമ്പലങ്ങള്‍ അങ്ങനെ അങ്ങനെ ....... ചെറിയ കാര്യങ്ങള്‍ക്ക് പെട്ടന്ന് ദേഷ്യപ്പെടുകയും, വളരെ വലിയ കാര്യങ്ങള്‍ സരസമായിക്കണ്ട് ഒഴിയുകയും ചെയ്തിരുന്ന ആ വ്യക്തിത്വത്തിന്റെ റേഞ്ച് അല്ലെങ്കില്‍ വ്യാപ്തി എന്നെ വിസ്മയപ്പെടുത്തിയിരുന്നു.
എം ജി രാധാകൃഷ്ണന് എന്ന വലിയ വ്യക്തിത്വത്തിന്റെ ഒരു ഭാവം വ്യക്തമാക്കാനൊരു സന്ദര്‍ഭം ഞാന്‍ കുറിക്കുകയാണ്. തിരുവനന്തപുരത്തെ ഒരു വലിയ സ്റ്റുഡിയോയുടെ മട്ടുപ്പാവില്‍ നില്‍ക്കുകയായിരുന്നു അങ്കിള്‍. ഞാന്‍ കാണുമ്പോള്‍ വെറുതേ നീലാകാശത്തിലേക്ക് നോക്കി നില്ക്കുന്നു. വളരെ അസുലഭമായ ഒരു സന്ദര്ഭമായിത്തോന്നി എനിക്കത്. കാരണം എപ്പോഴും കാര്യങ്ങളും നര്‍മ്മങ്ങളും ഒക്കെ പറഞ്ഞ് വെറ്റിലയും മുറുക്കി ഒക്കെയേ എല്ലാവരും കണ്ടിട്ടുള്ളു അങ്കിളിനെ. പ്രത്യേകിച്ചും ഇങ്ങനെ ഒരു റെക്കോര്‍ഡിങ് സ്റ്റുഡിയോവില്‍ വച്ച്. ഞാന്‍ വെറുതേ അടുത്തു ചെന്ന് കാര്യം ചോദിച്ചു. ഒന്നുകില്‍ ഒരു കുസൃതി നിറഞ്ഞ ഉത്തരം അല്ലെങ്കില്‍ ഒരു ട്യൂണിന്റെ കാര്യം ഇതിലേതെങ്കിലുമാണ് ഞാന്‍ പ്രതീക്ഷിച്ചത്. പക്ഷേ അദ്ദേഹത്തിന്റെ ഉത്തരം ഇതായിരുന്നു, ‘എടാ ഇങ്ങനെ തെളിഞ്ഞ ആകാശത്തില്‍ മേഘങ്ങള്‍ പറന്നുപോകുന്നതുനോക്കി അഞ്ചുമിനിറ്റ് നിന്നാല്‍ മതി, മനസ്സിനു ഭാരം കുറയുന്നതായും, ചിന്തകള്‍ക്ക് ഗഹനത വരുന്നതായും നമുക്ക് നേരിട്ട് അനുഭവിച്ചറിയാം’ എന്ന്. പിന്നീട് പലപ്പോഴും മനസ്സിന്റെ സാന്നിദ്ധ്യം തിരിച്ചുപിടിക്കാനും ഒരുപക്ഷേ ഒരു ‘ഈസി മെഡിറ്റേഷന്‍’ ആയിപ്പോലും ഞാന്‍ ഇതു ഉപയോഗിക്കുന്നു.
ഒരുപാട്പേര് പറഞ്ഞിരുന്നത് അങ്കിളിന് ജോലിക്കിടയില്‍ പെട്ടന്നു ദേഷ്യം വരും, കണ്ണുപൊട്ടുന്നപോലെ വഴക്കുപറയും എന്നൊക്കെയാണ്. പക്ഷേ എനിക്ക് ഒരുതവണപോലും അങ്ങനെ ഒരനുഭവം ഉണ്ടായിട്ടില്ല. മനസ്സ് ഇപ്പോള്‍ പറയുന്നു അങ്കിളിന് എന്നെ ഇഷ്ടമായിരുന്നു എന്ന്. അദ്ദേഹത്തിന്റെ മകന് ഉള്‍പ്പടെ പലരും എന്നോട് ഇഥ് പറഞ്ഞിട്ടും ഉണ്ട്. അതുകൊണ്ടുതന്നെ എന്റെ സംഗീതയാത്രയില്‍ എന്നും എന്റെ ഗുരുനാഥന്റെ അനുഗ്രഹം എനിക്ക് ശക്തിയും ഊര്‍ജ്ജവുമായി ഉണ്ടാകും എന്ന് വിശ്വസിക്കുന്നു. ഒപ്പം ആ കാല്ക്കല് എന്റെ ശതകോടി നമസ്കാരവും അര്‍പ്പിക്കുന്നു.
O K Thyagarajan: Translation (Sreedevi PIllai)
എന്തൊരു തിരക്കാണ് മലയാളിക്കിന്ന്! മാദ്ധ്യമങ്ങള്‍ , രാഷ്ട്രീയം,
പ്രകടനങ്ങള്‍ , ഷോപ്പിങ് , ഇറക്കുമതി ചെയ്ത ആഡംബരക്കാറുകള്‍ , കൂറ്റന്‍
ബംഗ്ലാവുകള്‍ , പ്രതീക്ഷകള്‍ ....... അങ്ങനെയങ്ങനെ എന്തൊരു തിരക്കുകളാണ്
! എല്ലാ തെരുവോരങ്ങളിലും ആള്‍ക്കൂട്ടങ്ങളും ആള്‍ത്തിരക്കും തന്നെ.
സ്ത്രീകളുള്‍പ്പടെയുള്ള എത്രയോലക്ഷം ആളുകള്‍ അങ്ങനെ തിങ്ങിനിറഞ്ഞ
ജോലിസ്ഥലങ്ങള്‍ , ബസ്സുകള്‍ , തീവണ്ടികള്‍ , നിരത്തുകള്‍ , ഷോപ്പിങ്
സമുച്ചയങ്ങള്‍ തിരക്ക്... തിരക്ക് .... തിരക്ക് . ലോകത്തുള്ള മറ്റെല്ലാ
ആള്‍ക്കാരെയും പോലെതന്നെ മലയാളിക്കും നേരമില്ല, എന്നാലോ,
ഒരുപാടുയരങ്ങളില്‍ കയറിപ്പറ്റാനും ഒരുപാടൊരുപാട് കാര്യങ്ങള്‍ ചെയ്തു
തീര്‍ക്കാനും ഉള്ള തിരക്ക്.
ആള്‍ക്കൂട്ടങ്ങള്‍ എന്നുമെന്നും മാറിമറിഞ്ഞുകൊണ്ടിരുന്നു. പുതിയവ കൂട്ടം
കൂട്ടമായി എത്തിയപ്പോള്‍ പഴയവ ഏതോ യവനികയ്ക്കുള്ളിലേക്ക് മാഞ്ഞുമറഞ്ഞു
പോയി. അങ്ങനെ കേരളത്തിന്റെ സാമൂഹ്യ സാംസ്കാരിക വേദിയില്‍ നിന്ന്
മറഞ്ഞുപോയ ഒരാള്ക്കൂട്ടത്തിനെയാണ് ഈ അവസരത്തില്‍ ഓര്‍മ്മിക്കുന്നത്.
നമ്മുടെ നാട്ടിലെ ബി ക്ലാസ്, സി ക്ലാസ് സിനിമാക്കൊട്ടകകള്ക്ക് മുന്നില്‍
ഉല്‍ഭവിക്കുകയും ഒരു സംസ്കാരമായി മലയാളത്തിനുമുന്നില്‍
പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്ന ആ ഒരുകൂട്ടം ആള്ക്കാര്.
അവരെവിടെപ്പോയി, ഇത്രപെട്ടന്ന്? 1907 ല്‍ തൃശ്ശൂരില്‍, കേരളത്തിലെ
ആദ്യമലയാള സിനിമാട്ടാക്കീസിനു മുന്നില്‍ ആവിര്‍ഭവിച്ച്,
ഒരുനൂറ്റാണ്ടുകൊണ്ട് മലയാളക്കരയാകെ ‘ഓരോ തുള്ളിച്ചോരയില്‍ നിന്നും
ഉയര്‍ന്ന ഒരായിരം പേരെപ്പോലെ’ തന്റെ അസ്തിത്വം പ്രഖ്യാപിച്ച് വന്ന ആ
സമൂഹം ഇന്ന് നിശ്ചലമായിരിക്കുന്നു. ഏതോ ജന്മദൌത്യം തീര്‍ത്തു
മടങ്ങുന്നവരെപ്പോലെ മടങ്ങിപ്പോകാന്‍ അവര്‍ എടുത്തത് വെറും പത്തു
വര്‍ഷങ്ങളോ? തീര്‍ച്ചയായും! ഒരുനൂറ്റാണ്ടോളം നിറഞ്ഞാടിയ ആ സമൂഹം
മടങ്ങിപ്പോകാനും മറഞ്ഞുപോകാനുമെടുത്തത് വെറും പത്തില്‍ത്താഴെ വര്‍ഷങ്ങള്‍
മാത്രം.
ആ ആള്‍ക്കൂട്ടത്തിലൊരാള്‍ ഞാനായിരുന്നു. ഞങ്ങള്‍ ആ പഴയ, ഇടിഞ്ഞുപൊളിഞ്ഞ്
താഴെവീഴാറായ, ഓലമേഞ്ഞ ഷെഡ്ഡുകള്ക്കുള്ളിലെ പരുക്കന്‍ മരക്കസേരകളില്‍
എത്രയോ തവണ ഇരുന്നിരിക്കുന്നു! ഓരോ തവണയും ഓരോ പുതിയ അനുഭവത്തിനായി,
അല്ഭുതത്തിനായി കാത്തിരുന്നു. മുന്പില് നീട്ടിവലിച്ചുകെട്ടിയ
വെള്ളത്തുണിയില്‍ തെളിഞ്ഞത് ഒരു പുതിയ ലോകമായിരുന്നു, അനുഭൂതിയായിരുന്നു,
ഒരിക്കലും നഷ്ടബോധം തോന്നിയിട്ടില്ലാത്ത ഓര്‍മ്മക്കുറിപ്പുകളായിരുന്നു.
എണ്ണമില്ലാത്ത സിനിമകള്‍ കാണാനെടുത്ത എണ്ണമില്ലാത്ത മണിക്കൂറുകള്‍ !ആ
മണിക്കൂറുകള്‍ ഒരിക്കലും ഞങ്ങള്‍ക്ക് ഒരു നഷ്ടമായിരുന്നില്ല. ഒരു
സിനിമയും ഞങ്ങള്‍ക്കൊരു നഷ്ടബോധമോ കുറ്റബോധമോ നല്‍കിയില്ല, പകരം അവ
നല്‍കിയത് പിന്നീടേക്ക് കാത്തുവയ്ക്കാനായി വര്ണ്ണച്ചെപ്പുകളായിരുന്നു.
പുതിയ നടീനടന്മാര്, കഥകള്‍, പാട്ടുകള്‍, സംഭാഷണങ്ങള്‍..... അങ്ങനെ ഓരോ
സിനിമാക്കൊട്ടകയും ഒരു സ്വപ്നലോകം കാഴ്ചവച്ചു. ആ സ്വപ്നസഞ്ചാരം ഒരിക്കലും
തീരില്ലെന്ന് ഞങ്ങള്‍ വീണ്ടും വീണ്ടും സ്വപ്നം കണ്ടു.
കൊട്ടകകള്‍ക്കു മുന്നില്‍ ഈ ആള്‍ക്കൂട്ടങ്ങള്‍ രൂപം കൊള്ളുന്നത് എത്ര
കൌതുകകരമായ കാഴ്ചയായിരുന്നു! വളഞ്ഞു പുളഞ്ഞ്, ഗ്രാമങ്ങളില്‍നിന്നും,
നഗരപ്രാന്തങ്ങളില്നിന്നും, ഒരേ നദിയുടെ കൈവഴികള്‍ ഒരു സാഗരത്തില്‍
എത്തിച്ചേരുന്ന പോലെ, ആളുകള്‍ എത്തിക്കൊണ്ടിരുന്നു. അവരില്‍
അദ്ധ്യാപകരും, കല്ലുവെട്ടുകാരനുമുണ്ടായിരുന്നു, ബാങ്ക് ജോലിക്കാരനും
കര്ഷകത്തൊഴിലാളിയുമുണ്ടായിരുന്നു. അവര്തമ്മില് വര്‍ഗ്ഗഭേദമോ,
ജാതിഭേദമോ ഉണ്ടായിരുന്നില്ല. വളരെ ശാന്തരായി, സിനിമ തുടങ്ങുന്നതിന്
അരമണിക്കൂര്‍ മുന്‍പേ എത്തി അവര്‍ ടിക്കറ്റ് കൌണ്ടറിന്റെ
കൊച്ചുകിളിവാതിലിനു മുന്നില്‍ കാത്തുനിന്നു. ടിക്കറ്റുകള്‍ക്ക് പല
നിരക്കുകളായിരുന്നെങ്കിലും ആ വ്യത്യാസമൊന്നും അതു മേടിക്കുന്നവരുടെ
മാനസികാവസ്ഥയ്ക്ക് മാറ്റമൊന്നും വരുത്തിയിരുന്നില്ല. അകത്തു കടന്നാല്‍
വ്യത്യസ്ത ഇരിപ്പിടങ്ങളിലിരിക്കുന്നവരെല്ലാവരും കാണുവാന്‍ പോകുന്നത് ഒരേ
ലോകമാണെന്നുള്ള തിരിച്ചറിവ് ആ ജനക്കൂട്ടത്തിനുണ്ടായിരുന്നു.
അതുകൊണ്ടുതന്നെ ഇരിപ്പിടങ്ങളുടെ ആര്ഭാടങ്ങളിലുപരി വെള്ളിത്തിരയില്‍
തെളിഞ്ഞുയരാന് പോകുന്ന ജീവിതക്കാഴ്ചകളിലേക്കായിരുന്നു അവരുടെ മനസ്സുകള്‍
കേന്ദ്രീകരിച്ചിരുന്നത്. ദിനവുമുള്ള മൂന്നു ഷോകള്‍ക്കും
എത്തിച്ചേര്‍ന്നിരുന്ന ആ ആള്ക്കൂട്ടങ്ങള്ക്കെല്ലാം തന്നെ
അനുഭവേദ്യമായിരുന്നത് ഒരേ ജീവിതമായിരുന്നു, ഒരേ നിറമായിരുന്നു, ഒരേ
സുഗന്ധമായിരുന്നു. ടിക്കറ്റുകളുടെ വിലയില്‍ സ്വന്തം ജീവിതനിലവാരം
പ്രകടിപ്പിക്കാനായിരുന്നില്ല അവര്‍ എത്തിയിരുന്നത്. തനിക്കും,
കുടുംബത്തിനും, സുഹൃത്തുക്കള്‍ക്കുമൊപ്പം ഒരേ നിമിഷത്തിന്റെ സൌന്ദര്യം
പങ്കുവയ്ക്കുവാനായിരുന്നു.
ജീവിതനൌകയില്‍ നിന്നും നീലക്കുയിലില്‍ നിന്നും ഈ ജനക്കൂട്ടം
ചെമ്മീനിലെത്തിയപ്പോഴേക്കും വളര്‍ന്നു വലുതായി. ആളുകളുടെ എണ്ണത്തിലും,
കാഴ്ചപ്പാടുകളിലും ഈ വളര്‍ച്ച വളരെ പ്രകടമായിരുന്നു. ഓളവും തീരവും എന്ന
സിനിമ വലിയ ഒരു മാറ്റമാണ് പ്രേക്ഷകനിലുണ്ടാക്കിയത്. സ്വയംവരം,
നിര്‍മ്മാല്യം എന്നീ സിനിമകള്‍ കണ്ടിറങ്ങിയ ജനക്കൂട്ടം തങ്ങള്‍ക്കു
വന്നിരിക്കുന്ന മാറ്റം അഭിമാനത്തോടെ തിരിച്ചറിഞ്ഞു. ഒരു പുതിയ
കാഴ്ചപ്പാട്, സിനിമയെ നോക്കിക്കാണുന്ന രീതി, സിനിമ നിര്‍മ്മിക്കുന്ന
രീതി, ഇവയെല്ലാം അടിമുടി മാറിമറയുകയായിരുന്നു. 1970 ഓടെ ഈ മാറ്റം മലയാള
സിനിമാനിര്മ്മാതാക്കളിലും മലയാളി പ്രേക്ഷകരിലും വളരെ പ്രകടമായി.
നാടെങ്ങും രൂപംകൊണ്ട ഫിലിം സൊസൈറ്റികളിലൂടെ ലോകസിനിമ സാമാന്യ
ജനത്തിനരികിലെത്തി. നാടകരംഗത്തിന്റെ പിടിയില്‍ നിന്നും, അവയുടെ പരമ്പരാഗത
രീതികളില്‍ നിന്നും സിനിമയെ പുറത്തിറക്കാനും, സിനിമയ്ക്കായി ഒരു തനതു
ഭാഷ, ഒരു തനതു ശബ്ദം, ഒരു തനതു രീതി എന്നിവ രൂപപ്പെടുത്തിയെടുക്കാനും ഈ
ലോകക്ലാസ്സിക്കുകള്‍ പുതിയ സിനിമാപ്രവര്‍ത്തകര്‍ക്ക് പ്രചോദനം നല്കി.
ഒരു മാദ്ധ്യമെന്ന നിലയില്‍ സിനിമയ്ക്ക് ശക്തിയും വ്യക്തിത്വവും
കൈക്കൊണ്ടു. ഫ്രഞ്ച് - ഇറ്റാലിയന്‍ സിനിമകളുടെ ചുവടുപിടിച്ച്
മലയാളസിനിമയിലും ഒരു നവോത്ഥാനപ്രസ്ഥാനം രൂപപ്പെട്ടു. ഈ പ്രസ്ഥാനത്തിന്
ചുക്കാന്‍ പിടിച്ചത് പൂനയില്‍ പുതുതായി സ്ഥാപിതമായ ഫിലിം
ഇന്‍സ്റ്റിറ്റ്യൂട്ട് ആയിരുന്നു. ജനക്കൂട്ടം ഇതിനെല്ലാം സാക്ഷിയായി.
ഓലമേഞ്ഞ കൊട്ടകകളിലെ ഓട്ടവീണ വെള്ളത്തുണിയില്‍ വീണ വെളിച്ചം ലോകസിനിമയുടെ
വേദിയിലേക്ക് പ്രതിഫലിച്ചു.
സിനിമയ്ക്ക് പോവുക എന്നത് ഒരു പവിത്രമായ അനുഷ്ഠാനം പോലെയായിരുന്ന
കാലമായിരുന്നു അത്. പ്രദര്‍ശനവിജയം നേടിയ സിനിമകള്‍ കാണുവാന്‍ ഒരു ഗ്രാമം
മുഴുവനും കൊട്ടകയിലേക്ക് ഒഴുകിച്ചെന്നിരുന്ന കാലം.
അച്ഛനും,അമ്മയും,മക്കളും,സഹോദരീസഹോദരന്മാരും, സുഹൃത്തുക്കളുമെല്ലാം
ചേര്‍ന്നുള്ള ഒരു കൂട്ടായ്മ. ഒരേമനസ്സായി അവര്‍ സിനിമ കണ്ടു, ഒരേ
വികാരങ്ങള്‍ പങ്കുവച്ചു. ജാതിമതവര്ഗ്ഗഭേദങ്ങളൊന്നും കലുഷമാക്കാത്ത ഒരേ
അനുഭവം. ഒരേ ബസ്സില്‍ സഞ്ചരിച്ച്, ഒരേ മരക്കസേരകളില്‍ ഇടം പങ്കുവച്ച്
അവര്‍ സിനിമകണ്ടു. ഒരു സിനിമ പോലും നഷ്ടപ്പെടാനാകാത്ത ഒരു
മാനസികാവസ്ഥയായിരുന്നു അന്ന്. ഏതെങ്കിലുമൊരു സിനിമ കാണാതിരിക്കുക എന്നത്
ജീവിതത്തിലെ വലിയ നഷ്ടമായിത്തന്നെ കണക്കാക്കപ്പെട്ടു.
ശങ്കരാഭരണം,സാഗരസംഗമം തുടങ്ങിയവപോലെയുള്ള അന്യഭാഷാചിത്രങ്ങളും ഇടയ്ക്ക് ഈ
ജനക്കൂട്ടത്തെ തേടി വന്നു മനസ്സു കീഴടക്കിപ്പോയിരുന്നു.
എല്ലാം മാറിപ്പോയിരിക്കുന്നു. എന്തൊക്കെയോ മാറ്റങ്ങള്‍ ജനക്കൂട്ടത്തെ
തൊട്ട് കടന്നുപോയിരിക്കുന്നു. എന്താണെന്ന് ഏവര്‍ക്കുമറിയാം.
കാരണങ്ങളുമറിയാം. നമ്മുടെ സമൂഹത്തിലും മനസ്സുകളിലും ഈ മാറ്റങ്ങള്‍ ഇന്ന്
പ്രകടമാണ്. മാറ്റം ലോകപ്രകൃതമായതുകൊണ്ട് അതില്‍ കുറ്റം പറച്ചിലിനോ,
പരാതികള്‍ക്കോ ഇടവുമില്ല. പക്ഷേ മനസ്സിന്റെ കോണുകളിലെവിടെയോ ഒരു വേദന
അനുഭവപ്പെടുന്നു. ആ ജനക്കൂട്ടം, ആ ഒരുമ, ആ കൂട്ടായ്മ എവിടെപ്പോയി? ആ
സ്വപ്നാടകസംഘം ഒരു മരീചികപോലെ എവിടെയാണ് മറഞ്ഞുപോയത്? അവര്‍ ഒന്നായാണോ
അതോ കൂട്ടം തെറ്റിയാണോ മറഞ്ഞത്? സിനിമാക്കൊട്ടകകളില്‍ നിന്ന് ഇന്ന്
ചിത്രങ്ങള്‍ നമ്മുടെ സ്വീകരണമുറികളിലേക്കുതന്നെ എത്തിയിരിക്കുന്നു.
സൌകര്യങ്ങളുടെ അമിതപ്രഭാവത്തില്‍ കുഷനിട്ട സോഫയില്‍ , ശീതീകരിച്ച
സ്വീകരണമുറികളിലിരുന്നു കാണുന്ന സിനിമ മനസ്സില്‍ തൊട്ടുപോകുന്നുണ്ടോ?
അനുഭവങ്ങള്‍ നല്കുന്നുണ്ടോ? പഴയ സിനിമാക്കൊട്ടകകളുടെ സ്ഥാനത്ത്
ഉയര്ന്നുനില്ക്കുന്ന കല്യാണമണ്ഡപങ്ങളും, ഷോപ്പിങ് സമുച്ചയങ്ങളും
മറഞ്ഞുപോയ സ്വപ്നാടകരുടെ ശവപ്പറമ്പുകള്‍ പോലെ. ഇനിയൊരിക്കലെങ്കിലും അവര്‍
തിരിച്ചുവരുമോ? ഒരിക്കല്‍ക്കൂടി ഒന്നിച്ചിരിക്കാന്‍? ഒരു സിനിമകാണാന്‍?
ഞാന്‍ സ്വയം നഷ്ടപ്പെട്ടപോലെ.................................
Susie
I had a short conversation over the telephone with the Station Director of Akashavani Thiruvananthapuram, Mr K A Muraleedharan, today about MG Radhakrishnan .
The few questions I asked and the replies he gave follows:
1 ലളിതഗാന-ചലച്ചിത്രഗാന രംഗത്ത് വളരെയധികം സംഭാവനകള്‍ ചെയ്തിട്ടുള്ളയാളാണല്ലോ ശ്രീ രാധാകൃഷ്ണന്. ആകാശവാണിയില്‍ 35 -36 ഓളം വര്‍ഷങ്ങള്‍ ജോലി ചെയ്തയാളും...
അതെ...ഞാന്‍ കോഴിക്കോടായിരുന്നു ആദ്യം ...എണ്‍പതുകളിലും തൊണ്ണൂറുകളിലുമാണ് ഞാന്‍ തിരുവനന്തപുരം നിലയത്തില്‍ വന്നു അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്യുന്നത് . കോഴിക്കോട്ടു വെച്ചും മ്യൂസിക് സംബന്ധമായി പരിചയമുണ്ടായിരുന്നു.
2 ലളിതഗാനങ്ങള്‍ക്ക് സംഗീതം നല്കുകയല്ലാതെ അദ്ദേഹം നിലയത്തിന് മറ്റ് രീതിയില്‍ സംഭാവനകള്‍ നല്‍കിയിട്ടുണ്ടോ?
തീര്‍ച്ചയായും. അദ്ദേഹം നിലയത്തിലെ നാടകങ്ങള്‍ക്ക് ഗാനങ്ങളുടെ സംഗീത സംവിധാനം ചെയ്യാറുണ്ടായിരുന്നു. നാടകങ്ങള്‍ക്ക് പശ്ചാത്തലസംഗീതവും ചെയ്യുമായിരുന്നു. "മ്യൂസിക്കല്‍ ഫീച്ചറുകള്‍" ചെയ്യുമായിരുന്നു. പിന്നെ കര്‍ണാടക സംഗീത കച്ചേരികള്‍, അങ്ങനെ പലതും..
3 അദ്ദേഹത്തെക്കുറിച്ച് ഓര്‍മ്മയില്‍ തങ്ങി നില്ക്കുന്ന എന്തെങ്കിലും ?
ഒന്നുരണ്ടു കാര്യങ്ങള്‍ ...അദ്ദേഹം സിനിമയില്‍ സംഗീതം ചെയ്തിരുന്നെങ്കിലും ഒരിക്കലും ആകാശവാണിയുമായുള്ള ബന്ധം വിട്ടിരുന്നില്ല.
ലളിതഗാനങ്ങളില്‍ കവി എഴുതിയ വാക്കുകളുടെ പൂര്‍ണ്ണമായ അര്‍ഥവും ഉദ്ദേശിച്ച ഭാവങ്ങളും കൈവരുന്നത് വരെ, അദ്ദേഹം പരിശ്രമിക്കുമായിരുന്നു.
ആ കാര്യത്തില്‍ ഒരു perfectionist ആയിരുന്നു.
4 അദ്ദേഹത്തിന്റെ ശബ്ദത്തിലെയും സന്ഗീതത്തിലെയും പ്രസരിപ്പ് വളരെ പോസിറ്റീവ് ആയ ഒരു reaction ആണ് audience ഇല് ഉണ്ടാക്കുന്നത്. അദ്ദേഹത്തിന്റെ personality യെപ്പറ്റി രണ്ടുവാക്ക് പറയാമോ?
അദ്ദേഹം ഹരിപ്പാട്ടു ഓണാട്ടുകരയ്ക്കടുത്ത് നിന്നുള്ള ആളായിരുന്നു ... അവിടമൊക്കെ സംഗീതത്തില്‍ അറിവും പാണ്ഡിത്യവും ഒക്കെയുള്ളവരാണ് ...
പിന്നെ അദ്ദേഹത്തിന്റെ കച്ചേരികളില്‍ പല ഫലിതങ്ങളും പറയുമായിരുന്നു...അദ്ദേഹത്തിന്റെ ജീവിതം മുഴുവന്‍ ...നല്ല നര്‍മ്മബോധത്തോടെയാണ് അദ്ദേഹം ജീവിച്ചത്...
സംഗീതത്തിന്റെ എല്ലാ വിഭാഗങ്ങളിലും നല്ല ജ്ഞാനം ഉണ്ടായിരുന്നു...ശാസ്ത്രീയ സംഗീതം, നാടന്‍ പാട്ടുകള്‍, എന്നിവയിലൊക്കെ.
5 . അദ്ദേഹം ഉദ്ദേശം എത്ര ലളിതഗാനങ്ങള്‍ ചെയ്തു കാണും?
കുറഞ്ഞത് ഒരു അഞ്ഞൂറ് എങ്കിലും കാണും ...അതില്‍ കൂടുതലേ കാണൂ...
6 അതെല്ലാം തിരുവന്തപുരത്തെ ആകാശവാണി Archives ഇല് സൂക്ഷിചിട്ടുണ്ടാവുമല്ലോ...
തീര്‍ച്ചയായും...എല്ലാം സൂക്ഷിച്ചിട്ടുണ്ട്...ഒരു ലളിതഗാന CD ഇറക്കിയിട്ടുമുണ്ട്..
XXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXX
ഇന്ദു
ഒരു കാലഘട്ടത്തിലെ തലമുറയുടെ ജീവിതത്തിന്റെ ഭാഗം ആയിരുന്നു ആകാശവാണിയും അതിലെ മികവുറ്റ പല പരിപാടികളും... റേഡിയോ നാടകങ്ങള്‍, കണ്ടതും കേട്ടതും, ലളിത സംഗീത പാഠം, രഞ്ജിനി, ബാലലോകം, യുവവാണി, മഹിളാലയം, ചലച്ചിത്ര ശബ്ദരേഖ, തൊഴില്‍ മണ്ഡലം, കാര്‍ഷിക രംഗം... അങ്ങിനെ നീളുന്നു നിര...
പലരുടേയും മനസ്സില്‍ പുതുമ നഷ്ടപ്പെടാതെ ഇന്നും ആ റേഡിയോ കാലങ്ങള്‍ ഉണ്ടാവണം... ഒരു നല്ല കാലത്തിന്റെ സുഖമുള്ള ഓര്‍മ്മകളായ്... മധുര സ്മരണകളായ്...
അന്നത്തെ ഏറ്റവും ജനപ്രീതിയുള്ള ഒരു പ്രോഗ്രാം ആയിരുന്നു രാവിലെ പ്രക്ഷേപണം ചെയ്തിരുന്ന ലളിത സംഗീത പാഠങ്ങള്‍.
ആ പ്രോഗ്രാമിനായി കാത്തിരുന്ന്, വരികള്‍ എഴുതി പഠിച്ചിരുന്ന, ആരാവും വാദ്യവൃന്ദത്തോട് കൂടി പാടുക എന്നറിയാന്‍ ആകാംക്ഷയോടെ ഇരിക്കുമായിരുന്ന ഞാനുള്‍പ്പെടുന്ന ഒരു തലമുറ...
ഒരു കാലത്ത് സിനിമാഗാനങ്ങളെക്കാള്‍ പ്രിയംകരമായിരുന്നു അന്നത്തെ ആകാശവാണി ലളിതഗാനങ്ങള്‍...
ഈ ഗാനങ്ങള്‍ ഇത്രയും ജനകീയമാക്കുവാന്‍ ലളിതഗാനങ്ങളുടെ ചക്രവര്‍ത്തി എന്നു വിശേഷിപ്പിക്കാവുന്ന, എം. ജി രാധാകൃഷ്ണന് നല്കിയ പങ്ക് നിസ്സാരമല്ല... (കെ.പി.ഉദയഭാനുവിനെയും പെരുമ്പാവൂരിനെയും മറക്കുന്നില്ല)
ആകാശവാണി ലളിതഗാനം എന്ന് കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസ്സിലേയ്ക്ക് ആദ്യം ഓടിയെത്തുന്നത് എത് ഗാനമായിരിക്കും എന്നതില്‍ സംശയമില്ല, നമ്മുടെ ഗാനഗന്ധര്‍വ്വന്റെ ഗാംഭീര്യമുള്ള ശബ്ദത്തില്‍ അനശ്വരമായ “ഘനശ്യാമ സന്ധ്യാഹൃദയം...” തന്നെയാവും...
യേശുദാസിന് മാത്രം പാടുവാനല്ലേ എം.ജി രാധാകൃഷ്ണനും കാവാലവും ചേര്‍ന്ന് ഈ മനോഹരഗാനം ഒരുക്കിയതെന്ന് പലപ്പോഴും തോന്നാറുണ്ട്..
മറ്റേതൊരു ശബ്ദത്തില്‍ കേട്ടാലും ആ ഒരു ഭാവം, മാധുര്യം അനുഭവപ്പെടുന്നില്ല...
യേശുദാസ് എം.ജി.ആറിനു വേണ്ടി പാടിയ ഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍, അതു ചലച്ചിത്ര ഗാനങ്ങളാണെങ്കിലും ലളിതഗാനങ്ങളാണെങ്കിലും, അദ്ദേഹം യേശുദാസിനു വേണ്ടി മാത്രം ഒരുക്കിയ ഈണങ്ങളാണെന്ന് ശ്രോതാക്കളെ അനുഭവപ്പെടുത്തുന്നു ഓരോ ഗാനങ്ങളും... യേശുദാസിന്റെ ശബ്ദത്തിനും ഒരു പ്രത്യേക ഭാവം വരുന്നു ആ ഗാനങ്ങളില്‍... കൂട്ടുകാരന്റെ (കൂട്ടുകാരുടെ ? ) സ്നേഹം ഗാനങ്ങളിലൂടെ പകര്‍ന്ന് കൊടുക്കുന്നതാവാം...
യേശുദാസ്-എം.ജി.ആർ കൂട്ടുകെട്ടില്‍ പിറന്ന ലളിതഗാനങ്ങളും ചലച്ചിത്ര ഗാനങ്ങളും ഓര്‍ത്തുനോക്കൂ..
"രാധാമാധവ സങ്കല്പ്പത്തിന് രാഗവൃന്ദാവനമേ...
നിന്റെ യമുനാതീരത്ത് നിന്നും കൌമാരഗന്ധികള്‍ പൂത്തൂ .. "
എന്തൊരു വശ്യത ആണ് അനുഭവപ്പെടുത്തുന്നത് കേള്‍വിക്കാരില്‍...
ഒരു ചാനല്‍ പ്രോഗ്രാമില്‍ എം.ജി. ആര് തന്നെ പറയുകയുണ്ടായി... ആ ഗാനത്തിലെ 'ഒന്നറിയാന്‍ ഒന്ന് തൊടാന്‍..." & 'ഒന്ന് തൊടാന്‍ ഒന്നലിയാന്‍ ..' ദാസ് പാടിയാലേ ശരിയാവുകയുള്ളൂ എന്ന്...
ഒരു സംഗീത സംവിധായകന് ഗായകന് കൊടുക്കാവുന്ന ഏറ്റവും വലിയ അംഗീകാരം...
"പൂമുണ്ടും തോളത്തിട്ട് പൂക്കച്ച കെട്ടും കെട്ടി
പൂരക്കളി കാണാന്‍ വന്നു മാരന് പൂമാരന്
പുതു പുത്തന്‍ പൂമാരന്... "
ഒരു നാടന്‍ സ്പര്‍ശം കലര്‍ന്ന ഈ ഗാനത്തില്‍ കുസൃതി കലര്‍ന്ന സ്വരം യേശുദാസിന്...
"പ്രാണസഖി നിന് മടിയില്‍ മയങ്ങും വീണക്കമ്പിയില്‍
ഒരു ഗാനമായ് സങ്കല്‍പ്പത്തില്‍ വിരുന്നു വന്നു ഞാന്‍
സഖീ സഖീ വിരുന്നു വന്നു ഞാന്‍..."
പ്രാണസഖിയോടുള്ള പ്രണയം മുഴുവന്‍ ആ ശബ്ദത്തിലുണ്ട്, ഗാനത്തിലും...
മുക്കുറ്റി തിരുതാളി... (ആരവം), ഓര്‍മ്മകള്‍ ഓര്‍മ്മകള്‍...(രണ്ടു ജന്മം), ഓ മൃദുലേ...(ഞാന്‍ ഏകനാണ്), അനുരാഗസുധയാല്‍ ...(യൌവ്വനം ദാഹം), കുടയോളം ഭൂമി... (തകര), വനമാലി നിന് (അട്ടഹാസം), ഒരു ദലം മാത്രം... (ജാലകം), പനിനീര് പൂവിതളില്‍ (സര്‍വകലാശാല), ഒരു വാക്കില്‍ ഒരു നോക്കില്‍ (അയിത്തം), പഴം തമിഴ് പാട്ടിഴയും... (മണിച്ചിത്രത്താഴ്) -- ആ സൌഹൃദത്തിലെ ചില ഗാനങ്ങള്‍ മാത്രം...
പിന്നീട് ശബ്ദത്തിന് സ്വല്പം മാറ്റം വന്നതിനു ശേഷം, യേശുദാസ് പാടിയ മനോഹരഗാനങ്ങളില്‍ ചിലതും എം. ജി. ആറിന്റെ സംഗീതത്തിലുള്ളതാണ്... എന്തമ്മേ ചുണ്ടത്ത് മല്ലിക്കൊഴുന്ത്... (കുലം), തിര നുരയും... (അനന്തഭദ്രം), ഇനിയുമെന്‍ പാട്ടിലേക്കിറ്റിറ്റു വീഴുന്ന... (പകല്‍)
തിര നുരയും... എന്ന ഗാനം ആ വര്‍ഷത്തെ മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാന അവാര്‍ഡും നേടി...
കൂട്ടുകാരന് പാടിയ ഗാനത്തിന് തന്നെ അവാര്‍ഡ് കിട്ടിയതില്‍ അദ്ദേഹത്തിന് ഏറെ സന്തോഷമായിരുന്നു...
രണ്ടു പേര്‍ക്കും കൂടെ കിട്ടിയ അംഗീകാരമായി കരുതി അദ്ദേഹം...
മലയാളത്തിലെ മിക്ക ഗായകര്‍ക്കും അവരുടെ സംഗീത ജീവിതത്തിലെ ഏറ്റവും നല്ല ഗാനങ്ങള്‍ സമ്മാനിച്ചു എം. ജി ആര്.
കെ. എസ്. ചിത്ര, അരുന്ധതി, വേണുഗോപാല്‍ തുടങ്ങിയവരുടെ ചലച്ചിത്ര പിന്നണിഗാന രംഗത്തേക്കുള്ള ചുവടുവയ്പ്പിനും അദ്ദേഹം കാരണക്കാരനായി...
എസ്. ജാനകിയുടെ ഏറ്റവും മികച്ച രണ്ടു ഗാനങ്ങള്‍... മൌനമേ.. നിറയും മൌനമേ.. (തകര) & നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍...(ചാമരം) രാധാകൃഷ്ണ സംഗീതത്തില്‍ പിറന്നവയാണ്.. ജാനകിയമ്മയ്ക്ക് മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്കാരവും നേടിക്കൊടുത്തു ഈ രണ്ടു ഗാനങ്ങളും...
എം.ജി ആറിന്റെ സംഗീതത്തില്‍ ചിത്ര സ്വരം പകര്‍ന്ന ഏതാനും ചില ഗാനങ്ങള്‍--- രജനീ പറയൂ..(ഞാന്‍ ഏകനാണ്), ഉണ്ണി ഉറങ്ങാരിരാരോ..(ജാലകം), ഈണം തുയിലുണര്‍ത്തീണം..(നൊമ്പരത്തിപ്പൂവ്), അംഗോപാംഗം സ്വരമുഖരം..(ദേവാസുരം), വരുവാനില്ലാരും...(മണിച്ചിത്രത്താഴ്), ഞാറ്റുവേലക്കിളിയേ...(മിഥുനം), ചന്ദനശിലയില്‍...(കുലം), കാറ്റേ നീ വീശരുതിപ്പോള്‍... (കാറ്റു വന്നു വിളിച്ചപ്പോള്‍), മീനക്കോടിക്കാറ്റേ... (കണ്ണെഴുതി പൊട്ടും തൊട്ട്), ശിവമല്ലിക്കാവില്‍...(അനന്തഭദ്രം), പൊന്നാര്യന്‍ പാടം... (രക്തസാക്ഷികള്‍ സിന്ദാബാദ്)
ജ്യേഷ്ഠന്റെ ഏറ്റവും നല്ല ചില ഈണങ്ങള്‍ക്ക് സ്വരം പകരാനുള്ള ഭാഗ്യം എം.ജി ശ്രീകുമാറിനുണ്ടായി.
സൂര്യകിരീടം വീണുടഞ്ഞു...(ദേവാസുരം), അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ...(അദ്വൈതം), നിലാവിന്റെ നീലഭാസ്മക്കുറിയണിഞ്ഞവളേ...(അഗ്നിദേവന്), പൂമകള്‍ വാഴുന്ന കോവിലില്‍ നിന്നൊരു... (കാറ്റു വന്നു വിളിച്ചപ്പോള്‍) -- എം.ജി. ശ്രീകുമാറിന്റെ ഏറ്റവും നല്ല ഗാനങ്ങളില്‍ ചിലത്...
എത്ര പൂക്കാലം ഇനിയെത്ര മധുമാസം...(രാക്കുയിലിന്‍ രാഗസദസ്സില്‍)-- അരുന്ധതി എന്ന ഗായികയ്ക്ക് ഏറെ പ്രശസ്തി നേടിക്കൊടുത്ത ഗാനം... എം.ജി. ശ്രീകുമാറിന്റെ കൂടെ പാടിയ കിളിയേ കിളിയേ കിളിമകളേ... (ധീം തരികിടതോം) എന്ന ഗാനവും കേള്‍ക്കാനേറെ ഇമ്പമുള്ളത്...
ശാരദേന്ദു മയൂഖമാലകള്‍...(യേശുദാസ്), ജയദേവകവിയുടെ ഗീതികള്‍... (പി ജയചന്ദ്രന്), ശരറാന്തല്‍ വെളിച്ചത്തില്‍ (കമുകറ), ഓടക്കുഴല്‍ വിളി (സുജാത), മുത്തു കൊണ്ടെന്റെ മുറം നിറഞ്ഞു..( ലത രാജു), അഷ്ടപദീലയം...(പട്ടണക്കാട്), ഓടക്കുഴലേ... ഓടക്കുഴലേ... & രാധയെ കാണാത്ത മുകില്‍വര്‍ണ്ണനോ (കെ.എസ്. ബീന), മയങ്ങി പോയി (അരുന്ധതി), ബ്രഹ്മകമലദല യുഗങ്ങളിലുണരും... (കൃഷ്ണചന്ദ്രന്), ഹരിതവനത്തിന്റെ കുളിര്‍ഛായയില്‍ & രാമനില്ലാതൊരു കീർത്തനമോ...(വേണുഗോപാല്‍) തുടങ്ങിയവ ലളിത സംഗീതാസ്വാദകരുടെ മനസ്സില്‍ മങ്ങാതെ സൂക്ഷിക്കുന്ന ഗാനങ്ങളില്‍ ചിലതാണ്...
ആ സംഗീത സംവിധായകനെ അംഗീകരിക്കാന്‍ പലരും മടിച്ചു..
അദ്ദേഹത്തിന്റെ സംഗീതത്തെ കുറിച്ച് പല വിവാദങ്ങളുണ്ടായപ്പോഴും, ആരോടും പരാതിയും പരിഭവവുമില്ലാതെ തന്റെ സ്വന്തം സംഗീത വഴികളിലൂടെ നടന്നൂ ആ കലാകാരന്... ആ സംഗീതം ഇഷ്ടപ്പെടുന്നവര്‍ക്ക് അതേറെ പ്രിയംകരമാവുകയും ചെയ്യുന്നു... തികച്ചും വ്യത്യസ്തമായ സംഗീതം...
എം.ജി. രാധാകൃഷ്ണന്... ലളിതഗാനങ്ങളുടെ ചക്രവര്‍ത്തി അരങ്ങൊഴിഞ്ഞു എന്ന് വിശ്വസിക്കുവാന്‍ പ്രയാസം.
അദ്ദേഹം സംഗീതം നല്കിയ ലളിതഗാനങ്ങള്‍ ഒന്നും തന്നെ ലളിതങ്ങളായിരുന്നില്ല എന്നതാണ് വാസ്തവം. എന്തോ ഒരു മാസ്മരികത ഉണ്ടായിരുന്നു ആ ഗാനങ്ങളിലെല്ലാം...
ചില ഓര്‍മ്മച്ചിത്രങ്ങളിലൂടെ...
ഞങ്ങളുടെ കുടുംബവുമായി വളരെ അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നു അദ്ദേഹം... എന്റെ അച്ഛന്റെ അമ്മയെ അദ്ദേഹത്തിന്റെ അച്ഛന് സംഗീതം പഠിപ്പിച്ചിട്ടുണ്ട്.. അന്ന് മുതലുള്ള ബന്ധം... പിന്നീട് എന്റെ അച്ഛന് കുറച്ച് നാള് അദ്ദേഹം നടത്തിയിരുന്ന ലളിത സംഗീത ക്ലാസ്സുകളില്‍ പോകുമായിരുന്നു... എന്റെ കസിന് അദ്ദേഹത്തിന്റെയും ഓമനക്കുട്ടി ടീച്ചറുടെയും ശിഷ്യ ആണ്...
കുടുംബത്തിലെ മിക്ക കല്യാണങ്ങള്‍ക്കൊക്കെ കുടുംബസമേതം വരുമായിരുന്നു അദ്ദേഹം...
അപ്പോഴെല്ലാം കാണിക്കുന്ന രസകരങ്ങളായ കുറേ കൊച്ചു കൊച്ചു കാര്യങ്ങള്‍, തമാശകള്‍... എല്ലാം ആരാധനയോടെ കാണുമായിരുന്നു...
ആ പാട്ടുകളോടുള്ള ഇഷ്ടം കൊണ്ട്, എന്നും ആരാധനയായിരുന്നു ആ സംഗീതകാരനോട്...
പെട്ടെന്ന് വന്ന ഒരു വിദേശ യാത്ര കാരണം എന്റെ കല്യാണത്തിനു വരാന്‍ കഴിഞ്ഞില്ല അദ്ദേഹത്തിന്, എങ്കിലും മുന്‍കൂട്ടി തന്ന അനുഗ്രഹം കൂടെ ഉണ്ടെന്ന സന്തോഷം...
ഇപ്രാവശ്യം നാട്ടില്‍ ചെന്നപ്പോള്‍ അറിഞ്ഞിരുന്നു ഗുരുതരാവസ്ഥയില്‍ ആണെന്ന്...
അച്ഛനും അമ്മയും വീട്ടില്‍ ചെന്നപ്പോള്‍ ഗേറ്റ് അടഞ്ഞു കിടക്കുകയായിരുന്നു... എപ്പോഴും എല്ലാവര്‍ക്കുമായി തുറന്നു കിടക്കാറുള്ള, (അങ്ങനെ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു) 'മേടയില്‍' വീടിന്റെ ഗേറ്റ് അടഞ്ഞു കിടന്നൂന്നു കേട്ടപ്പോഴേ ഒരു വിഷമം തോന്നി...
ഇത്ര പെട്ടെന്ന് പോകേണ്ടിയിരുന്ന ആളല്ലാ അദ്ദേഹം...
പ്രണാമം...
ഹരികൃഷ്ണന്
കുറേ ദിവസമായി എവിടെ തുടങ്ങണം എന്നറിയാതെ കുഴങ്ങുകയായിരുന്നു - രാധാകൃഷ്ണൻ ചേട്ടനെപ്പറ്റി കുറേയധികം എഴുതാനുണ്ടായിട്ടോ, തീരെ കുറച്ചുമാത്രം ഉണ്ടായിട്ടോ അല്ല. ‘കുന്നിൽ തടഞ്ഞ പുഴ പോലെ’ അസ്വസ്ഥമായ ഒരു മാനസികാവസ്ഥ കൊണ്ടുമാണെന്നു തോന്നുന്നില്ല. കുസൃതി നിറഞ്ഞ കൌമാരങ്ങൾക്കോ, സ്വപ്നങ്ങൾ ഊയലാടുന്ന യൌവ്വനങ്ങൾക്കോ മാത്രം സ്വന്തമാക്കാൻ പറ്റുന്ന ഒരു തിളക്കം എന്നും കണ്ണുകളിൽ പേറിയിരുന്ന, സുന്ദരനായ ഒരു മനുഷ്യന്റെ മരണക്കുറിപ്പെഴുതാൻ വിരലുകൾ മടിക്കുന്നു. ഞാനും നിങ്ങളും അടങ്ങുന്ന രണ്ടു മൂന്നു തലമുറകൾക്കു മുമ്പിൽ ശബ്ദസൌന്ദര്യം കൊണ്ടും ആലാപനചാരുത കൊണ്ടും സംഗീതശാസ്ത്രജ്ഞാനം കൊണ്ടും നിറഞ്ഞു നിന്ന ഒരു ജ്വാല തണുത്തുറഞ്ഞ മരണത്തിനു മുമ്പിൽ കെട്ടടങ്ങി എന്നു സമ്മതിക്കാൻ മനസ്സു് ഇനിയും വിസമ്മതിക്കുന്നതു കൊണ്ടാവാം. തികച്ചും വ്യക്തിപരം എന്നു തോന്നാവുന്ന കാര്യങ്ങൾ വായിക്കുവാൻ ആ ർക്കെങ്കിലും താല്പര്യം ഉണ്ടാവുമോ, മുഷിപ്പിക്കാത്ത രീതിയിൽ എങ്ങനെ അതെഴുതാനാവും എന്നൊക്കെയുള്ള സംശയങ്ങൾ ബാക്കി നിൽക്കുന്നതുമാവാം.
ഏതായാലും ഈ കുറിപ്പു് ഒരു ഓർമ്മച്ചെപ്പു തുറക്കൽ മാത്രം. സ്വകീയം എന്നു മാത്രം പറയാവുന്ന ചില ഓർമ്മകൾ പങ്കുവെയ്ക്കുന്നു. ചില ഗാനങ്ങൾ പരാമൃഷ്ടമായേക്കാം എന്നതിനപ്പുറം അദ്ദേഹത്തിന്റെ പാട്ടുകളെക്കുറിച്ചുള്ള ഒരു പഠനമോ ഗവേഷണമോ അല്ല ഈ ലേഖനം. അതിനുള്ള തയ്യാറെടുപ്പുകൾ തീർച്ചയായും ഇതെഴുതുമ്പോൾ ചെയ്തിട്ടില്ല. പക്ഷെ ഇതൊരു രാധാകൃഷ്ണസ്തുതിഗീതമാക്കൽ അല്ല എന്റെ ഉദ്യമം. ശ്രുതിലയസൌന്ദര്യങ്ങൾ തഴുകിത്തലോടിയിരുന്ന, ഊഷ്മളമായ ഒരു ജീവിതം ഒരു ഭാഗത്തു നിൽക്കെത്തന്നെ, വിവാദഭരിതവും മാനുഷികദൌർബ്ബല്യങ്ങളുടെ നിഴലുകൾ വീണതുമായ കുറെ ഏടുകളും ആളുകൾക്കു പറയാനുണ്ടാവും. പക്ഷെ അതൊക്കെ മനുഷ്യസഹജമാണെന്നും ആത്യന്തികമായി കലാകാരന്മാരെല്ലാം പച്ചയായ മനുഷ്യർ മാത്രമാണെന്നും വിശ്വസിക്കാനാനെനിക്കിഷ്ടം. ആദ്യം അവരിൽ നക്ഷത്രതുല്യമായ അതിമാനുഷികത ചാർത്തിക്കൊടുത്തിട്ടു്, പിന്നെ ആ നക്ഷത്രങ്ങളിലെ കളങ്കങ്ങളെ ഒന്നൊന്നായി പെറുക്കിയെടുത്തു പിന്നാമ്പുറ വിചാരണ ചെയ്യുന്നതു് സമൂഹത്തിന്റെ ഒരു വിശ്രമവിനോദമാണു്. പലപ്പോഴും ഒട്ടൊക്കെ ക്രൂരമായിപ്പോകാറുണ്ടു് അത്തരം മൃഗയാവിനോദങ്ങൾ എന്നതും സത്യം. നമുക്കു് രണ്ടും ചെയ്യാതിരിക്കാം.
എഴുപതുകളുടെ ആദ്യപാദം - 72 ലോ 73 ലോ ആയിരിക്കണം, കോട്ടയം തിരുനക്കര ചിറപ്പിനാണു് രാധാകൃഷ്ണൻ ചേട്ടന്റെ കച്ചേരി ആദ്യമായി കേൾക്കുന്നതു്. അന്നു ഞാൻ സ്കൂൾ വിദ്യാർത്ഥി. കോട്ടയം പട്ടണത്തിൽ നിന്നു ഇരുപതോ ഇരുപത്തിയഞ്ചോ കിലോമീറ്റർ ദൂരെ നിന്നു വരുന്ന ഞങ്ങൾ കുട്ടികൾക്കു്, പട്ടണത്തിൽ വരുന്നതു തന്നെ പകുതി ഉത്സവമാണു് അന്നൊക്കെ. രാജ്മഹാൾ, സ്റ്റാർ, (പിന്നീടു് ആനന്ദ്) തീയേറ്ററുകളിൽ നിന്നെവിടെനിന്നെങ്കിലും പുതിയ ഒരു സിനിമ, ആര്യഭവനിൽ നിന്നു മസാലദോശ ഇതൊക്കെ ആ പട്ടണവിശേഷങ്ങളിൽ പെടും. ധാരാളം ബന്ധുക്കൾ കോട്ടയത്തുണ്ടെങ്കിലും എന്നും വരാൻ പറ്റില്ലല്ലോ - പക്ഷെ തിരുനക്കര ഉത്സവങ്ങൾക്കുറപ്പു്. രാത്രി ഉത്സവാഘോഷങ്ങൾ കഴിഞ്ഞു് ഒന്നുകിൽ ഓട്ടോറിക്ഷയിൽ (അന്നു പറഞ്ഞിരുന്നതു് “ലാംബ്രെട്ട പിടിക്കുക” എന്നയിരുന്നു - ചിലർക്കെങ്കിലും ഓർമ്മയുണ്ടാവും പഴയ വലിയ ലാംബ്രെട്ടാ) , അല്ലെങ്കിൽ വയസ്കരക്കുന്നിന്റെ മുകളിലൂടെ നടന്നു്, വല്ല്യമ്മാവന്റെ വീട്ടിലേക്കു പോവുന്നതും ഒക്കെ നല്ല ഓർമ്മ. വല്ല്യമ്മാവൻ എന്നാൽ മുത്തശ്ശിയുടെ ചേട്ടൻ. എഴുപതുകൾ ഒക്കെ ആയപ്പോഴേയ്ക്കും വല്ല്യമ്മാവന്റെ മക്കൾ, ചേട്ടന്മാർ, ഒക്കെ ജോലി ആയി ഇന്ത്യയിലെ പല സ്ഥലങ്ങളിൽ ആയിക്കഴിഞ്ഞിരുന്നു. ഉത്സവത്തിനു കൊണ്ടു പോകാൻ പിന്നെ ഒരു ചേച്ചി മാത്രം ബാക്കി. അതുകൊണ്ടു് രാത്രികാല ഗാനമേളകൾ, കച്ചേരികൾ ഇതൊക്കെ ഒരു ചോദ്യചിഹ്നം പോലെ ആയി മാറി.
എങ്കിലും രാധാകൃഷ്ണൻ ചേട്ടന്റെ കച്ചേരി എങ്ങനെ എങ്കിലും കാണണം എന്നായി - എനിക്കു മാത്രമല്ല, എല്ലാവർക്കും. മുത്തശ്ശി ഉൾപ്പെടെ. കാരണം, അപ്പോഴേയ്ക്കും തന്റെ പ്രിയപ്പെട്ട ബാല്യകാലസുഹൃത്തിന്റെ മകനാണു് എം. ജി. രാധാകൃഷ്ണൻ എന്നതു് മുത്തശ്ശി, വളരെ യദൃച്ഛയാ എങ്കിലും, അറിഞ്ഞിരുന്നു. കള്ളിച്ചെല്ലമ്മയും, ശരശയ്യയും അപ്പോഴേക്കും വന്നു കഴിഞ്ഞിരുന്നു എന്നതു മാത്രമല്ല, ലളിതസംഗീതപാഠത്തിലൂടെ തിരുവനന്തപുരം-ആലപ്പുഴ റേഡിയോ നിലയങ്ങളുടെ പരിധിയിൽ പെടുന്ന എല്ലാ വീടുകളിലേയും ചിരപരിചിതനായിക്കഴിഞ്ഞിരുന്നല്ലോ അതിനു മുമ്പു തന്നെ രാധാകൃഷ്ണൻ ചേട്ടൻ. രാവിലെ ഏഴേമുക്കാൽ മുതൽ എട്ടു വരെയോ എട്ടേകാൽ വരെയോ ഉള്ള ഈ പരിപാടി ഒരാഘോഷമായിരുന്നു, അല്ലെങ്കിൽ ഒരാഘോഷം ആക്കി മാറ്റിയിരുന്നു അദ്ദേഹം. ‘പല്ലവിയുടെ സാഹിത്യം എഴുതിയെടുത്തുകൊള്ളൂ” എന്ന തുടക്കം മുതൽ , ആ പരിപാടിയുടെ സഞ്ചാരക്രമങ്ങൾ ഇപ്പോഴും, ഒരു മൂന്നു ദശാബ്ദക്കാലം കഴിഞ്ഞും, മനസ്സിൽ നിന്നു മായാതെ നിൽക്കുന്നു. ഞാനാദ്യം എഴുതിയെടുത്തു പഠിച്ചതു് “ചഞ്ചൽ, ചടുല മിഴികളിൽ കണ്ടൂ, കുസുമശരപരാഗം വിധുമുഖീ” എന്ന ഒരു പാട്ടായിരുന്നു എന്നോർക്കുന്നു. ആരാണു രചന എന്നോർമ്മയില്ല - ഒരു പക്ഷെ ബിച്ചു തിരുമല ആയിരുന്നിരിക്കാം. പിന്നീടു വന്ന പ്രസിദ്ധവും അപ്രസിദ്ധവും ആയ എത്രയോ പാട്ടുകൾ. അതൊക്കെ എഴുതിവെച്ചിരുന്ന “പാട്ടുബുക്കു്” കൈയ്യിൽ നിന്നു നഷ്ടപ്പെടാതെ സൂക്ഷിക്കാൻ അന്നു തോന്നിയില്ല എന്നതു മാത്രം ഒരു ദുഃഖമായി അവശേഷിക്കുന്നു.
എസ്. രത്നാകരനും, പിന്നീടു് ആർ. സോമശേഖരനും, (പിന്നീടു മറ്റു പലരും) ഇതു നടത്തിയിരുന്നു എങ്കിലും “എംജീയാർ“ തന്നെയായിരുന്നു അന്നും ഇന്നും എന്നും ലളിതസംഗീതപാഠത്തിന്റെ താരം. സംഗീതസംവിധായകൻ ശരത്തിന്റെ ഒരു വി. കെ. എൻ. ശൈലി കടമെടുത്താൽ “ലളിതസംഗീതപാഠത്തിന്റെ പപ്പുപിള്ള”. ശരിയാണു് - അതൊരു വശ്യമായ താരശോഭ തന്നെ ആയിരുന്നു. പി. പദ്മരാജനും, വേണു നാഗവള്ളിയും ഒക്കെ ആകാശവാണിയിൽ നിന്നായിരുന്നെങ്കിലും, അദ്ദേഹത്തിനു നേടാൻ കഴിഞ്ഞ ആ ഒരു നക്ഷത്രപരിവേഷം സമാനതകൾക്കകലേ തന്നെ ആയിരുന്നു. ആ ശാരീരഭംഗി, ഹൃദയത്തിന്റെ ഉള്ളിൽ നിന്നു വരുന്ന മാതിരി, വയലിന്റെ ഈണം പോലെ ഹൃദയത്തെ തൊട്ടു തലോടിത്തഴുകിപ്പോവുന്ന ആ സ്വരം - കേരളം അതു വളരെ ഇഷ്ടപ്പെട്ടിരുന്നു. എന്നിട്ടും ഒരു പ്രഖ്യാത സിനിമാപിന്നണിഗായകൻ ആയി അദ്ദേഹം എന്തുകൊണ്ടു മാറിയില്ല? എന്തു കൊണ്ടു് അദ്ദേഹത്തിനെത്തേടി കൂടുതൽ അവസരങ്ങൾ വന്നില്ല? മദ്രാസിൽ സ്ഥിരതാമസം ആക്കാൻ കഴിയാഞ്ഞതാണോ - അദ്ദേഹത്തിനു് അതു പറ്റുമായിരുന്നില്ലല്ലോ - കാരണം? അതോ സംഗീതസംവിധായകൻ എന്ന തന്റെ താരപരിവേഷം, പ്രശസ്തി, അതിനു തടസ്സം ആയി വന്നോ? പലപ്പോഴും സംഭവിക്കാറുള്ളതു പോലെ ഒരു സംഗീതസംവിധായകനെ മറ്റു സംഗീതസംവിധായകർ പാടാൻ വിളിക്കാതിരുന്നതായിരിക്കുമോ?
****************************
മൂന്നര മണിക്കൂർ കച്ചേരി ഒരനുഭവം ആയിരുന്നു. നഗുമോമു ഗനലേനി തുടങ്ങി അനവദ്യസുന്ദരങ്ങളായ കീർത്തനങ്ങൾ ഒന്നൊന്നായി ഒഴുകി വരുന്നു. ശ്രീ മാവേലിക്കര കൃഷ്ണൻ കുട്ടി നായരുടെ മൃദംഗവും ഞാൻ അന്നാദ്യമായി കേ ൾക്കുകയാണു്. ആരും താളമിടാതെ ഇരുന്നില്ല - ഉത്സവപ്പരിപാടികളിൽ സാധാരണ കാണാറുള്ളതു പോലെ ഒരാളും ചായകുടിക്കാൻ പോലും എണീറ്റു പോയില്ല. കച്ചേരിയുടെ അവസാനം ‘ ചില ‘ലളിത’ സംഗീതപ്രയോഗങ്ങളും - ജയവിജയന്മാർ സംഗീതം ചെയ്ത “ഹിപ്പി ഹിപ്പീ ഹിപ്പീ” തുടങ്ങി ഒന്നു രണ്ടെണ്ണം. സത്യം - ജനക്കൂട്ടം വൺസ് മോർ വിളിക്കുന്ന ഒരു ശാസ്ത്രീയസംഗീതക്കച്ചേരി ഞാൻ അന്നു നടാടെ കാണുകയാണു്. ‘മദ്രാസ് സംഗീത അക്കാദമി’ ശീലിൽ പെട്ട യാഥാസ്ഥിതികർ ആരെങ്കിലും പുരികം ചുളിച്ചിരുന്നോ എന്നെനിക്കറിയില്ല, പക്ഷെ, ശാസ്ത്രീയസംഗീതപരിപാടികളെ ജനഹൃദയങ്ങളിലേക്കു് ഇത്രയും അടുപ്പിച്ച ഒരു സംഗീതവിദ്വാൻ വേറെ ഉണ്ടായിരുന്നോ അന്നു് എന്നെനിക്കു സംശയമാണു്. മഹാരഥന്മാരായ സംഗീതഗുരുകാരണവന്മാർ, അതുല്യപ്രതിഭാധനരായ മറ്റു വാഗ്ഗേയകാരന്മാർ - ഇവരോടൊന്നും ഗുരുനിന്ദ കാണിച്ചുകൊണ്ടോ അവരെ മറന്നുകൊണ്ടോ അല്ല ഞാൻ ഇതെഴുതുന്നതു്. ശാസ്ത്രീയസംഗീതരംഗത്തെ “സാംബശിവൻ” രാധാകൃഷ്ണൻ ചേട്ടനായിരുന്നു എന്നു ഞാൻ വിശ്വസിക്കുന്നു. സംഗീതസഭകളിൽ പാടുന്നതു പോലെയല്ല ഉത്സവങ്ങൾക്കു പാടുക എന്നറിയുക. അവിടെ ജനഹൃദയങ്ങളിലേക്കു് എത്തിപ്പെടാൻ പറ്റണം - എങ്കിലേ അവർ പരിപാടി വിജയിപ്പിക്കൂ. പിന്നീടു് വല്ലപ്പോഴും, കോട്ടയത്തും എറണാകുളത്തും തിരുവനന്തപുരത്തും ഒക്കെയായി രാധാകൃഷ്ണൻ ചേട്ടന്റെ സദിരുകളിൽ പങ്കെടുത്തപ്പോഴോക്കെ ഈ വിശ്വാസത്തെ ഒന്നടിവരയിടുകയേ ഞാൻ ചെയ്തിട്ടുള്ളൂ - അപവാദങ്ങൾ ഇല്ലായ്കയല്ല എന്നു പറഞ്ഞുകൊണ്ടു തന്നെ. മരണശേഷം പ്രത്യേകിച്ചു്, മാദ്ധ്യമങ്ങളിൽ അദ്ദേഹം “ലളിതസംഗീതചക്രവ ർത്തി” ആയി മാത്രം പ്രശംസിക്കപ്പെടുമ്പോഴൊക്കെ, ഞാനോർക്കാറുണ്ടു് - ഉത്സവവേദികളിൽ മുതൽ സംഗീതസഭകളിൽ വരെ കേരളത്തിനകത്തും പുറത്തും വർഷങ്ങളോളം സദസ്യരുടെ ‘ബലേ ഭേഷ്’ നേടി അദ്ദേഹം നടത്തിയ സദിരുകളെ എന്തേ എല്ലവരും മറന്നു പോവുന്നതു്?
******************************
അന്നു കച്ചേരി കഴിഞ്ഞു പിന്നണിയിൽ വെച്ചു കണ്ടു. പിന്നെ രണ്ടോ മൂന്നോ വർഷങ്ങൾക്കു ശേഷം തൈക്കാട് മേടയിൽ വീട്ടിലും മുത്തശ്ശിയോടൊപ്പം പോയി. ബാല്യകാലസുഹൃത്തിനെ കാണുക എന്നതായിരുന്നു മുത്തശ്ശിയുടെ ലക്ഷ്യം - ഞാൻ അകമ്പടി പോയെന്നു മാത്രം. രാധാകൃഷ്ണൻ ചേട്ടൻ ഒരു പരിപാടിക്കായി ഇറങ്ങാൻ നിൽക്കുന്നു. ഓമനക്കുട്ടി റ്റീച്ചർ വീട്ടിൽ ഉണ്ടായിരുന്നു എന്നോർക്കുന്നു. ഫോൺ ബന്ധങ്ങൾ ഒക്കെ അപൂർവ്വമായിരുന്ന അക്കാലത്തു് ഒരു സ്ഥിരം ബന്ധപ്പെടലിലേക്കെത്തിപ്പെടാൻ ആ സന്ദർശനം കൊണ്ടു കഴിയുമായിരുന്നില്ല എന്നതാണു സത്യം.
പിന്നീടു് കാണുന്നതു് സി. എം. എസ്. കോളേജിന്റെ ആർട്സ് ക്ലബ് ഉദ്ഘാടനത്തിനു് ക്ഷണിക്കാൻ ഞങ്ങൾ ഒന്നു രണ്ടു സുഹൃത്തുക്കൾ ചേർന്നു പോകുമ്പോഴാണു്. കാവാലം, നെടുമുടി വേണു, പിന്നെ രാധാകൃഷ്ണൻ ചേട്ടൻ - ഇവരായിരുന്നു ഉദ്ഘാടനസംഘം. വീട്ടിൽ പോയാണു ക്ഷണിച്ചതു്. മടി കാരണം പഴയ കഥ ഒന്നും പറഞ്ഞില്ല. അപ്പോഴേക്കും ‘തമ്പു്’ വന്നു കഴിഞ്ഞിരുന്നു. ആരവം ഇറങ്ങാൻ പോവുന്നു. വലിയ സിനിമാസംഗീതസംവിധായകൻ ഒക്കെ ആണല്ലോ, ഓർമ്മയില്ല എന്നോ മറ്റോ പറഞ്ഞാലോ. കൂട്ടുകാരുടെ മുമ്പിൽ മുഖം നഷ്ടപ്പെടില്ലേ? പറയാനുള്ള മടിയുടെ പ്രധാന കാരണം അതു തന്നെയായിരുന്നു.
1979 ലെ ചിങ്ങമാസക്കാലത്തെ ഒരു ശനിയാഴ്ച്ച രാവിലെ പത്തിനായിരുന്നു ആ ഉദ്ഘാടനച്ചടങ്ങു്. ഓഡിറ്റോറിയത്തിനുള്ളിൽ വെച്ചല്ല, പുറത്തു തുറസ്സായ മനോഹരമായ കാറ്റാടി,ചൂളമരങ്ങൾക്കു നടുവിലാണു വേദി. ചാമരം സിനിമ കണ്ടവർ ഓർക്കുന്നുണ്ടാവും സി.എം.എസ്. കാമ്പസ്. പച്ചപ്പു നിറഞ്ഞ വേദിയുടെ മുമ്പിൽ വർണ്ണശബളമായ വേഷങ്ങളിൽ, വിരിഞ്ഞു നിൽക്കുന്ന ഒരായിരം പൂക്കൾ പോലെ, “One thousand saw I at a glance, tossing their heads in sprightly dance" എന്ന Wordsworth കവിതാശകലം പോലെ, ഒരായിരം സുന്ദരിമാർ. പിന്നിൽ ആരവങ്ങളുമായി ബെൽബോട്ടങ്ങളിൽ ആൺകുട്ടികൾ. പാട്ടും ചുവടുവെയ്പ്പും, ചൊൽക്കാഴ്ച്ചയുമായി വേദി കയ്യടക്കി - അവർ മൂന്നു പേരും കൂടെ. ഒരൊന്നൊന്നര മണിക്കൂർ അരങ്ങു തകർത്താഘോഷിച്ചു. ‘മുക്കുറ്റി, തിരുതാളി‘യിലായിരുന്നു തുടക്കം. ഗാനസ്രഷ്ടാവും, സംഗീതസ്രഷ്ടാവും, അഭിനേതാവും കൂടി തുടക്കം മുതലേ തകർത്താടി. അതിഥികളും സദസ്യരും പരസ്പരം കയ്യിലെടുത്തു എന്നു തന്നെ പറയണം.
സിനിമാസംഗീതസംവിധായകൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ ഉയർച്ച തുടങ്ങുന്നതു് ഏകദേശം ആ സമയത്തു തന്നെ - ചെയ്ത പാട്ടുകളുടെ ജനസ്വീകാര്യതയും മേന്മയും വെച്ചു നോക്കിയാൽ ഇതു പോലെ അരങ്ങു തക ർത്താടേണ്ട ആളായിരുന്നു. അദ്ദേഹം. തകര വന്നു. മലയാളഗാനരംഗത്തെ എണ്ണം പറഞ്ഞ ഗാനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന “മൌനമേ“ വന്നു. അതിനു പുറകെ കുറേയേറെ നക്ഷത്രങ്ങൾ വന്നെത്തിയെങ്കിലും അദ്ദേഹത്തിന്റെ കഴിവിനു ചേരുന്ന ഒരുയർച്ച, ഒരു അംഗീകാരം, സിനിമാലോകം നൽകിയോ എന്നതു സംശയം തന്നെ. ചെയ്യാത്ത ഗാനത്തിനു് അവാർഡ് നൽകി അദ്ദേഹത്തെ അപമാനിച്ചു എന്നല്ലാതെ അർഹിക്കുന്ന ഔപചാരികാംഗീകാരങ്ങൾ ഒന്നും നൽകിയതുമില്ല. അതീവചാരുതയോടെ ചെയ്ത ആ ഗാനത്തിന്റെ ഹൃദയത്തിലേക്കു് ഒരു ചാട്ടുളി എറിയാനേ മലയാള സംഗീതരംഗത്തെ ആ കാരണവർക്കു പോലും പറ്റിയുള്ളൂ. “നിറഞ്ഞു വരുന്ന മൌനത്തിനു്“ ആരോഹണം എന്തു കൊണ്ടാണു് അഭികാമ്യമല്ലാത്തതു് എന്നദ്ദേഹത്തിനു വേണമെങ്കിൽ ദേവരാജൻ മാഷോടു തിരിച്ചു ചോദിക്കാമായിരുന്നു. മൌനമാണെങ്കിലും അതു കൊഴിയുന്ന മൌനമല്ലല്ലോ നിറയുന്ന മൌനമല്ലേ, നിറയൽ ആരോഹണപ്രക്രിയ അല്ലേ എന്നു വളരെ മെല്ലെയെങ്കിലും ഒന്നു ചോദിക്കേണ്ടിയിരുന്നു എന്നു ഞാൻ വിചാരിച്ചിട്ടുണ്ടു് പലപ്പോഴും.
ഈ സംശയങ്ങൾ, ഇത്തരം ചോദ്യങ്ങൾ ഇനിയുള്ള തലമുറയ്ക്കു് അപ്രസക്തമായേക്കാം. കാരണം സംഗീതത്തിന്റെ മനമറിഞ്ഞ ആ മഹാസംഗീതകാരന്റെ, ഗായകന്റെ, കുറച്ചു പാട്ടുകളല്ലേ അവർ കേട്ടിട്ടുണ്ടാവൂ. പക്ഷെ ആ ദീപശിഖയുടെ ജാജ്ജ്വല്യശോഭയറിഞ്ഞ, ആ സാഗരഗീതത്തിന്റെ പ്രൌഢഗാംഭീര്യമറിഞ്ഞ, ആ സുഗമ സംഗീതത്തിന്റെ ചിരമാധുര്യമറിഞ്ഞ, ഞാനും നിങ്ങളും അടങ്ങുന്ന തലമുറകൾക്കു് അതൊരു പ്രഹേളിക ആയിത്തന്നെയേ അവശേഷിക്കൂ...
******************************
ജൂലൈ രണ്ടിനു്, ടെലിവിഷനിലൂടെ, തണുത്തുറഞ്ഞ പേടകത്തിനുള്ളിൽ, ആ ശരീരം കാണുമ്പോൾ മനസ്സിലാകെ കുറ്റബോധമായിരുന്നു. എന്റെ കവിളിലും മനസ്സിലും വീണ കണ്ണുനീരു് നേരിട്ടല്ലെങ്കിലും എത്രയോ തവണ അദ്ദേഹത്തോടു മാപ്പു ചോദിച്ചു കഴിഞ്ഞിരിക്കുന്നു... “നുകരാത്ത തേനിന്റെ മധുരിമയും അത്രയ്ക്കപൂർവ്വമായ ചാരുതയും“ ഒട്ടേറെ സമ്മാനിച്ച ഗുണനിധേ മാപ്പു്..
എം ജി രാധാകൃഷ്ണന്റെ ഗാനങ്ങളുടെ വീഡിയോ തിരക്കി ഇറങ്ങിയപ്പോള്‍ മനസ്സിലായി കുറെയേറെ നല്ല ഗാനങ്ങള്‍ യു ട്യൂബില്‍ ഇല്ലാ എന്ന്. ചാമരത്തിലെ 'നാഥാ നീ വരും' പോലെ പലതും. ഇത്, വളരെ കുറച്ചു ഗാനരംഗങ്ങളിലൂടെ എം ജി ആറിന്റെ സംഗീതത്തിന്റെ ഏതാനും താളുകള്‍ മറിച്ച് നോക്കുകയാണെന്ന് മാത്രം കരുതുക. മാത്രമല്ല സിനിമാ ഗാനങ്ങളേക്കാള്‍ എവര്‍ഗ്രീന്‍ ഹിറ്റുകള്‍ ആയ അദ്ദേഹത്തിന്റെ അനേകം ലളിത ഗാനങ്ങളും, സിനിമാ ഗാനങ്ങളെ പോലെ ദ്രിശ്യങ്ങളോടൊപ്പം ലഭിക്കില്ല എന്ന കാരണം കൊണ്ട് ഒഴിവാക്കേണ്ടി വന്നു.
എങ്കിലും ഈ ഗാനം ഒഴിവാക്കാന്‍ തോന്നിയില്ല.
യേശുദാസിന്റെ ശബ്ദത്തില്‍ കേട്ടു പരിചയമുള്ള ഈ ഗാനം ഇതാ, സഹോദരന് എം ജി ശ്രീകുമാറിന്റെ ശബ്ദത്തില്‍.
ഘനശ്യാമ സന്ധ്യാഹൃദയം ------------------------------
-------------------------------------------------------------
എം ജി ആര് സംഗീതം നല്കിയ സിനിമാ ഗാനങ്ങളിലേക്ക് പോകും മുന്‍പ്, അദ്ദേഹം പാടിയ ഗാനങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ടത്. വയലാര്‍, ദേവരാജന്‍, പി സുശീല, കുഞ്ചാക്കോ, തോപ്പില്‍ ഭാസി, പ്രേം നസീര്‍, ഷീല തുടങ്ങിയ അതികായരൊപ്പം.
പല്ലനയാറിന് തീരത്ത്
നിങ്ങളെന്നെ കമ്മ്യൂണിസ്ടാക്കി
-------------------------------------------------------------------------------------------
ഭരതന്റെ എക്കാലത്തെയും മികച്ച ക്ലാസ്സിക്കുകളില്‍ ഒന്നായ ആരവം. മനോഹര ഗാനം, ചിത്രീകരണം, അഭിനയം. കാവാലത്തിന്റെ രചന. നെടുമുടി വേണുവിന്റെ പ്രാകൃതനായ മരുതിനു, യേശുദാസിന്റെ സുന്ദര ശബ്ദം വേണമായിരുന്നോ എന്ന സംശയം മാത്രം ബാക്കി...
മുക്കുറ്റി തിരുതാളിആരവം
------------------------------
-------------------------------------------------------------
മോഹന്‍ലാലിന്റെയും കൂട്ടരുടെയും ആദ്യ ചിത്രമെന്ന രീതിയില്‍ പേരുകേട്ട തിരനോട്ടത്തിലെ ഒരു ലളിതഗാനം. ഓ എന്‍ വി യുടെ രചന.
മണ്ണില്‍ വിണ്ണില്‍ തിരനോട്ടം
------------------------------
-------------------------------------------------------------
സാധാരണ സിനിമാഗാനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരു ഹരികഥ പ്രസംഗം. പദ്മരാജന്റെ ആദ്യ സംവിധാന ചിത്രത്തില്‍ നിന്നും.
ഹരികഥ
പെരുവഴിയമ്പലം
-------------------------------------------------------------------------------------------
ഭാരത പദ്മരാജന്മാരുടെ മറ്റൊരു ക്ലാസ്സിക്, എസ്. ജാനകിയുടെ നല്ല ഗാനങ്ങളില്‍ ഒന്ന്.
മൌനമേ നിറയും മൌനമേ തകര
------------------------------
-------------------------------------------------------------
മധു നിര്‍മ്മിച്ച്, പി ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ഹിറ്റ് ഗാനങ്ങള്‍. ചന്ദ്രകുമാര്‍ ശിഷ്യന് ആയിരുന്ന സത്യന് അന്തിക്കാടിന്റെ രചന.
ഓ മൃദുലേ
ഞാന്‍ ഏകനാണ്
ഓ മൃദുലേ (pathos)
ഞാന്‍ ഏകനാണ്
ചിത്രയുടെ ആദ്യ സോളോ ഗാനം
രജനി പറയൂ
ഞാന്‍ ഏകനാണ്
എം ജി ശ്രീകുമാര്‍ ട്രാക്ക് പാടിയ ഗാനം
പ്രണയ വസന്തം
ഞാന്‍ ഏകനാണ്
-------------------------------------------------------------------------------------------
യേശുദാസും, കെ എസ് ബീനയും പാടിയ മെലഡി
വനമാലി നിന് മാറില്‍
-------------------------------------------------------------------------------------------
എണ്‍പതുകളുടെ തുടക്കത്തില്‍ എം ജി ആര് ഏറ്റവും കൂടുതല്‍ തല്ലിപൊളി ഗാനങ്ങള്‍ ഒരുക്കിയത് പ്രിയദര്ശന് വേണ്ടി ആണെന്ന് പറയാം. ആ കാലത്ത് പ്രിയദര്ശന് ഗാനങ്ങളില്‍ ഉള്ള പിടിപ്പുകേട് ചിത്രീകരത്തില്‍ എന്ന പോലെ രചനയിലും, സംഗീതത്തിലും, ആലാപനത്തിലും, ഓര്കസ്ട്രെഷനിലും പ്രതിഫലിച്ചു.
എന്നാല്‍ ചില നല്ല ഗാനങ്ങള്‍ ഇവരില്‍ നിന്നുംആ കാലത്ത് ഉണ്ടായി. എം ജി ശ്രീകുമാറിന്റെ തുടക്ക കാലത്തെ ഒരു മെലഡി പ്രിയന്റെ ആദ്യ ചിത്രത്തില്‍ നിന്നും.
പനിനീര് മാനം
പൂച്ചയ്ക്കൊരു മൂക്കുത്തി
ശാസ്ത്രീയ സംഗീതം നിറഞ്ഞ ഒരു ചിത്രവും ഇവരില്‍ നിന്നും ഉണ്ടായി. അതിലെ ഒരു മെഗാ ഹിറ്റ് മെലഡി. അപൂര്‍വ്വമായ പ്രിയദര്ശന് - മമ്മൂട്ടി - യേശുദാസ് കോമ്പിനേഷന്‍, മമ്മൂട്ടി - സുഹാസിനി ജോടികള്‍, എം ജി ആറിന്റെ മെലോഡിയസ് ആയ ഈണം. എന്നാല്‍ ഭാര്യയെ വര്‍ണ്ണിക്കുന്ന രമേശന് നായരുടെ വരികള്‍ തന്നെ ആണ് ഈ ഗാനത്തെ ഇത്ര പോപ്പുലര്‍ ആക്കിയത്.
പൂമുഖ വാതില്ക്കല്രാക്കുയിലിന് രാഗസദസ്സില്‍
------------------------------
-------------------------------------------------------------
ഓ എന്‍ വി - എം ജി ആര് ടീമിന്റെ ഹിറ്റ് ഗാനം. പാട്ടിന്റെ മൂഡ് ഉള്‍ക്കൊണ്ട ചിത്രീകരണവും, ചേര്‍ച്ച ഉള്ള താര ജോടികളും ഗാനത്തെ മനോഹരമാക്കുന്നു.
ഒരു ദലം മാത്രം
ജാലകം
-------------------------------------------------------------------------------------------
നല്ല ഗാനം, വേണു നാഗവള്ളി നന്നായി ചിത്രീകരിച്ചിരിക്കുന്നു.
പനിനീര് പൂവിതളില്‍
സര്‍വകലാശാല
-------------------------------------------------------------------------------------------
- Hide quoted text -
ശങ്കരാഭരണം, വെസ്റ്റേണ്‍ നോട്ടില്‍ മനോഹരമായി ഒരുക്കിയിരിക്കുന്ന ഗാനം. നമ്മുടെ ഗായകരില്‍, ഇത്തരം ഗാനങ്ങള്‍ക്കു യേശുദാസിന്റെ ശബ്ദം മാത്രമേ ശരിയാകൂ എന്ന് തെളിയിക്കുന്ന ഗാനം.
ഏഴു സു സ്വരങ്ങളായ്അയിത്തം
------------------------------
-------------------------------------------------------------
ഒരു ഇടവേളയ്ക്കു ശേഷം എം ജി ആര് പ്രിയദര്ശന് വേണ്ടി ഒരുക്കിയ സൂപര്‍ ഹിറ്റ് ഗാനങ്ങള്‍
അമ്പലപ്പുഴെ
അദ്വൈതം
സംക്രമംഅദ്വൈതം
------------------------------
-------------------------------------------------------------
എം ജി ആര്, എം ജി ശ്രീകുമാറിന് കൊടുത്ത സമ്മാനം. സിറ്റ്വേഷനുമായി അത്രയേറെ ലയിച്ച ഗാനം. ഗിരീഷ് പുത്തഞ്ചേരിയുടെ മനോഹര വരികള്‍.
സൂര്യ കിരീടം
ദേവാസുരം
-------------------------------------------------------------------------------------------
മറ്റൊരു പ്രിയദര്ശന് ചിത്രത്തിലെ നല്ല ഗാനങ്ങള്‍
അല്ലിമലര്‍ കാവില്‍
മിഥുനം
ഞാറ്റുവേല കിളിയെ
മിഥുനം
-------------------------------------------------------------------------------------------
എം ജി ആര് ചെയ്ത ഗാനങ്ങളില്‍, മണിച്ചിത്രത്താഴോളം സിനിമയുമായി ഇഴകി ചേര്‍ന്ന ഗാനങ്ങള്‍ വേറെ ഇല്ല. ദുരൂഹതയും, ഭീതിയും ഒക്കെ ഉണര്‍ത്തുന്ന സംഗീതം.
ഒരു മുറൈ വന്ത് പാര്‍ത്തായാ
മണിച്ചിത്രത്താഴ്
പഴംതമിഴ്
മണിച്ചിത്രത്താഴ്
-------------------------------------------------------------------------------------------
ഹിന്ദി ഗാനത്തില്‍ നിന്നും കടം കൊണ്ട മറ്റൊരു ഈണം
പോരു നീ
കാശ്മീരം
എം ജി ശ്രീകുമാറിന്റെ മറ്റൊരു നല്ല ഗാനം ഇതേ ചിത്രത്തില്‍ നിന്നും
നോവുമിടനെഞ്ചില്‍
-------------------------------------------------------------------------------------------
ഗിരീഷും എം ജി എസ്സുമായി ചേര്‍ന്നു മറ്റൊരു മെലഡി
ഓലച്ചങ്ങാലി
കിന്നരിപുഴയോരം
-------------------------------------------------------------------------------------------
ഇതേ ടീം വീണ്ടും രണ്ടു മനോഹര ഗാനങ്ങളുമായി. ഈ കാലഘട്ടത്തില്‍ ഓര്ക്കസ്ട്രെഷനില് ചില പുതുമകള്‍ എം ജി ആറിന്റെ ഗാനങ്ങളില്‍ ശ്രവിക്കാം. പ്രത്യേകിച്ചും കാശ്മീരം, അഗ്നിദേവന്, തക്ഷശില തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങളില്‍.
നിലാവിന്റെ നീലഭസ്മ
അഗ്നിദേവന്
ഒരു പൂവിതളില്‍
അഗ്നിദേവന്
-------------------------------------------------------------------------------------------
രക്ത സാക്ഷികള്‍ സിന്ദാബാദിലെ രണ്ടു നല്ല ഗാനങ്ങള്‍
പൊന്നാര്യന്‍ പാടം
രക്ത സാക്ഷികള്‍ സിന്ദാബാദ്
അമ്പലപ്പുഴെ ഉണ്ണിക്കണ്ണന് ശേഷം ബ്രാഹ്മണ പശ്ചാത്തലത്തില്‍ ഒരു എം ജി ആര് ഗാന രംഗം.
വൈകാശി തെന്നലോ
രക്ത സാക്ഷികള്‍ സിന്ദാബാദ്
-------------------------------------------------------------------------------------------
ഒരു പോപ്പുലര്‍ നടന് മറ്റൊരാള്‍ക്ക് വേണ്ടി പാടുന്നു.
മലയാള സിനിമയിലെ ഒരു പരീക്ഷണം. നടന്റെ ഉച്ചാരണം, ശ്രോതാവിനു അതിലും വലിയ പരീക്ഷണം. എങ്കിലും കേള്‍ക്കാന്‍ രസമുണ്ട്.
കൈതപ്പൂവിന്
കണ്ണെഴുതി പൊട്ടും തൊട്ടു
-------------------------------------------------------------------------------------------
തമിഴ് ഗാനങ്ങളെ അനുസ്മരിപ്പിക്കുന്ന ഈ ഗാനം എം ജി ആറിന്റെ വ്യത്യസ്തത വ്യക്തമാക്കുന്നു.
ധാങ്കനക്ക
നരസിംഹം
-------------------------------------------------------------------------------------------
എം ജി ശ്രീകുമാറിന്റെ മറ്റൊരു നല്ല ഗാനം. ഈ ചിത്രം ഉള്‍പ്പെടെ ചില ചിത്രങ്ങളില്‍ അനുജന് ജേഷ്ടനെ സംഗീത സംവിധാനത്തില്‍ സഹായിചെന്ന്നു കെട്ടിട്ടുണ്ട്. സത്യമോ?
ശലഭം വഴി മാറുമാ
അച്ഛനെയാണെനിക്കിഷ്ട്ടം
-------------------------------------------------------------------------------------------
അഭിനന്ദനങ്ങള്‍ ഏറെ ഏറ്റു വാങ്ങിയ ഗാനം
കാറ്റേ നീ വീശരുതിപ്പോള്‍
കാറ്റ് വന്നു വിളിച്ചപ്പോള്‍
നരസിംഹത്തിനു ശേഷം വീണ്ടും മോഹന്‍ലാല്‍ - എം ജി ശ്രീകുമാറിന് വേണ്ടി ഒരു ചടുലമായ എം ജി ആര് ഗാനം
ചന്ദനമണി
പ്രജ
-------------------------------------------------------------------------------------------
വീണ്ടും സൂപര്‍ ഹിറ്റുകള്‍ നിറഞ്ഞ ഒരു ചിത്രം
രവി വര്‍മ്മ ചിത്രങ്ങളെ പുനരാവിഷ്ക്കരിക്കുന്ന സന്തോഷ് ശിവന്റെ ഗാനരംഗം.
പിണക്കമാണോ
അനന്തഭദ്രം
കാവാലം നാരായണപ്പണിക്കരെ പോലെ ഉള്ളവരുടെ അനേകം സഹകരിച്ചിട്ടുള്ള എം ജി ആറിന്റെ മറ്റൊരു ഫോക് - ഗിരീഷിനും, കലാഭവന്‍ മണിക്കും ഒപ്പം.
മലമലലൂയ
അനന്തഭദ്രം
-------------------------------------------------------------------------------------------
പക്ഷെ കുറെ ഏറെ ഗാനങ്ങള്‍ ഒരുമിച്ചു മനസ്സിലേക്ക് കൊണ്ട് വന്നപ്പോള്‍ മനസ്സിലായ ചില കാര്യങ്ങളുണ്ട്. ഒന്ന്, തീര്‍ച്ചയായും അദ്ദേഹത്തിന്റെ സംഗീതത്തിന്റെ വ്യത്യസ്തതയാണ്. ഫോക്കും, വിപ്ലവ ഗാനങ്ങളും, പൌരസ്ത്യ പാശ്ചാത്യ സംഗീതവും, ലളിതമായ മെലഡിയും, ഡപ്പാം കൂത്തും എല്ലാം വഴങ്ങുന്ന സിനിമാ സംഗീതജ്ഞന് ആയിരുന്നു അദ്ദേഹം. ഏകദേശം ഒരേ കാലത്ത് അദ്ദേഹത്തോടൊപ്പം വന്ന ജോണ്സന്, ശ്യാം, രവീന്ദ്രന് തുടങ്ങി പലരെയും പോലെ പാട്ടിന്റെ ഈണത്തില്‍ നിന്നും, പശ്ചാത്തല സംഗീതത്തില്‍ നിന്നും, ആലാപനത്തിന്റെ റെണ്ടറിങ്ങില് നിന്നും അദ്ദേഹത്തിന്റെ പാട്ടുകളാണ് എന്ന് മനസ്സിലാക്കാന്‍ കഴിയില്ല. ഇത് ഒരേ സമയം ഗുണവും, ദോഷവും ആയിരിക്കാം. ഭരതനും, പ്രിയദര്‍ശനും, ഫാസിലിനും, ഷാജി കൈലാസിനും ഒക്കെ അദ്ദേഹം അവര്‍ക്ക് ആവശ്യമുള്ള തരത്തിലുള്ള ഗാനങ്ങള്‍ നല്കി.
മറ്റൊരു കാര്യം, യേശുദാസിനെകാളും അദ്ദേഹത്തിന്റെ കൂടുതലും ഹിറ്റ് ഗാനങ്ങള്‍ ലഭിച്ചത് സഹോദരനായ എം ജി ശ്രീകുമാറിന് തന്നെയാണ്.
ഒന്നിനൊന്നു വ്യത്യസ്തമായ ഗാനങ്ങള്‍ മലയാളിക്ക് സമ്മാനിച്ച ശ്രി എം ജി രാധാകൃഷ്ണന് പ്രണാമം.
അവസാനമായി ഒരു ഗാനം അദ്ദേഹത്തിന്റെ ശബ്ദത്തില്‍ നിന്നും.
വന്ദേ മുകുന്ദ ഹരേ
ദേവാസുരം
മലയാളികളുടെ പ്രിയങ്കരനായ ഗായകനും സംഗീത സംവിധായകനായിരുന്നു ശ്രീ എം ജി രാധാകൃഷ്ണന്. അദ്ദേഹത്തിന്റെ ഊര്ജ്ജസ്വലത നിറഞ്ഞ, സ്വന്തം വ്യക്തിത്വം വിളിച്ചു പറയുന്ന ശബ്ദവും എന്റെ ശ്രദ്ധയില്‍ പെട്ടത് 1975 -1985 കാലഘട്ടത്തിലാണ്.
തിരുവനന്തപുരം കോവളം കടല്തീരത്തടിയുന്ന വിദേശ സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചു വരുന്ന സമയമായിരുന്നു എഴുപതുകളുടെ ആദ്യം. കിഴക്കേക്കോട്ട ബസ് സ്റ്റാന്‍ഡില്‍ മാത്രമല്ല തിരുവനന്തപുരം മുഴുവന്‍ കണ്ടിരുന്ന ഇവരുടെ പ്രകൃതിയെയും ആകാരത്തെയും സരസമായ രീതിയില്‍ അവതരിപ്പിച്ച ശ്രീ കെ ജി സേതുനാഥിന്റെ വരികള്‍ക്ക് ചേരുന്ന ശബ്ദവും സംഗീതവും നല്കി രാധാകൃഷ്ണന് ആലപിച്ചപ്പോള്‍ "കടലിന്നക്കരെ" എന്ന ഗാനം ഏറെ രസകരമായി. ആ ഗാനം ഇങ്ങനെ പോകുന്നു:
കടലിന്നക്കരെ കല്‍പ്പവൃക്ഷത്തിലെ
കടന്നല്ക്കൂടൊന്നു പൊട്ടീ
തകര്ന്നുജീവിതച്ചിപ്പീ
പറന്നൊരായിരം ഹിപ്പി
ഹിപ്പീ ഹിപ്പീ ഹിപ്പീ
പറന്നൊരായിരം ഹിപ്പി
സഞ്ചരിക്കുന്ന ചാരായക്കുപ്പീ
സഞ്ചിക്കുള്ളിലോ ചരസ്സുടപ്പി
നിനക്ക് ലോകം കഞ്ചാവ് ബീഡി
നിരത്തി വില്ക്കുമോരാഭണ വീഥി
ഹിപ്പീ ഹിപ്പീ ഹിപ്പീ
പറന്നൊരായിരം ഹിപ്പി
നേര്‍ത്ത ചെമ്പ് കമ്പി കൊണ്ടു
നെയ്തെടുത്ത തലമുടി
കവിളില്‍ രണ്ടു വീതുളി
കണ്ണിലുണ്ടു ചാണ്ടുളി
ഹിപ്പീ ഹിപ്പീ ഹിപ്പീ
പറന്നൊരായിരം ഹിപ്പി
മിഥ്യയാണ് ലോകമെന്നു നീയറിഞ്ഞു
മദ്യമാണ് സത്യമെന്ന് നീ പറഞ്ഞു
പഞ്ചറായ പാന്റുമിട്ട്
പാപ്പരായി നീയലഞ്ഞു
പഞ്ചഭൂതവും നിനക്ക് വഴിമാറുന്നു
ഹിപ്പീ ഹിപ്പീ ഹിപ്പീ
പറന്നൊരായിരം ഹിപ്പി...
അക്കാലത്തെ ഇമേജുകളില്‍ മായാത്ത ഒന്നായിരുന്നു അത്. അതിനു ശേഷമാണ് ആകാശവാണിയിലൂടെയുള്ള അദ്ദേഹത്തിന്റെ ലളിതഗാന പാഠങ്ങള്‍ ഒന്നൊഴിയാതെ ഞാന്‍ കേള്‍ക്കാന്‍ തുടങ്ങിയത്. വളരെ ലളിതമായും തന്മയത്വത്തോടുകൂടിയും ആയിരുന്നു അദ്ദേഹം ആ പാഠങ്ങള്‍ പഠിപ്പിച്ചിരുന്നത്. സംഗീതത്തിന്റെ ആദ്യാക്ഷരങ്ങള്‍ പോലും അറിയാതിരുന്ന എനിക്ക് പോലും പഠിക്കാന്‍ പറ്റുന്ന രീതിയില്‍ ആയിരുന്നു അവ അദ്ദേഹം അവതരിപ്പിച്ചത്. (എം ജി രാധാകൃഷ്ണന്റെ ലളിതഗാന പാഠങ്ങള്‍ ഉള്ള ദിവസം മാത്രം എന്തുകൊണ്ട് കോളേജിലേക്കുള്ള ബസ് ബ്രേക്ക് ഡൌണ്‍ ആകുന്നു എന്ന് എന്റെ ഭാഗ്യത്തിന് ആരും ചോദിച്ചില്ല!).....അത് കേട്ടിരുന്നു സമയം കടന്നു പോകുന്നത് അറിയുകയേ ഇല്ല ....
അക്കാലത്ത് തന്നെ ആകാശവാണിയിലൂടെ പുറത്തു വന്ന "നേരമില്ലാത്ത നേരത്ത്" എന്ന കെ ജി സേതുനാഥ് തന്നെ രചിച്ച ഗാനവും രാധാകൃഷ്ണന്റെ ശബ്ദവും സംഗീതവും രസകരമാക്കി. വളരെ തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ ശല്യപ്പെടുത്താന്‍ വരുന്ന കാറ്റിനോട് പരാതി പറയുന്ന ഗായകന്.
നേരമില്ലാത്ത നേരത്ത് വന്നൊരു
കാര്യം പറഞ്ഞ കാറ്റേ - ഇളം കാറ്റേ
നേരാണോ ഇത് നേരമ്പോക്കാണോ
നാണിപ്പിക്കാന്‍ വന്നതാണോ - എന്നെ
നാണിപ്പിക്കാന്‍ വന്നതാണോ.........
ഈ ഗാനം ഇപ്പോഴും എന്റെ മനസ്സില്‍ സന്തോഷവും മുഖത്ത് ചിരിയും കൊണ്ടുവരുന്ന ഒന്നാണ്. ഈ ഗാനങ്ങള്‍ ഇത്രയും ഹൃദ്യമാക്കാന്‍ അദ്ദേഹത്തിന്റെ ഇമ്പവും പ്രസരിപ്പും നിറഞ്ഞ ശബ്ദത്തിനേ കഴിയൂ എന്നെനിക്ക് തോന്നുന്നു.
ആകാശവാണിയിലെ മുപ്പത്താറോളം വര്‍ഷങ്ങള്‍ക്കിടയില്‍ അദ്ദേഹം സംഗീതം നല്കിയ അനേകമനേകം നല്ല ഗാനങ്ങള്‍ നമുക്ക് ലഭിച്ചു. ശാസ്ത്രീയ സംഗീതത്തില്‍ അഗാധമായ അറിവു മുതല്‍ക്കൂട്ടായി ഉണ്ടായിരുന്നു. എങ്കിലും സംഗീത വിദഗ്ധര്‍ക്ക് മാത്രമല്ല, സാധാരണക്കാര്‍ക്കും ആസ്വദിക്കാന്‍ പറ്റിയ ലളിതഗാനങ്ങളായി രചനകളെ മാറ്റിയെടുക്കാന്‍ രാധാകൃഷ്ണനുള്ള കഴിവ് അപാരമായിരുന്നു. അദ്ദേഹത്തിന്റെ പല ഗാനങ്ങളും കാലത്തെയും സിനിമ സംഗീതത്തെപ്പോലും അതിജീവിച്ചു ഇപ്പോഴും ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചിരിക്കുന്നത് അതുകൊണ്ടാണ് . "സപ്തസ്വരങ്ങളെ", "ബ്രഹ്മകമലദളം", ഘനശ്യാമസന്ധ്യാഹൃദയം" പോലെയുള്ള ഗാനങ്ങള്‍ .
"രാധാകൃഷ്ണന്" എന്ന് മാതാപിതാക്കള്‍ നല്കിയ പേരിനെ അന്വര്‍ത്ഥമാക്കും വിധം അദ്ദേഹം സംഗീതം നല്കിയ ഒരുപാട് പ്രണയഗാനങ്ങള്‍ "രാധാ-കൃഷ്ണ" പ്രണയത്തെപ്പറ്റിയായിരുന്നു എന്നത് ശ്രദ്ധേയമാണ്.
"നീലക്കടമ്പുകളെ നിങ്ങളും കണ്ടോ നീരദവര്ണ്ണനെ, കണ്ണനെ?"
"ഓടക്കുഴല്‍വിളി ഒഴുകിയൊഴുകി വരും"
"രാധാ-മാധവ സങ്കല്പ്പത്തിന്"
ഇവ കൂടാതെ "അഷ്ടപദി" എന്ന പേരില്‍ ഇറങ്ങിയ ആല്‍ബത്തിലുള്ള ഗാനങ്ങള്‍ എല്ലാം തന്നെ സൂപ്പര്‍ ഹിറ്റായവയാണ്.
"ജയദേവ കവിയുടെ ഗീതികള്‍ കേട്ടെന്റെ രാധേ ഉറക്കമായോ?"
"അഷ്ടപദീലയം തുള്ളിത്തുളുമ്പുന്ന"
"ഓടക്കുഴലേ ഓടക്കുഴലേ"
മയില്‍പ്പീലി മുടി ചൂടും"
ശ്രുതിമധുരങ്ങളും ഹൃദയാവര്ജ്ജകങ്ങളും ആയ ഈ ഗാനങ്ങളൊക്കെ ആര്‍ക്കാണ് മറക്കാന്‍ കഴിയുക?
എഴുപതുകളില്‍ പിന്നണി ഗായകനായി സിനിമയിലെത്തിയ രാധാകൃഷ്ണന്റെ "വ്യത്യസ്തമായ" ശബ്ദം അദ്ദേഹത്തിന് ഏറെ അവസരങ്ങള്‍ നേടികൊടുത്തില്ല. എന്നിരുന്നാലും, "അഭയ"ത്തിലെ "മാറ്റുവിന്‍ ചട്ടങ്ങളെ", "നിങ്ങളെന്നെ കമ്മ്യൂണിസ്ടാക്കി " യിലെ "പല്ലനയാറിന് തീരത്തില്‍ ", "ശരശയ്യ"യിലെ " ഉത്തിഷ്ഠത ജാഗ്രത" എന്നീ ഗാനങ്ങളിലെ ആഹ്വാനത്തിന്റെ ശംഖൊലിനാദം രാധാകൃഷ്ണന്റെ ദൃഡമായ ശബ്ദത്തില്‍ ജനങ്ങളുടെ കാതിലെത്തി. അദ്ദേഹം പാടിയ ചലച്ചിത്ര ഗാനങ്ങളില്‍ നല്ലൊരു ശതമാനം ഭക്തിഗാനങ്ങളായിരുന്നു.
പിന്നീട് ചലച്ചിത്ര സംഗീത സംവിധാനത്തില്‍ ശ്രദ്ധ പതിപ്പിച്ച അദ്ദേഹം മുന്നൂറില്‍പ്പരം ഗാനങ്ങള്‍ക്ക് സംഗീതം നല്കി. ഗ്രാമീണ (folk) രീതിയില്‍ ചിട്ടപ്പെടുത്തിയ അദ്ദേഹത്തിന്റെ "ആരവം", "കുമ്മാട്ടി", "തമ്പ്" എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ അന്നത്തെ ചലച്ചിത്ര ഗാന രംഗത്ത് ഒരു പുതുമഴയുടെ ഉണര്‍വുണ്ടാക്കി. "തകര" യിലെ നായിക അനുഭവിക്കുന്ന മനോവ്യഥയില്‍ അവളുടെ ഘനീഭവിച്ച ഏകാന്തതയെ കീറിമുറിച്ചു കൊണ്ടുയരുന്ന നിലവിളിയുടെ കൂര്‍ത്ത കണ്ണാടിച്ചീളുകള്‍ "മൌനമേ...നിറയും മൌനമേ..." എന്ന ഗാനത്തിലൂടെ നമ്മുടെ മനസ്സിലും മുറിവുകള്‍ ഉണ്ടാക്കി.
സിനിമാഗാനങ്ങളില്‍ മാത്രമല്ല, ലളിതഗാനങ്ങളില്ക്കൂടിയും ഗ്രാമീണതയുടെ ലാളിത്യവും, ശാലീനതയും സൌകുമാര്യവും ഊറ്റിപ്പകര്ത്താന് രാധാകൃഷ്ണനുള്ള കഴിവ് അനന്യം തന്നെയായിരുന്നു. ആകാശവാണിയിലൂടെ നമുക്കെല്ലാം പ്രിയപ്പെട്ട
"അന്നത്തോണീ പൂന്തോണീ"
"മുത്തുകൊണ്ടെന്റെ മുറം നിറഞ്ഞു"
"പൂമുണ്ടും തോളത്തിട്ട്"
"പൂക്കൈതയാറ് അവള് പൂക്കൈതയാറ്"
എന്നീ നിത്യഹരിത ലളിതഗാനങ്ങള്‍ അവയില്‍ ചിലത് മാത്രം. ഇവയില്‍ "പൂക്കൈതയാറ്" എന്ന ഗാനം എനിക്ക് പത്തു മുപ്പതു കൊല്ലം മുന്‍പ് കേട്ട ഒരോര്‍മ്മ മാത്രം ആയിരുന്നു. തിരഞ്ഞിട്ടെങ്ങും കിട്ടാഞ്ഞ ഈ ഗാനം എം ജി രാധാകൃഷ്ണന്റേതു തന്നെ എന്ന് ആകാശവാണിയില്‍ വിളിച്ചു സ്ഥിരീകരിച്ചു. ഒരുകാലത്ത് യുവജനോത്സവങ്ങളിലും മറ്റു വേദികളിലും ഒക്കെ മുടങ്ങാതെ കേട്ടിരുന്ന ഒരു ഗാനമാണ് ഇത്. അങ്ങനെ എത്രയെത്ര ഗാനങ്ങള്‍ !
സഹൃദയ മനസ്സുകളില്‍ എന്നെന്നും ജീവിക്കുന്ന ഈ മനോഹര ഗാനങ്ങള്‍ നമുക്ക് നല്കിയ എം ജി രാധാകൃഷ്ണനെ അര്‍ഹിക്കുന്ന ബഹുമതികള്‍ അധികാരികളില്‍ നിന്നും ലഭിച്ചില്ല എന്ന ചിന്ത വല്ലാതെ വിഷമിപ്പിച്ചിരുന്നു എന്ന് വായിച്ചു. അദ്ദേഹത്തിന്റെ സംഗീതത്തിനും ശബ്ദത്തിനും കേരളീയര്‍ ഹൃദയം നിറഞ്ഞു നല്കിയ സ്വീകരണവും അംഗീകാരവും അദ്ദേഹത്തിന് ഒരല്പമെങ്കിലും ആശ്വാസം നല്കി എന്ന് നമുക്കാശിക്കാം.
നിന്നെ ഞാന്‍ ഏറ്റേറ്റു പാടിയാലും
എന്നും ശ്രുതിപ്പിഴ കാണും
എന്‍ താളവും പിഴച്ചേക്കുമെന് ജീവിത-
സംഗീതവും നിലച്ചേക്കും ...
ശ്രുതി പിഴയ്ക്കാതെ, താളം പിഴയ്ക്കാതെ, ആ സംഗീതം നിലച്ചു.....
സപ്തസ്വരങ്ങളെ തൊട്ടിലിലാട്ടിയ ആ സംഗീത പ്രതിഭയ്ക്ക് മുന്നില്‍ എന്റെ ആദരാഞ്ജലികള്‍ ....
ആ ആത്മാവിനു നിത്യശാന്തി.....